
ബിസിനസ്, ടൂറിസ്റ്റ് വിസകൾക്ക് 15,000 ഡോളർ വരെ ബോണ്ട് ഏർപ്പെടുത്താനൊരുങ്ങി യുഎസ്
|അമേരിക്കയുടെ പുതിയ നീക്കം വിസ അപേക്ഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുക
വാഷിംങ്ടൺ: അമേരിക്കൻ വിസയ്ക്ക് വേണ്ടി അപേക്ഷ സമർപ്പിക്കാൻ ഒരുങ്ങുന്നവർക്ക് വൻ തിരിച്ചടി. ബിസിനസ്, ടൂറിസ്റ്റ് വിസകൾക്കായി അപേക്ഷിക്കുന്ന വ്യക്തികള്‍ ഇനിമുതൽ ബോണ്ട് നൽകേണ്ടി വരും. 15,000 ഡോളർ വരെയാണ് അപേക്ഷകർ ബോണ്ട് നൽകേണ്ടത്.
യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് ഇതുമായി ബന്ധപ്പെട്ട നടപടികൾ ആരംഭിച്ചതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. അമേരിക്കയുടെ പുതിയ നീക്കം വിസ അപേക്ഷകർക്ക് വലിയ സാമ്പത്തിക ബാധ്യതയാണ് സൃഷ്ടിക്കുക. അനധികൃതമായി രാജ്യത്ത് തുടരുന്നവരെ നാടുകടത്തുന്നതുമായി ബന്ധപ്പെട്ട നടപടികൾ നേരത്തെ ഡോണൾഡ് ട്രംപ് സ്വീകരിച്ചിരുന്നു. ഇതിന്റെ തുടർച്ച എന്ന രീതിയിലാണ് വിസ അപേക്ഷകർക്ക് ബോണ്ട് ഏർപ്പെടുത്താനുള്ള നീക്കം സർക്കാർ നടത്തുന്നത്.
പദ്ധതി നടപ്പാക്കുന്നതിന് 15 ദിവസം മുമ്പ് ഇത് സംബന്ധിച്ച പട്ടിക പ്രസിദ്ധീകരിക്കുമെന്നാണ് റിപ്പോർട്ടുകൾ. വിസ കാലാവധി അവസാനിച്ചിട്ടും രാജ്യത്ത് തുടരുന്നവരുടെ കണക്കുകൾ അധികൃതർ പരിശോധിക്കും. അനധികൃതമായി രാജ്യത്ത് താമസിക്കുന്നവരിൽ കൂടുതൽ ഏത് രാജ്യത്ത് നിന്നുള്ളവരാണെന്ന് കണ്ടെത്തിയ ശേഷം ആ രാജ്യത്തിൽ നിന്നുള്ള അപേക്ഷകർക്കാകും ബോണ്ട് ഏർപ്പെടുത്തുക. എന്നാൽ ഏതൊക്കെ രാജ്യങ്ങളിൽ നിന്നുള്ള ആളുകൾക്കാണ് ബോണ്ട് ഏർപ്പെടുത്തുന്നത് എന്ന് അധികൃതർ വ്യക്തമാക്കിയിട്ടില്ല.
പദ്ധതി ഒരു വർഷത്തേക്ക് പരീക്ഷണാടിസ്ഥാനത്തിലാകും നടപ്പിലാക്കുക. 5,000, മുതൽ 15,000 ഡോളറുകൾ വരെ ബോണ്ടായി ആവശ്യപ്പെടാനുള്ള പ്രത്യേക അധികാരം കോൺസുലർ ഓഫിസർമാർക്ക് നൽകും. വിസയുടെ കാലാവധി അവസാനിക്കുന്നവർ നടപടി ക്രമങ്ങൾ പാലിച്ച് രാജ്യം വിടുമ്പോൾ ബോണ്ട് ആയി നൽകിയ പണം തിരികെ നൽകും. ഇനി വിസ നിയം ലംഘിച്ചാൽ പണം കണ്ടു കെട്ടുകെട്ടുകയും തുടർ നടപടികൾ സ്വീകരിക്കുകയും ചെയ്യും.
Respect the terms of your U.S. visa and your authorized period of stay in the United States. Remaining in the United States past your I-94 “Admit Until Date” can lead to severe consequences such as visa revocation, possible deportation, and ineligibility for future visas.… pic.twitter.com/71ovRwVGuG
— U.S. Embassy India (@USAndIndia) August 4, 2025