< Back
World
US denies visas to Palestinian leaders for UN General Assembly
World

യുഎൻ പൊതുസഭയിൽ പങ്കെടുക്കുന്ന ഫലസ്തീൻ നേതാക്കൾക്ക് വിസ നിഷേധിച്ച് യുഎസ്

Web Desk
|
29 Aug 2025 10:24 PM IST

ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടക്കമുള്ള ഫലസ്തീൻ അതോറിറ്റി, പിഎൽഒ നേതാക്കൾക്കാണ് വിസ നിഷേധിച്ചത്

വാഷിങ്ടൺ: യുഎൻ പൊതുസഭയിൽ പങ്കെടുക്കുന്ന ഫലസ്തീൻ നേതാക്കൾക്ക് യുഎസ് വിഷ നിഷേധിച്ചു. സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രത്തെ അംഗീകരിക്കുകയും തീവ്രവാദത്തിന് ഫണ്ടിങ് നടത്തുകയും ചെയ്യുന്നുവെന്ന് ആരോപിച്ചാണ് നടപടി. ഫലസ്തീൻ പ്രസിഡന്റ് മഹ്മൂദ് അബ്ബാസ് അടക്കം ഫലസ്തീൻ അതോറിറ്റി, ഫലസ്തീൻ ലിബറേഷൻ ഓർഗനൈസേഷൻ എന്നിവയിലെ മുതിർന്ന നേതാക്കൾക്ക് വിസ തടയുന്ന ശിപാർശയിൽ യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ ഒപ്പുവെച്ചതായി ഫോക്‌സ് ന്യൂസ് റിപ്പോർട്ട് ചെയ്തു.

''യുണൈറ്റഡ് സ്റ്റേറ്റ്‌സിന്റെ നിയമങ്ങളും ദേശീയ സുരക്ഷാ താത്പര്യങ്ങളും പാലിച്ചുകൊണ്ട് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പിഎൽഒ, പിഎ അംഗങ്ങൾക്ക് വിസ നിഷേധിക്കുകയും റദ്ദാക്കുകയും ചെയ്യുന്നു''- സ്റ്റേറ്റ് ഡിപ്പാർട്ട്‌മെന്റ് വക്താവ് ടോമി പിഗോട്ട് പ്രസ്താവനയിൽ പറഞ്ഞു.

''സമാധാനത്തിനുള്ള ചർച്ചകളിൽ പങ്കാളികളായി എടുക്കുന്നതിന് മുമ്പ് ഫലസ്തീൻ അതോറിറ്റിയും പിഎൽഒയു തീവ്രവാദത്തെ തള്ളിപ്പറയുകയും ഐസിസി, ഐസിജെ എന്നിവയിലെ നിയമ നടപടികളിൽ നിന്ന് പിൻമാറുകയും ഏകപക്ഷീയമായ രാഷ്ട്രപദവി എന്ന ആവശ്യം ഉപേക്ഷിക്കുകയും വേണം. ക്രിയാത്മകമായ നടപടികൾക്ക് ഫലസ്തീൻ അതോറിറ്റിയും പിഎൽഒയും തയ്യാറായാൽ യുഎസ് അതിന്റെ വാതിലുകൾ തുറന്നിരിക്കും. ട്രംപ് ഭരണകൂടം ഭീകരതയെ പിന്തുണക്കില്ല''- പിഗോട്ട് പറഞ്ഞു.

അടുത്ത മാസം നടക്കുന്ന യുഎസ് പൊതുസഭയിൽ ഫലസ്തീൻ നേതാക്കൾ സംസാരിക്കുന്നത് വിലക്കാനുള്ള ആസൂത്രിത ഗൂഢാലോചനയുടെ ഭാഗമായാണ് വിസ നിഷേധിച്ചതെന്ന് ആരോപണം ഉയരുന്നുണ്ട്. യുഎൻ പൊതുസഭയിൽ ഫലസ്തീൻ നേതാക്കൾ സ്വതന്ത്ര ഫലസ്തീൻ രാഷ്ട്രം വേണമെന്ന ആവശ്യം സ്ഥിരമായി ഉന്നയിക്കാറുണ്ട്. ഇത് തടയുകയാണ് വിസ നിഷേധിക്കുന്നതിലൂടെ ലക്ഷ്യമിടുന്നത്. ഇറാനിൽ നിന്നടക്കമുള്ള ചില പ്രതിനിധികൾ നേരത്തെ വിസ നിഷേധിച്ചിരുന്നുവെങ്കിലും ഒരു പ്രതിനിധിസംഘത്തിന് ഒന്നാകെ യുഎസ് വിസ നിഷേധിക്കുന്നത് ആദ്യത്തെ സംഭവമാണ്.

Similar Posts