< Back
World
ഇറാനിൽ 1700ൽ അധികം സ്ഥലങ്ങളിൽ മിന്നലാക്രമണം നടത്തി; അവകാശവാദവുമായി അമേരിക്ക
World

ഇറാനിൽ 1700ൽ അധികം സ്ഥലങ്ങളിൽ മിന്നലാക്രമണം നടത്തി; അവകാശവാദവുമായി അമേരിക്ക

Web Desk
|
4 March 2026 6:15 AM IST

അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ നീണ്ട യുദ്ധത്തിന് തയാറെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം

വാഷിങ്ടണ്‍: ഇറാനിൽ 1700ൽ അധികം സ്ഥലങ്ങളിൽ മിന്നലാക്രമണം നടത്തിയെന്ന് അമേരിക്ക. നാവിക കപ്പലുകളും അന്തർവാഹിനികളും മിസൈൽ കേന്ദ്രങ്ങളും ആക്രമിച്ചെന്ന് യുഎസ്.

അമേരിക്കയ്ക്കും ഇസ്രായേലിനുമെതിരെ നീണ്ട യുദ്ധത്തിന് തയാറെന്ന് ഇറാൻ പ്രതിരോധ മന്ത്രാലയം. ദുബൈയിൽ ഡ്രോൺ ആക്രമണം, അൽസീഫിലെ യു.എസ് കോൺസുലേറ്റിന് നേരെയുള്ള ആക്രമണത്തിൽ ആർക്കും പരിക്കില്ല.

അതേസമയം, ഇറാന്റെ പ്രതിരോധ സംവിധാനങ്ങൾ പൂർണമായും തകർത്തുവെന്ന അവകാശവാദവുമായി യുഎസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രം​ഗത്തെത്തി. സൈനികമായി ഇറാൻ ദുർബലമായി. മിസൈലുകൾ ലോഞ്ച് ചെയ്യുന്ന പാഡുകളുമാണ് ഇപ്പോഴത്തെ ഉന്നമെന്നും അദ്ദേഹം വ്യക്തമാക്കി. ജർമ്മൻ ചാൻസലർ ഫ്രീഡ്രിക്ക് മെർസിന്റെ സന്ദർശന വേളയിൽ വൈറ്റ് ഹൗസിൽ വെച്ച് നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇസ്രായേൽ സ്വന്തം നിലക്കല്ല, താനാണ് ഇറാനെതിരെ യുദ്ധം ചെയ്യാൻ അവരെ പ്രേരിപ്പിച്ചത്. സൗഹൃദ രാജ്യങ്ങളിലെ സിവിലിയൻ കേന്ദ്രങ്ങൾക്ക് നേരെ ഇറാന്‍ ഇപ്പോള്‍ ആക്രമണം നടത്തുകയാണ്. ഇനി ഇറാന് പുതിയൊരു നേതൃത്വം വേണം. റസ പഹ്‌ലവി കൊള്ളാം. എന്നാൽ ഇറാനിൽ നിന്നു തന്നെയുള്ള ആരെങ്കിലും രാജ്യത്തെ നയിക്കുന്നതാണ് നല്ലത്. പരിഗണിക്കാൻ പറ്റിയ ചിലർ തെഹ്റാനിലെ ആക്രമണത്തിൽ കൊല്ലപ്പെടുകയും ചെയ്തെന്നും അദ്ദേഹം പറഞ്ഞു.

'ഇറാനിലെ ചിലർ വൈകാതെ ആയുധം അടിയറ വെച്ചേക്കും. യുദ്ധാനന്തരം എണ്ണവില കുറയും. ഇറാന് ഇപ്പോള്‍ നാവികസേനയില്ല, അത് തകർക്കപ്പെട്ടു. അവർക്ക് വ്യോമസേനയില്ല, അതും തകർക്കപ്പെട്ടു. അവർക്ക് ആകാശനിരീക്ഷണ സംവിധാനങ്ങളില്ല. അതും തകർക്കപ്പെട്ടു'- ട്രംപ് വ്യക്തമാക്കി.

തെഹ്റാനിലെ വിവിധയിടങ്ങളിൽ യുഎസ്- ഇസ്രായേൽ സംയുക്ത ആക്രമണം തുടരുകയാണ്. പാർലമെന്റ് കെട്ടിടത്തിനടത്തും ആക്രമണമുണ്ടായി. ഇറാന്റെ ഔദ്യോഗിക വാർത്താ ഏജൻസിയായ ഇസ്‌ലാമിക് റിപ്പബ്ലിക് ഓഫ് ഇറാൻ ബ്രോഡ്കാസ്റ്റിങ് ആസ്ഥാനത്തും ആക്രമണം ഉണ്ടായി. യുഎസ്-ഇസ്രയേൽ ആക്രമണത്തിൽ കൊല്ലപ്പെട്ട 165 കുട്ടികൾക്ക് ഇറാനിൽ കൂട്ടസംസ്ക്കാരം നടന്നു. കൊല്ലപ്പെട്ട കുട്ടികൾക്കായി ഒരുക്കിയ ഖബറുകളുടെ ചിത്രം ഇറാൻ വിദേശകാര്യമന്ത്രി അബ്ബാസ് അരാഗ്ചി തന്നെ സമൂഹമാധ്യമത്തിൽ പങ്കുവച്ചു. ട്രംപ് വാഗ്ദാനം ചെയ്ത രക്ഷാപ്രവർത്തനം യാഥാർഥ്യത്തിൽ ഇങ്ങനെയാണെന്ന് എക്സിൽ അബ്ബാസ് അരാഗ്ചി കുറിച്ചു

Similar Posts