< Back
World
അപകടമുണ്ട്, ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് അകമ്പടി നല്‍കാനാവില്ല: യുഎസ് നാവികസേന
World

'അപകടമുണ്ട്, ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന കപ്പലുകൾക്ക് അകമ്പടി നല്‍കാനാവില്ല': യുഎസ് നാവികസേന

റിഷാദ് അലി
|
11 March 2026 9:35 AM IST

ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന എണ്ണക്കപ്പലുകൾക്ക് ആവശ്യമെങ്കൽ യുഎസ് നാവികേസന അകമ്പടി സേവിക്കുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു

ന്യൂയോര്‍ക്ക്: നിലവിലെ സംഘര്‍ഷ സാഹചര്യം കണക്കിലെടുത്ത് ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന വാണിജ്യ കപ്പലുകൾക്ക് സൈനിക അകമ്പടി നൽകാനാവില്ലെന്ന് യുഎസ് നാവികസേന. ഇക്കാര്യം ആഗോള ഷിപ്പിംഗ് വ്യവസായ മേഖലയെ സേന അറിയിച്ചെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യുദ്ധം ആരംഭിച്ചത് മുതൽ ഈ സുപ്രധാന ജലപാതയിലൂടെ കടന്നുപോകാൻ ശ്രമിക്കുന്ന ടാങ്കറുകൾക്ക് സംരക്ഷണം വേണമെന്ന ഷിപ്പിംഗ് കമ്പനികള്‍ ആവശ്യപ്പെടുന്നുണ്ട്. ഷിപ്പിംഗ്, ഓയിൽ മേഖലകളിലെ പ്രതിനിധികളുമായി യുഎസ് നേവി പതിവായി ചർച്ചകൾ നടത്തിവരുന്നുണ്ട്. ഭീഷണിയുള്ള സാഹചര്യത്തിൽ കപ്പലുകൾക്ക് അകമ്പടി സേവിക്കാൻ തൽക്കാലം തങ്ങൾക്ക് സാധിക്കില്ലെന്ന് ഈ കൂടിക്കാഴ്ചകളിൽ നേവി വ്യക്തമാക്കുകയായിരുന്നു.

ആക്രമണസാധ്യത കുറഞ്ഞാൽ മാത്രമേ അകമ്പടി സാധ്യമാകൂ എന്നാണ് നാവികസേനയുടെ നിലപാടെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിലവില്‍ സംഘര്‍ഷം കുറയ്ക്കുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകളൊന്നും നടക്കുന്നില്ല. അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത അടിക്ക് അതേനാണയത്തില്‍ തന്നെയാണ് ഇറാന്‍ തിരിച്ചടിക്കുന്നത്. ഫെബ്രുവരി 28ന് ആക്രമണം ആരംഭിച്ച ശേഷം ഹോര്‍മുസ് കടിലുടുക്കിലൂടെയുള്ള ഗതാഗതം നിലച്ചിട്ടുണ്ട്. ഇതോടെ എണ്ണ വിതരണം തടസപ്പെട്ടിരിക്കുകയാണ്.

ഹോർമുസ് കടലിടുക്കിലൂടെ പോകുന്ന എണ്ണക്കപ്പലുകൾക്ക് ആവശ്യമെങ്കൽ യുഎസ് നാവികേസന അകമ്പടി സേവിക്കുമെന്ന് നേരത്തെ ട്രംപ് വ്യക്തമാക്കിയിരുന്നു. ഇതിനെ ഇറാന്‍ വെല്ലുവിളിക്കുകയും ചെയ്തിരുന്നു. അവരുടെ വരവിനായി ഞങ്ങൾ കാത്തിരിക്കുകയാണെന്നായിരുന്നു ഇറാൻ സൈനിക വക്താവ് അലി മുഹമ്മദ് നൈനിയുടെ പ്രതികരണം. യു.എസ്‌ അത്തരമൊരു തീരുമാനം എടുക്കുംമുമ്പ് 1987ലെ ആക്രമണവും അടുത്തിടെയുണ്ടായ സംഭവങ്ങളും ഓർമ്മിക്കുന്നത് നന്നാവുമെന്നും ഇറാനിയൻ സേന മുന്നറിയിപ്പ് നൽകിയിരുന്നു.

Similar Posts