
ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തൽ പ്രാബല്യത്തിൽ; ഇടക്കാല സമാധാന ഭരണസമിതിയുടെ ആദ്യയോഗം അടുത്തയാഴ്ച
|ഇടക്കാല ഭരണ സംവിധാനം, ഹമാസിന്റെ ആദ്യഘട്ട നിരായുധീകരണം, ഗസ്സ പുനർനിർമാണം എന്നിവയാകും രണ്ടാംഘട്ടത്തിൽ നടപ്പാക്കുക.
ഗസ്സ സിറ്റി: ഗസ്സയിൽ രണ്ടാംഘട്ട വെടിനിർത്തൽ കരാർ പ്രാബല്യത്തിൽ. രണ്ടാംഘട്ടം ഇന്നലെ മുതൽ പ്രാബല്യത്തിൽ വന്നതായി അമേരിക്ക അറിയിച്ചു. യുഎസ് പശ്ചിമേഷ്യൻ ദൂതൻ സ്റ്റീവ് വിറ്റ്കോഫാണ് പ്രഖ്യാപനം നടത്തിയത്. കരാർ നടപ്പാക്കാൻ ഹമാസ് സന്നദ്ധമാകുമെന്ന് പ്രതീക്ഷിക്കുന്നതായും വിറ്റ്കോഫ് പറഞ്ഞു. അവസാന ബന്ദിയുടെ മൃതദേഹം ഹമാസ് കൈമാറിയില്ലെങ്കിൽ ഗുരുതര പ്രത്യാഘാതം ഉണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
ഇടക്കാല ഭരണ സംവിധാനം, ഹമാസിന്റെ ആദ്യഘട്ട നിരായുധീകരണം, ഗസ്സ പുനർനിർമാണം എന്നിവയാകും രണ്ടാംഘട്ടത്തിൽ നടപ്പാക്കുക. ഇടക്കാല സമാധാന ഭരണസമിതിയുടെ ആദ്യയോഗം അടുത്ത ആഴ്ച യുഎസ് പ്രസിഡന്‍റ് ഡോണൾഡ് ട്രംപിന്റെ അധ്യക്ഷതയിൽ സ്വിറ്റ്സർലൻഡിലെ ദവോസിൽ ചേരും. നികോളായി മ്ലദനോവ് സമിതിയുടെ പ്രവർത്തനം ഏകോപിപ്പിക്കുമെന്ന് യുഎസ് മാധ്യമങ്ങൾ റിപ്പോർട്ട്ചെയ്തു. ഫലസ്തീൻ ടെക്നോക്രാറ്റുകൾ ഉൾപ്പെടുന്ന സമിതിക്ക് ഹമാസും ഇസ്രായേലും പിന്തുണ അറിയിച്ചതായാണ് വിവരം.
കെയ്റോയിൽ ചേർന്ന ഫലസ്തീൻ കൂട്ടായ്മകളുടെ യോഗം രണ്ടാംഘട്ട വെടിനിർത്തലിന് പിന്തുണ അർപ്പിച്ചു. ഹമാസ് ഉൾപ്പെടെയുള്ള സംഘടനകളാണ് യോഗം ചേർന്നത്. ഇസ്രായേൽ സൈന്യം പിന്മാറണമെന്നും ഗസ്സയിലേക്ക് വിലക്കുകൾ ഇല്ലാതെ സഹായം എത്തിക്കണമെന്നും ഫലസ്തീൻ കൂട്ടായ്മകൾ ആവശ്യപ്പെട്ടു. രണ്ടാംഘട്ട വെടിനിർത്തൽ യാഥാർഥ്യമാക്കാൻ ശ്രമിച്ച ഖത്തർ, ഈജിപ്ത്, തുർക്കി എന്നീ മധ്യസ്ഥ രാജ്യങ്ങൾക്ക് അമേരിക്ക നന്ദി അറിയിച്ചു.
രണ്ടാംഘട്ട വെടിനിർത്തലിനെ സ്വാഗതം ചെയ്ത ഇസ്രായേൽ, അവസാന ബന്ദിയുടെ മൃതദേഹം കൈമാറിയില്ലെങ്കിൽ തുടർ നടപടികളുമായി സഹകരിക്കില്ലെന്നും മുന്നറിയിപ്പ് നൽകി. അതേസമയം, വെടിനിർത്തലിന്റെ രണ്ടാംഘട്ടം പ്രാബല്യത്തിൽ വന്നെങ്കിലും റഫ അതിർത്തി തുറക്കുന്നതു സംബന്ധിച്ച് തീരുമാനം ആയില്ല.
ഒന്നാം ഘട്ട വെടിനിർത്തൽ കാലയളവിൽ കരാർ ലംഘിച്ച് ഗസ്സയിൽ ഇസ്രായേൽ നിരവധി തവണ ആക്രണം നടത്തിയിരുന്നു. 1200ലേറെ തവണയാണ് ഇസ്രായേൽ വെടിനിർത്തൽ കരാർ ലംഘിച്ചത്. 450ലേറെ പേരാണ് ഇക്കാലയളവിൽ മാത്രം കൊല്ലപ്പെട്ടത്. 1250ലേറെ പേർക്ക് പരിക്കേറ്റിരുന്നു. ഗസ്സയിൽ ഇതുവരെ 71500ലേറെ പേർ കൊല്ലപ്പെടുകയും 171,324 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.