
പ്രക്ഷോഭം അയഞ്ഞതോടെ വാക്പോരുമായി ഇറാനും യുഎസും; അമേരിക്കയും ഇസ്രായേലും ആയിരങ്ങളെ കൊന്നൊടുക്കിയെന്ന് ആയത്തുല്ല അലി ഖാംനഇ
|ഇറാന്‍റെ കാര്യത്തിൽ എന്തു വേണമെന്ന് ട്രംപ് തീരുമാനിക്കുമെന്നും പല സാധ്യതകളും മുന്നിലുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ്
തെഹ്റാന്‍: അടിച്ചമർത്തൽ ശക്തമായ ഇറാനിൽ പ്രതിഷേധം സമ്പൂർണമായി കെട്ടടങ്ങുന്നു. ജീവിതം സാധാരണനിലയിലേക്ക് മടങ്ങിയെങ്കിലും രാജ്യത്ത് ഒരാഴ്ചയായി ഇറാനില്‍ വിച്ഛേദിച്ചിരിക്കുകയാണ്. യുഎസ് ആസ്ഥാനമായുള്ള ഹ്യൂമൻ റൈറ്റ്സ് ആക്ടിവിസ്റ്റ്സ് ന്യൂസ് ഏജൻസിയുടെ കണക്കു പ്രകാരം പ്രക്ഷോഭത്തിൽ മരിച്ചവരുടെ എണ്ണം 3090 ആയി.
അതിനിടെ, പ്രക്ഷോഭ പരിപാടികൾ അയഞ്ഞതോടെ വാക്പോര് ശക്തമാക്കി അമേരിക്കയും ഇറാനും. പ്രക്ഷോഭ പരിപാടികളിലൂടെ ആയിരങ്ങൾ കൊല്ലപ്പെട്ടതായി ഇറാൻ പരമോന്നത ആത്മീയനേതാവ് ആയത്തുല്ല അലി ഖാംനഇ സ്ഥിരീകരിച്ചു. എന്നാൽ ഇവരുടെ കൊലക്ക് വഴിയൊരുക്കിയ അമേരിക്കക്കും ഇസ്രയേലിനും മാപ്പില്ലെന്ന് ഖാംനഇ പറഞ്ഞു. ലോകത്തെ ഏറ്റവം വലിയ ക്രിമിനൽ കൂടിയാണ് യുഎസ് പ്രസിഡന്‍റ് ഡൊണാൾഡ് ട്രംപെന്നും ഖാംനഇ കുറ്റപ്പെടുത്തി. ഇതിനു മറുപടിയെന്നോണം നിലവിലെ ഇറാൻ ഭരണകൂടം മാറണമെന്ന് ട്രംപ് പറഞ്ഞു. സ്വന്തം ജനതയെ കൊന്നൊടുക്കുന്നത് ഇറാൻ നിർത്തണമെന്നും ട്രംപ് ആവശ്യപ്പെട്ടു. ഇറാന്‍റെ കാര്യത്തിൽ എന്തു വേണമെന്ന് ട്രംപ് തീരുമാനിക്കുമെന്നും പല സാധ്യതകളും മുന്നിലുണ്ടെന്നും വൈറ്റ് ഹൗസ് വക്താവ് പ്രതികരിച്ചു.
കസ്റ്റഡിയിലെടുത്ത നൂറുകണക്കിന് പ്രതിഷേധക്കാരെ വധിക്കാത്തതിന് ഇറാൻ നേതാക്കൾക്ക് കഴിഞ്ഞ ദിവസം യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നന്ദി പറഞ്ഞിരുന്നു. ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹുവും ട്രംപും പ്രതികാരം പ്രതീക്ഷിച്ചിരിക്കണമെന്ന് പ്രമുഖ മതപണ്ഡിതൻ ആയത്തുല്ല അഹമ്മദ് ഖതാമി പറഞ്ഞു. ഇറാന്റെ അസംബ്ലി ഓഫ് എക്‌സ്‌പെർട്ട്‌സിലെയും ഗാർഡിയൻ കൗൺസിലിലെയും അംഗമാണ് ഖതാമി.
അതിനിടെ, ഇടപെടുമെന്ന വാക്ക് പാലിക്കണമെന്ന് ഇറാന്റെ നിഷ്‍കാസിതനായ കിരീടാവകാശി റെസ പഹ്‌ലവി അമേരിക്കയോട് ആവശ്യപ്പെട്ടു. വൈകാതെ ഇറാനു നേരെ യു.എസ് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ചൂണ്ടിക്കാട്ടി സൈന്യത്തോട് ഒരുങ്ങിയിരിക്കാൻ ഭരണകൂടം നിർദേശിച്ചതായി ഇസ്രായേൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.