< Back
World
യുഎസിൽ ട്രാൻസ്‌ജെൻഡർ റിക്രൂട്ട്‌മെൻ്റ് നിർത്തിവെച്ച് സൈന്യം; ലിംഗമാറ്റ ശസ്ത്രക്രിയയും വിലക്കി ഔദ്യോഗിക പ്രഖ്യാപനം
World

യുഎസിൽ ട്രാൻസ്‌ജെൻഡർ റിക്രൂട്ട്‌മെൻ്റ് നിർത്തിവെച്ച് സൈന്യം; ലിംഗമാറ്റ ശസ്ത്രക്രിയയും വിലക്കി ഔദ്യോഗിക പ്രഖ്യാപനം

Web Desk
|
15 Feb 2025 4:12 PM IST

യുഎസ് പ്രസിഡന്റായി ചുമതലയേറ്റത് മുതൽ ട്രാൻസ്ജെൻഡറുകളോട് ഡൊണാൾഡ് ട്രംപ് കർശനമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്

വാഷിംഗ്ടൺ: യുഎസില്‍ ട്രാൻസ്‌ജെൻഡർ വ്യക്തികളെ സൈന്യത്തിൽ പ്രവേശിപ്പിക്കേണ്ടതില്ലെന്ന ഉത്തരവ് നടപ്പിലാക്കി ട്രംപ് ഭരണകൂടം. ഇവരുടെ റിക്രൂട്ട്‌മെൻ്റ് നടപടികള്‍ നിർത്തിവച്ചതായി സൈന്യം അറിയിച്ചു.

ശനിയാഴ്ച(ഇന്ന്) എക്‌സിൽ പങ്കുവെച്ച കുറിപ്പിലാണ് സൈന്യം ഉത്തരവ് നടപ്പാക്കിയതായി അറിയിച്ചത്. ഇതോടൊപ്പം സൈന്യത്തിൽ നിലവിലുള്ള ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ ലിംഗമാറ്റ ശസ്ത്രക്രിയകൾ ഉൾപ്പെടെയുള്ള നടപടികളും നിർത്തിവച്ചു.

''അമേരിക്കന്‍ സൈന്യത്തില്‍ ഇനിമുതൽ ട്രാൻസ്‌ജെൻഡർ വ്യക്തികളെ പ്രവേശിപ്പിക്കില്ല. സൈന്യത്തിലുള്ള അംഗങ്ങളുടെ ലിംഗമാറ്റവുമായി ബന്ധപ്പെട്ട നടപടിക്രമങ്ങൾ നടത്തുകയോ സുഗമമാക്കുകയോ ചെയ്യുന്നത് നിർത്തും’’- എക്സില്‍ പങ്കുവെച്ച കുറിപ്പില്‍ സൈന്യം വ്യക്തമാക്കി.

യുഎസ് പ്രസിഡന്റായി ചുമതലയേറ്റത് മുതൽ ഡൊണാൾഡ് ട്രംപ് ട്രാൻസ്‌ജെൻഡറുകളോട് കർശനമായ നിലപാടുകളാണ് സ്വീകരിച്ചിട്ടുള്ളത്. ട്രാൻസ്ജെൻ‍ഡർ വ്യക്തിത്വം തിരിച്ചറിഞ്ഞ സൈനികർ തങ്ങളുടെ വ്യക്തിപരമായ ജീവിതത്തിൽ പോലും അച്ചടക്കവും സത്യസന്ധതയും പുലർത്തില്ലെന്നും സൈന്യത്തോടു കൂറ് പുലർത്തില്ലെന്നുമാണ് ട്രംപിന്റെ കാഴ്ചപ്പാട്. അവരുടെ സാന്നിധ്യം സൈന്യത്തിനു ഹാനികരമാണെന്നും ട്രംപ് പറഞ്ഞിരുന്നു.

2016ൽ ഒബാമയുടെ ഭരണ കാലത്ത് സൈന്യത്തിലെ ട്രാൻസ്ജെൻഡർ വിലക്ക് പിൻവലിച്ചിരുന്നു. എന്നാല്‍ വിലക്ക് തിരികെ കൊണ്ടുവരുമെന്ന നിലപാടാണ് ട്രംപ് സ്വീകരിച്ചുപോന്നിരുന്നത്. അധികാരമേറ്റ ആദ്യ ദിവസങ്ങളിലും ഇക്കാര്യം വ്യക്തമാക്കിയിരുന്നു. ‘ട്രാൻസ്ജെൻഡർ ഭ്രാന്ത്’ അവസാനിപ്പിക്കുമെന്നും ആണും പെണ്ണും എന്ന രണ്ടു ലിഗംങ്ങൾ മാത്രമേ യുഎസിൽ ഉണ്ടാകുകയുള്ളൂവെന്നുമായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

Similar Posts