< Back
World
യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ ഡയറക്ടറെ പുറത്താക്കി
World

യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ ഡയറക്ടറെ പുറത്താക്കി

Web Desk
|
4 April 2025 10:29 AM IST

അധികാരമേറ്റതിനുശേഷം ഡൊണാൾഡ് ട്രംപ് യുഎസ് ഏജൻസികളിലെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കുകയും വിശ്വസ്തരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്

വാഷിങ്ടൺ: യുഎസ് നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ ഡയറക്ടറെ പുറത്താക്കിയതായി റിപ്പോർട്ട്. എൻഎസ്എയുടെയും സൈബർ കമാൻഡിന്റെയും തലവനായ ജനറൽ തിമോത്തി ഹോഗിനെ പുറത്താക്കിയതായാണ് അന്താരാഷ്ട്ര മാധ്യമമായ വാഷിംഗ്ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്തത്. എൻഎസ്എയിലെ ഡെപ്യൂട്ടി വെൻഡി നോബിളിനെയും പുറത്താക്കിയതായി രണ്ട് യുഎസ് ഉദ്യോഗസ്ഥരെയും ഒരു മുൻ യുഎസ് ഉദ്യോഗസ്ഥനെയും ഉദ്ധരിച്ച് റിപ്പോർട്ടിൽ പറയുന്നു.

2024 ഫെബ്രുവരി മുതൽ ഹോഗ് യുഎസ് സൈബർ കമാൻഡിന്റെ തലവനും നാഷണൽ സെക്യൂരിറ്റി ഏജൻസിയുടെ ഡയറക്ടറുമായിരുന്നു. ഡെപ്യൂട്ടി എൻഎസ്എ ഡയറക്ടർ വെൻഡി നോബിൾ ഏജൻസിയുടെ മുതിർന്ന സിവിലിയൻ നേതാവാണ്. നോബിളിനെ ഇന്റലിജൻസ് പ്രതിരോധ അണ്ടർസെക്രട്ടറിയുടെ ഓഫീസിലേക്ക് നിയമിച്ചിട്ടുണ്ട്.

ഹോഗിനെ പുറത്താക്കിയതിനോ നോബിളിനെ സ്ഥലം മാറ്റിയതിനോ ഉള്ള കാരണം വ്യക്തമല്ലെന്ന് റിപ്പോർട്ട് പറയുന്നു. യുഎസ് സൈബർ കമാൻഡ് ഡെപ്യൂട്ടി വില്യം ഹാർട്ട്മാനെ എൻഎസ്എയുടെ ആക്ടിംഗ് ഡയറക്ടറായും, എൻഎസ്എയിൽ എക്സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഷെയ്‌ല തോമസിനെ ആക്ടിംഗ് ഡെപ്യൂട്ടിയായും നിയമിച്ചിട്ടുണ്ട്. വിഷയത്തോട് പെന്റഗണും വൈറ്റ് ഹൗസും ഇതുവരെ പ്രതികരിച്ചിട്ടില്ല.

ജനുവരി 20 ന് അധികാരമേറ്റതിനുശേഷം ഡൊണാൾഡ് ട്രംപ് യുഎസ് ഏജൻസികളിലെ നിരവധി ഉന്നത ഉദ്യോഗസ്ഥരെ പുറത്താക്കുകയും വിശ്വസ്തരെ നിയമിക്കുകയും ചെയ്തിട്ടുണ്ട്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ പ്രമുഖ രഹസ്യാന്വേഷണ ഏജൻസികളിൽ ഒന്നാണ് എൻ‌എസ്‌എ. എൻ‌എസ്‌എ യുഎസ് പ്രതിരോധ വകുപ്പിന്റെ ഭാഗമാണ്.

Similar Posts