< Back
World
US lawmakers introduce Justice for Hind Rajab Act
World

ഹിന്ദ് റജബിൻ്റെ കൊലയാളികളെ ശിക്ഷിക്കണം; ബില്‍ അവതരിപ്പിച്ച് യുഎസിലെ ഡെമോക്രാറ്റിക് അംഗങ്ങള്‍

ശരത് ലാൽ തയ്യിൽ
|
13 March 2026 11:27 AM IST

ഇസ്രായേല്‍ സൈന്യത്തിൻ്റെ കൊടുംക്രൂരതയുടെ പര്യായമായിരുന്നു അഞ്ചുവയസുകാരിയായ ഹിന്ദ് റജബിൻ്റെ കൊലപാതകം

വാഷിങ്ടണ്‍ ഡിസി: ഇസ്രായേല്‍ സൈനികര്‍ കൊലപ്പെടുത്തിയ അഞ്ചുവയസുള്ള ഫലസ്തീന്‍ ബാലിക ഹിന്ദ് റജബിന്റെ കൊലയാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് 'ഹിന്ദ് റജബ് ആക്ടി'ന് വേണ്ടി ബില്‍ അവതരിപ്പിച്ച് യുഎസ് ഡെമോക്രാറ്റിക് ജനപ്രതിനിധികള്‍. ജനപ്രതിനിധിസഭാ അംഗങ്ങളായ സാറ ജേക്കബ്‌സ്, പ്രമീള ജയപാല്‍, ജോവാക്വിന്‍ കാസ്‌ട്രോ, സെനറ്റര്‍മാരായ പീറ്റര്‍ വെല്‍ച്, ക്രിസ് വാന്‍ ഹോളെന്‍ എന്നിവരാണ് ഇരുസഭകളിലുമായി ബില്‍ അവതരിപ്പിച്ചത്. ഹിന്ദ് റജബിന്റെയും കുടുംബാംഗങ്ങളുടെയും ഇവരെ രക്ഷിക്കാനെത്തിയ പാരാമെഡിക്കല്‍ സംഘത്തിന്റെയും കൊലപാതകത്തില്‍ അന്വേഷണം നടത്തണമെന്നും ഉത്തരവാദികളെ ശിക്ഷിക്കണമെന്നും ആവശ്യപ്പെടുന്നതാണ് ബില്‍.

ഗസ്സയില്‍ ഇസ്രായേല്‍ സൈന്യത്തിന്റെ ക്രൂരത ഏറെ ചര്‍ച്ചചെയ്യാനിടയാക്കിയ സംഭവമായിരുന്നു ഹിന്ദ് റജബിന്റെ കൊലപാതകം. 2024 ജനുവരി 29നായിരുന്നു സംഭവം. ഗസ്സ സിറ്റിയിലെ പടിഞ്ഞാറന്‍ പ്രദേശങ്ങളില്‍നിന്ന് ആളുകള്‍ ഒഴിഞ്ഞുപോകണമെന്ന് ഇസ്രായേല്‍ സൈന്യം അന്ത്യശാസനം നല്‍കിയതിനെ തുടര്‍ന്ന് ആളുകള്‍ ഒഴിഞ്ഞുപോകുകയായിരുന്നു. അമ്മാവനും അമ്മായിക്കും അഞ്ചു ബന്ധുക്കള്‍ക്കുമൊപ്പമാണ് ഹിന്ദ് യാത്ര ചെയ്തത്. യാത്രക്കിടെ ഇസ്രായേല്‍ സൈന്യം ഇവരെ തടയുകയും കാറിന് നേരെ തുരുതുരാ വെടിയുതിര്‍ക്കുകയുമായിരുന്നു.

കാറിലുണ്ടായിരുന്നവര്‍ രക്ഷക്കായി ബന്ധുക്കളെ ഫോണില്‍ വിളിച്ചു. ഇവര്‍ ഫലസ്തീന്‍ റെഡ് ക്രസന്റുമായി ബന്ധപ്പെട്ടു. അതിനിടെ വെടിവെപ്പില്‍ ഹിന്ദ് റജബ് ഒഴികെ ബന്ധുക്കളെല്ലാം കൊല്ലപ്പെട്ടു. റെഡ് ക്രസന്റ് സംഘം വിളിച്ചപ്പോള്‍ കാറില്‍ റജബ് മാത്രമായിരുന്നു ജീവനോടെയുണ്ടായിരുന്നത്. മരണത്തെ മുഖാമുഖം കണ്ടുനിന്ന ആ കുഞ്ഞുമായി മൂന്നുമണിക്കൂറോളം റെഡ് ക്രസന്റ് സംഘം സംസാരിച്ചു. അതിനിടെ ഹിന്ദിനെ രക്ഷിക്കാനായി ഇവര്‍ ആംബുലന്‍സ് സംഘത്തെ സ്ഥലത്തേക്ക് അയക്കുകയും ചെയ്തു.

അതിനിടെ റെഡ് ക്രസന്റ് സംഘം റജബിന്റെ ഉമ്മയെ ബന്ധപ്പെടുകയും മകളുമായി സംസാരിക്കാന്‍ അവസരമൊരുക്കുകയും ചെയ്തു. ഉമ്മയുടെ ശബ്ദം കേട്ടതോടെ അവള്‍ നിര്‍ത്താതെ കരഞ്ഞു. 'ഫോണ്‍ കട്ട് ചെയ്യല്ലേ' എന്ന് അവള്‍ അപേക്ഷിച്ചുകൊണ്ടിരുന്നു. ആംബുലന്‍സ് സംഘം അടുത്തെത്തിയെന്ന് ഹിന്ദ് പറഞ്ഞതിന് പിന്നാലെ ഫോണ്‍ കട്ടാവുകയായിരുന്നു. ഹിന്ദ് റജബിനെയും രക്ഷിക്കാനെത്തിയ ആംബുലന്‍സിലെ ഡ്രൈവര്‍മാരായ യൂസുഫിനെയും അഹ്‌മദിനെയും ഇസ്രായേല്‍ സൈന്യം നിഷ്‌കരുണം വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നു. 10 ദിവസത്തിന് ശേഷമാണ് ഇവരുടെ മൃതദേഹം കണ്ടെത്തിയത്.

റെഡ് ക്രസന്റുമായും ഉമ്മയുമായും ഹിന്ദ് റജബ് ഫോണില്‍ സംസാരിച്ചതൊക്കെയും റെക്കോഡ് ചെയ്തിരുന്നു. ഇത് പിന്നീട് പുറത്തുവിട്ടു. മരണമുഖത്തു നിന്ന് രക്ഷിക്കണേയെന്ന് കരഞ്ഞ് അഭ്യര്‍ഥിക്കുന്ന ഹിന്ദ് റജബിന്റെ വാക്കുകള്‍ കേട്ടവരുടെയെല്ലാം നെഞ്ചുലച്ചു. ഇസ്രായേല്‍ സൈന്യത്തിന്റെ കൊടുംക്രൂരതകളുടെ പര്യായമായി ഹിന്ദ് റജബിന്റെ കൊലപാതകം.

ഹിന്ദ് റജബിന്റെ കൊലപാതകത്തില്‍ ലോകവ്യാപകമായി പ്രതിഷേധം ഉയര്‍ന്നിരുന്നു. യുഎസിലെ കൊളംബിയ സര്‍വകലാശാലയിലെ ഇസ്രായേല്‍ വിരുദ്ധ പ്രതിഷേധക്കാര്‍ യൂനിവേഴ്‌സിറ്റി ഹാളിന് ഹിന്ദ് റജബിന്റെ പേര് നല്‍കിയിരുന്നു. കൊലയാളികളെ ശിക്ഷിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദ് റജബ് ഫൗണ്ടേഷന്‍ എന്ന കൂട്ടായ്മയും രൂപപ്പെട്ടു. ഹിന്ദ് റജബിന്റെ അവസാന ഫോണ്‍ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി നിര്‍മിച്ച 'ദി വോയ്സ് ഓഫ് ഹിന്ദ് റജബ്' എന്ന അറബിക് സിനിമ ലോകമാകെ ചര്‍ച്ചചെയ്യപ്പെട്ടു. 82ാം വെനീസ് ചലിച്ചിത്രമേളയില്‍ സില്‍വര്‍ ലയണ്‍ പുരസ്‌കാരം ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ ചിത്രം നേടി. മികച്ച അന്താരാഷ്ട്ര ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ ഓസ്‌കാര്‍ പുരസ്‌കാരത്തിനും ചിത്രം നാമനിര്‍ദേശം ചെയ്യപ്പെട്ടിരിക്കുകയാണ്. ഫ്രഞ്ച് ടുണീഷ്യന്‍ സംവിധായിക കൗതര്‍ ബെന്‍ ഹനിയയാണ് ചിത്രം സംവിധാനം ചെയ്തത്.

Similar Posts