< Back
World
US officially withdraws from the World Health Organization
World

ലോകാരോ​ഗ്യ സംഘടനയിൽ നിന്ന് പിന്മാറി അമേരിക്ക; കാരണമിതാണ്...

ഷിയാസ് ബിന്‍ ഫരീദ്
|
23 Jan 2026 4:06 PM IST

2020ൽ തന്റെ ആദ്യ ഭരണകാലത്ത് ഡബ്ല്യുഎച്ച്ഒയിൽ നിന്ന് പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകിയിരുന്നു.

വാഷിങ്ടൺ: ലോകാരോ​ഗ്യ സംഘടനയിൽ നിന്ന് പിന്മാറി അമേരിക്ക. യുഎസ് ആരോഗ്യ സെക്രട്ടറി റോബർട്ട് എഫ് കെന്നഡി ജൂനിയറും യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോയുമാണ് ഇക്കാര്യം സംയുക്തമായി അറിയിച്ചത്. ലോകാരോഗ്യ സംഘടനയിൽ നിന്ന് യുഎസ് പൂർണമായും പിൻമാറിയതായി അവർ പ്രഖ്യാപിച്ചു. യുഎസിന്റെ പിന്മാറ്റത്തോടെ തങ്ങളുടെ ഏറ്റവും വലിയ സഹായദാതാക്കളെയാണ് യുഎൻ ഏജൻസിക്ക് നഷ്ടമാവുന്നത്.

1948ൽ ലോകാരോഗ്യ സംഘടനയുടെ സ്ഥാപകാംഗമായ ശേഷം ഇതാദ്യമായാണ് അം​ഗത്വം യുഎസ് ഉപേക്ഷിക്കുന്നത്. കോവിഡ് മഹാമാരിക്കാലത്തെ ലോകാരോ​ഗ്യ സംഘടനയുടെ പരാജയങ്ങളാണ് പിന്മാറ്റ കാരണമെന്ന് റൂബിയോയും കെന്നഡിയും സംയുക്ത പ്രസ്താവനയിൽ പറഞ്ഞു. കോവിഡിനെ ലോകാരോ​ഗ്യ സംഘടന തെറ്റായി കൈകാര്യം ചെയ്തതെന്ന് ആരോപിച്ച ഇരുവരും, അതിനാൽ എല്ലാ യുഎസ് ധനസഹായവും നിർത്തിവച്ചതായും വ്യക്തമാക്കി.

2020ൽ തന്റെ ആദ്യ ഭരണകാലത്ത് ഡബ്ല്യുഎച്ച്ഒയിൽ നിന്ന് പിന്മാറുമെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് സൂചന നൽകിയിരുന്നു. കോവിഡ് സമയത്ത് സംഘടന ചൈന കേന്ദ്രീകൃതമാണെന്ന് ആരോപിച്ച ട്രംപ് ഒരു വർഷം മുമ്പ് പിൻവാങ്ങൽ സൂചിപ്പിക്കുന്ന ഒരു എക്സിക്യൂട്ടീവ് ഉത്തരവിൽ ഒപ്പുവയ്ക്കുകയും ചെയ്തിരുന്നു.

അംഗരാജ്യങ്ങളിൽ നിന്നുള്ള രാഷ്ട്രീയ സ്വാധീനം മൂലമാണ് തീരുമാനമെടുത്തതെന്ന് യുഎസ് ആരോഗ്യ- മാനുഷിക സേവന വകുപ്പ് അറിയിച്ചു. അതേസമയം, യുഎസിന്റെ ആരോപണങ്ങൾ നിഷേധിച്ച ലോകാരോ​ഗ്യ സംഘടനാ ഡയറക്ടർ ജനറൽ അദാനോം ഗെബ്രിയേസസ്, പിന്മാറ്റത്തിലൂടെ നഷ്ടം യുഎസിന് മാത്രമാണെന്നും പ്രതികരിച്ചു.

കോവിഡിന്റെ പശ്ചാത്തലത്തിൽ, ഭാവിയിലുണ്ടായേക്കാവുന്ന മഹാമാരികളെ തടയാനും അതിനുള്ള തയ്യാറെടുപ്പിനും പ്രതികരണത്തിനുമായി ഡബ്ല്യുഎച്ച്ഒ മുന്നോട്ടുവച്ച അന്താരാഷ്ട്ര മഹാമാരി ഉടമ്പടി കഴിഞ്ഞ വർഷം ഏപ്രിലിൽ മറ്റെല്ലാ അംഗരാജ്യങ്ങളും അംഗീകരിച്ചപ്പോൾ, അവ​ഗണിക്കുകയാണ് അമേരിക്ക ചെയ്തത്. ലോകാരോ​ഗ്യ സംഘടനയുടെ ഏറ്റവും വലിയ സഹായദാതാവാണെങ്കിലും 2024, 2025 വർഷങ്ങളിലെ അം​ഗത്വ ഫീസ് യുഎസ് അടച്ചിരുന്നില്ല. ഇതും പൂർണ പിന്മാറ്റത്തിന്റെ സൂചനയായിരുന്നു.

യുഎസ് ഇനി ലോകാരോഗ്യ സംഘടനയുടെ പ്രവർത്തനങ്ങളിൽ പങ്കെടുക്കില്ലെന്നും പിന്മാറ്റം സംബന്ധിച്ച് അവർ നിയമപരമായ വിശദീകരണം നൽകേണ്ടിവരുമെന്നും ഐക്യരാഷ്ട്രസഭാ വക്താവ് സ്റ്റീഫൻ ഡുജാറിക് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 260 മില്യൺ ഡോളർ കുടിശ്ശിക നൽകാൻ യുഎസ് ബാധ്യസ്ഥമാണെന്ന് ലോകാരോഗ്യ സംഘടനാ അഭിഭാഷകർ വ്യക്തമാക്കി. എന്നാൽ കുടിശ്ശിക അടയ്ക്കില്ലെന്നാണ് യുഎസ് നിലപാട്.

1948 ഏപ്രിൽ ഏഴിനാണ് ലോകാരോഗ്യസംഘടന നിലവിൽ വന്നത്. അന്താരാഷ്ട്രതലത്തിൽ പൊതുജനാരോഗ്യ പ്രവർത്തനങ്ങൾ രൂപീകരിക്കാനും ഏകോപിപ്പിക്കാനുമായി ഐക്യരാഷ്ട്രസഭ രൂപീകരിച്ച പ്രത്യേക രാഷ്ട്രീയേതര ഏജൻസിയാണ് ഇത്. സ്വിറ്റ്സർലന്റിലെ ജനീവയിലാണ് ആസ്ഥാനം. അമേരിക്ക പിന്മാറിയതോടെ ലോകാരോഗ്യസംഘടനയിലെ അംഗരാജ്യങ്ങളുടെ എണ്ണം 193ൽ നിന്ന് 192 ആയി.

Similar Posts