< Back
World
അമേരിക്കയും ചൈനയും നേർക്കുനേർ; തീരുവപ്പോരിൽ നഷ്ടമാർക്ക്?
World

അമേരിക്കയും ചൈനയും നേർക്കുനേർ; തീരുവപ്പോരിൽ നഷ്ടമാർക്ക്?

Web Desk
|
12 Oct 2025 8:30 PM IST

മഞ്ഞുരുകി തുടങ്ങിയിരുന്ന അമേരിക്ക - ചൈന തീരുവയുദ്ധം, പൂർവാധികം ശക്തിപ്രാപിച്ചതോടെ ആശങ്കയുടെ പടുകുഴിയിലായിരിക്കുകയാണ് ആഗോള സാമ്പത്തിക രംഗം. ചൈനയ്ക്കുമേൽ നൂറുശതമാനത്തിന്റെ അധികതീരുവയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്

മഞ്ഞുരുകി തുടങ്ങിയിരുന്ന അമേരിക്ക - ചൈന തീരുവയുദ്ധം, പൂർവാധികം ശക്തിപ്രാപിച്ചതോടെ ആശങ്കയുടെ പടുകുഴിയിലായിരിക്കുകയാണ് ആഗോള സാമ്പത്തിക രംഗം. ചൈനയ്ക്കുമേൽ നൂറുശതമാനത്തിന്റെ അധികതീരുവയാണ് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. ആഗോള വിതരണ ശൃംഖലയെ തന്നെ പിടിച്ചുലയ്ക്കുന്നതാണ് ട്രംപിന്റെ തീരുമാനമെന്നാണ് സാമ്പത്തിക വിദഗ്ദർ അഭിപ്രായപ്പെടുന്നത്.

ചൈനയ്ക്കുമേൽ നിലവിൽ 30 ശതമാനം തീരുവയാണ് അമേരിക്ക ചുമത്തിയിരുന്നത്. അതിനുപുറമെയാണ്, കഴിഞ്ഞദിവസം 100 ശതമാനം കൂടി ട്രംപ് പ്രഖ്യാപിക്കുന്നത്. നവംബർ ഒന്നിനായിരിക്കും ഈ അധികതീരുവ പ്രാബല്യത്തിൽ വരിക. ഇതോടുകൂടി അമേരിക്ക ഏറ്റവുമധികം തീരുവ ചുമത്തുന്ന രാജ്യമായി മാറിയിരിക്കുകയാണ് ചൈന. തീരുവയ്ക്ക് പുറമെ, തന്ത്രപ്രധാന സോഫ്ട്‍വെയറുകൾ ചൈനീസ് കമ്പനികൾക്ക് കൈമാറുന്നതിലും അമേരിക്ക കടുത്ത നിയന്ത്രണം ഏർപ്പെടുത്തും.

ചൈനയിൽനിന്നുള്ള റെയർ എർത്ത് മെറ്റലുകൾ അഥവാ അപൂർവ ധാതുക്കളുടെ കയറ്റുമതിയിൽ ചൈന കൊണ്ടുവന്ന, പുതിയ കയറ്റുമതി നിയന്ത്രണങ്ങളാണ് ട്രംപിനെ പ്രകോപിപ്പിച്ചത്. കയറ്റുമതി നിയന്ത്രണമുള്ള ധാതുക്കളുടെ പട്ടികയിലേക്ക് അഞ്ചു മെറ്റലുകൾ കൂടിയാണ് ഇപ്പോൾ ചൈന ഉൾപ്പെടുത്തിയിരിക്കുന്നത്. ഏഴു ധാതുക്കൾക്ക് മേൽ നേരത്തെ തന്നെ നിയന്ത്രണങ്ങൾ നിലനിൽക്കുന്നുമുണ്ട്. ഇതോടെ ആകെയുള്ള 17 അപൂർവ്വധാതുക്കളിൽ 12 എണ്ണത്തിനും നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

ചൈന ഖനനം ചെയ്യുന്ന അപൂർവ-ഭൗമ ലോഹങ്ങളുടെ 0.1 ശതമാനമെങ്കിലും കയറ്റുമതി ചെയ്യാൻ ആഗ്രഹിക്കുന്ന വിദേശ കമ്പനികൾ, ഭരണകൂടത്തിന്റെ പ്രത്യേക അനുമതി നേടണമെന്നും ചൈന ഉത്തരവിറക്കിയിട്ടുണ്ട്. അപൂർവ-ഭൂമി ലോഹങ്ങൾ ശുദ്ധീകരിക്കാൻ ഉപയോഗിക്കുന്ന പ്രത്യേക സാങ്കേതിക ഉപകരണങ്ങളുടെ കയറ്റുമതിയിലും ഈ നിയന്ത്രണങ്ങളുണ്ട്. ഈ ഉത്തരവുകളിൽ ഭൂരിഭാഗവും ഡിസംബർ ഒന്നുമുതലായിരിക്കും പ്രാബല്യത്തിൽ വരിക.

ഇതിനുള്ള തിരിച്ചടിയെന്നോണമാണ് അമേരിക്ക തീരുവ വർധിപ്പിച്ചിരിക്കുന്നത്. കുത്തകമേധാവിത്തം നേടാനുള്ള ചൈനയുടെ ശ്രമം അനുവദിക്കില്ലെന്നാണ് ട്രംപ് പറയുന്നത്. ഒപ്പം ദക്ഷിണ കൊറിയ വേദിയാകുന്ന ഏഷ്യ-പസഫിക് ഇക്കണോമിക് കോ-ഓപ്പറേഷൻ ഉച്ചകോടിയിൽ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി നടത്താനിരുന്ന കൂടിക്കാഴ്ചയും ട്രംപ് റദ്ദാക്കിയിട്ടുണ്ട്. ഇനി ചർച്ച ചെയ്തിട്ട് കാര്യമൊന്നുമില്ല എന്നാണ് ട്രംപ് പറയുന്നത്.

അതേസമയം, റെയർ എർത്തിന്റെ ദുരുപയോഗം തടയുകയാണ് ലക്ഷ്യമെന്നാണ് ചൈനയുടെ വിശദീകരണം. "ചില" വിദേശ സംഘടനകളും വ്യക്തികളും ചൈനയിൽ നിന്ന് കൊണ്ടുപോകുന്ന അപൂർവ ധാതുക്കൾ സൈനികമായ ഉപയോഗത്തിന് കൈമാറ്റം ചെയ്യുന്നുവെന്നാണ് ചൈന ആരോപിക്കുന്നത്. അത് തങ്ങളുടെ ദേശസുരക്ഷയ്ക്കും അന്താരാഷ്ട്ര സമാധാനത്തെയും ബാധിക്കുന്നുണ്ടെന്നും കൂടി പറയുന്നുണ്ട് ചൈന.

ഇലക്ട്രിക് കാറുകൾ, ലിഥിയം അയൺ ബാറ്ററികൾ, എൽഇഡി ടെലിവിഷനുകൾ, ക്യാമറ ലെൻസുകൾ തുടങ്ങിയ സാങ്കേതിക ഉപകരണങ്ങളുടെ നിർമ്മാണത്തിന് അത്യാവശ്യമായ അപൂർവ-ഭൗമ ലോഹങ്ങളുടെ ആഗോള ഖനന ഉൽ‌പാദനത്തിന്റെ ഏകദേശം 69 ശതമാനവും നടക്കുന്നത് ചൈനയിലാണ്. യുഎസ് പ്രതിരോധ രംഗത്തിന് നിർണായകമാണ് ഈ ലോഹങ്ങൾ സെന്റർ ഫോർ സ്ട്രാറ്റജിക് ആൻഡ് ഇന്റർനാഷണൽ സ്റ്റഡീസിന്റെ അഭിപ്രായത്തിൽ, എഫ്-35 യുദ്ധവിമാനങ്ങൾ, അന്തർവാഹിനികൾ, ടോമാഹോക്ക് മിസൈലുകൾ, റഡാർ സംവിധാനങ്ങൾ എന്നിവയുടെ നിർമാണത്തിന് അപൂർവ ഭൗമ ലോഹങ്ങളാണ് ഉപയോഗിക്കുന്നത്.

അങ്ങനെയുള്ള ഭൗമ ലോഹങ്ങളിൽ പക്ഷെ ആധിപത്യം ചുമത്തുന്നത് ചൈനയാണ് എന്നത് അമേരിക്കയ്ക്ക് വലിയ തിരിച്ചടിയാണ്. ഈ കുത്തകയെ തകർക്കാൻ അമേരിക്ക പലവിധത്തിൽ ശ്രമിക്കുന്നുണ്ടെങ്കിലും നടക്കുന്നില്ല എന്നതാണ് വസ്തുത. അപൂർവ്വധാതുക്കൾ ലഭ്യമായ ഗ്രീൻലൻഡ്, യുക്രെയ്ൻ ഉൾപ്പെടെയുള്ള രാജ്യങ്ങൾക്ക് മേലുള്ള ട്രംപിനെ കണ്ണ്, ഈ മത്സരത്തിന്റെ ഭാഗമായാണ്.

ചൈനയും അമേരിക്കയും വീണ്ടും സാമ്പത്തിക യുദ്ധത്തിലേക്ക് കടന്നതോടെ ഓഹരിവിപണികളും ക്രിപ്റ്റോ കറൻസി വിപണിയെയും ബാധിച്ചിരിക്കുകയാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ, ക്രിപ്‌റ്റോ വിപണികളിൽനിന്ന് 1000 കോടി ഡോളറിലധികമാണ് അപ്രത്യക്ഷമായത്. വാൾ സ്ട്രീറ്റ് ജേണലിന്റെ റിപ്പോർട്ട് പ്രകാരം, യുഎസ് ഓഹരി സൂചികകളും കുത്തനെയുള്ള ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. ദീർഘകാല വ്യാപാര സംഘർഷത്തിനുള്ള സാധ്യത മുന്നിൽ കാണുന്ന നിക്ഷേപകർ, ഏറെ ആശങ്കയിലുമാണ്.

നേരത്തെ മാസങ്ങൾ നീണ്ട ചർച്ചകളിലൂടെയായിരുന്നു ഇരുരാജ്യങ്ങളും തമ്മിലുള്ള തീരുവയുദ്ധം ഒരുപരിധിവരെ നിയന്ത്രിച്ചത്. എന്നാൽ പുതിയ സംഭവവികാശങ്ങൾ കാര്യങ്ങൾ വീണ്ടും പ്രതിസന്ധിയിലാക്കുമെന്നാണ് കരുതപ്പെടുന്നത്.

Related Tags :
Similar Posts