< Back
World
ഒമാൻ കടലിൽ അമേരിക്ക എണ്ണക്കപ്പൽ കൂട്ടിയിടിച്ചു കത്തി
World

ഒമാൻ കടലിൽ അമേരിക്ക എണ്ണക്കപ്പൽ കൂട്ടിയിടിച്ചു കത്തി

Web Desk
|
17 Jun 2025 1:09 PM IST

അമേരിക്കൻ കപ്പൽ ഫ്രണ്ട് ഈഗിളും ആന്റിഗ ആന്റ് ബർബുഡ ടാങ്കറായ അഡലിനും തമ്മിലാണ് ഖോർഫക്കാന് 22 നോട്ടിക്കൽ മൈൽ അകലെ കൂട്ടിമുട്ടിയത്.

മസ്‌കത്ത്: ഒമാൻ ഉൾക്കടലിൽ അമേരിക്കൻ എണ്ണക്കപ്പൽ മറ്റൊരു ടാങ്കറുമായി കൂട്ടിയിടിച്ച് വൻ അഗ്നിബാധ. യുഎഇയിലെ ഖോർഫക്കാന് 24 നോട്ടിക്കൽ മൈൽ അകലെയാണ് പ്രാദേശിക സമയം പുലർച്ചെ 1.40 ന് അപകടമുണ്ടായത്. അമേരിക്കൻ എണ്ണക്കപ്പലായ ഫ്രണ്ട് ഈഗിൾ, ആന്റിഗ ആന്റ് ബർഡുബയുടെ കൊടിയുള്ള അഡലിനുമായി കൂട്ടിയിടിക്കുകയായിരുന്നു.

അഡലിൻ കപ്പലിൽ നിന്ന് 24 നാവികരെ രക്ഷപ്പെടുത്തിയതായി യുഎഇ അധികൃതർ അറിയിച്ചു. അമേരിക്കൻ കപ്പലിലെ ജീവനക്കാരെ സംബന്ധിച്ചുള്ള വിവരങ്ങൾ ലഭ്യമായിട്ടില്ല.

ക്രൂഡ് ഓയിലുമായി ചൈനയിലെ സൗഷാൻ തുറമുഖത്തേക്ക് അതിവേഗതയിൽ സഞ്ചരിക്കുന്നതിനിടെയാണ് ഫ്രണ്ട് ഈഗിൾ അപകടത്തിൽ പെട്ടത് എന്നാണ് വിവരം. ഇറാഖിലെ ബസറ ഓയിൽ ടെർമിനലിൽ നിന്ന് പ്രാദേശിക സമയം ഇന്ന ഒമ്പതരയോടെ പുറപ്പെട്ട കപ്പൽ ഇന്നു പുലർച്ചെ 1.37 നാണ് അപകടത്തിൽ പെട്ടത്.

12.8 നോട്ട് വേഗത്തിൽ നേർദിശയിൽ തെക്കുഭാഗത്തേക്ക് സഞ്ചരിക്കുകയായിരുന്ന ഫ്രണ്ട് ഈഗിളിന്റെ വേഗത പെട്ടെന്ന് 0.6 നോട്ട് ആയി കുറയുകയും കപ്പൽ വെട്ടിത്തിരിയുകയും ചെയ്തു. ഖോർഫക്കാനിൽ നിന്ന് സൂയസ് കനാൽ ലക്ഷ്യമാക്കി നീങ്ങിയ അഡലിനിലെ നാവികർ തൊട്ടുമുന്നിലെത്തിയ ശേഷമാണ് ഭീമൻ ടാങ്കർ കണ്ടത്.

അമേരിക്കൻ കപ്പലിലെ എഞ്ചിൻ തകരാറോ നാവിഗേഷൻ ഉപകരണങ്ങൾ പ്രവർത്തനക്ഷമം അല്ലാതിരുന്നതോ ആണ് അപകടകാരണമെന്ന് വിദഗ്ധർ പറയുന്നു. കപ്പലുകളിൽ തീ പടരുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചു. ഇസ്രായിൽ - ഇറാൻ യുദ്ധത്തിന്റെ ഭാഗമായി കപ്പലുകൾ ആക്രമിക്കപ്പെട്ടതായിരിക്കാമെന്ന് സമൂഹമാധ്യമങ്ങളിൽ അഭ്യൂഹങ്ങൾ പ്രചരിച്ചിരുന്നു.

Similar Posts