< Back
World
US defence secretary threatens to hit Iran harder if oil blocked
World

'എണ്ണ തടഞ്ഞാല്‍ ഏറ്റവും കടുത്ത ആക്രമണം നേരിടേണ്ടി വരും'; ഇറാനോട് യുഎസ്

ശരത് ലാൽ തയ്യിൽ
|
10 March 2026 7:58 PM IST

യുദ്ധം എത്രകാലം നീളുമെന്ന് യുഎസ് പ്രസിഡൻ്റാണ് തീരുമാനിക്കുകയെന്ന് പ്രതിരോധ സെക്രട്ടറി

വാഷിങ്ടണ്‍ ഡിസി: ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള അസംസ്‌കൃത എണ്ണ വിതരണം തടഞ്ഞാല്‍ ഇറാന്‍ ഏറ്റവും കടുത്ത ആക്രമണം നേരിടേണ്ടിവരുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത്. യുദ്ധത്തില്‍ റഷ്യ ഇടപെടില്ലെന്ന് യുഎസ് പ്രസിന്റ് ഡോണള്‍ഡ് ട്രംപുമായി ഫോണില്‍ സംസാരിച്ചപ്പോള്‍ റഷ്യന്‍ പ്രസിഡന്റ് വ്‌ളാദിമിര്‍ പുടിന്‍ അറിയിച്ചതായും ഹെഗ്‌സെത്ത് പറഞ്ഞു.

'ഹോര്‍മുസ് കടലിടുക്കിലൂടെയുള്ള എണ്ണ വിതരണത്തെ തടസപ്പെടുത്താനുള്ള ഇറാന്റെ ഏതൊരു നീക്കത്തിനും കടുത്ത പ്രത്യാക്രമണം നേരിടേണ്ടിവരും. യുദ്ധം എത്രകാലം നീളുമെന്ന് ആത്യന്തികമായി തീരുമാനിക്കുക യുഎസ് പ്രസിഡന്റാണ്' -പീറ്റ് ഹെഗ്‌സെത്ത് പറഞ്ഞു. ഇറാനെ പൂര്‍ണമായും പരാജയപ്പെടുത്തുന്നത് വരെ സൈനിക നടപടികളില്‍ നിന്ന് പിന്നോട്ടില്ലെന്ന ട്രംപിന്റെ പ്രസ്താവനക്ക് പിന്നാലെയാണ് പ്രതിരോധ സെക്രട്ടറിയുടെ വാക്കുകള്‍.

ഇറാന്റെ ഭാഗത്തുനിന്നുള്ള ആക്രമണങ്ങളില്‍ ദിവസം കഴിയുന്തോറും വലിയ കുറവുണ്ടാകുന്നുവെന്ന് യുഎസ് ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ജനറല്‍ ഡാന്‍ കെയിന്‍ അവകാശപ്പെട്ടു. യുദ്ധത്തിന്റെ 10 ദിവസങ്ങള്‍ക്കുള്ളില്‍ ഇറാന്റെ 50 കപ്പലുകള്‍ ഞങ്ങള്‍ മുക്കിക്കഴിഞ്ഞു. ഇറാന്‍ തിരിച്ചടിക്കുന്നുണ്ട്. എന്നാല്‍, ഞങ്ങള്‍ കരുതിയതിനേക്കാള്‍ ഒട്ടും അപ്പുറമല്ല -അദ്ദേഹം പറഞ്ഞു.

ട്രംപിന്റെ വാക്കുകള്‍ക്ക് മറുപടിയായി, യുദ്ധത്തിന്റെ ദൈര്‍ഘ്യം നിശ്ചയിക്കുന്നത് അമേരിക്കയല്ലെന്നും, മറിച്ച് തങ്ങളാണെന്നും ഇറാന്റെ ഇസ്‌ലാമിക് റെവല്യൂഷണറി ഗാര്‍ഡ് കോര്‍പ്‌സ് പറഞ്ഞിരുന്നു. മേഖലയുടെ ഭാവി ഇപ്പോള്‍ ഇറാന്‍ സേനയുടെ കൈകളിലാണെന്നും ഐആര്‍ജിസി പറഞ്ഞിരുന്നു.

അതിനിടെ, പശ്ചിമേഷ്യയിലെ സംഘര്‍ഷങ്ങള്‍ ലഘൂകരിക്കുന്നതിന് ആവശ്യമായ എന്ത് സഹായത്തിനും തയ്യാറാണെന്ന് റഷ്യ വ്യക്തമാക്കിയിരിക്കുകയാണ്. സാധ്യമായ എല്ലാ സഹകരണവും നല്‍കുമെന്നും ട്രംപിനോട് ചില നിര്‍ദേശങ്ങള്‍ വെച്ചെന്നും എന്നാല്‍ അവ വെളിപ്പെടുത്താന്‍ പറ്റില്ലെന്നും റഷ്യ വ്യക്തമാക്കി. ഇന്നലെ ട്രംപുമായി പുടിന്‍ ഫോണില്‍ സംസാരിച്ചിരുന്നു. ഇതിലാണ് നിര്‍ദേശങ്ങള്‍ വെച്ചത്.

Similar Posts