< Back
World
നടുറോഡിൽ ആയുധവുമായി ഗട്ക അഭ്യാസം, സിഖ് വംശജനെ വെടിവെച്ചു കൊന്ന് യുഎസ് പൊലീസ്; ദൃശ്യങ്ങൾ പുറത്ത്
World

നടുറോഡിൽ ആയുധവുമായി 'ഗട്ക' അഭ്യാസം, സിഖ് വംശജനെ വെടിവെച്ചു കൊന്ന് യുഎസ് പൊലീസ്; ദൃശ്യങ്ങൾ പുറത്ത്

Web Desk
|
30 Aug 2025 4:17 PM IST

36കാരനായ ​ഗുർപ്രീത് സിങ് ആണ് കൊല്ലപ്പെട്ടത്

ലോസ് ആഞ്ചല്‍സ്: യുഎസിൽ നടുറോഡിൽ 'ഗട്ക' (സിഖ് വംശജരുടെ പരമ്പരാഗത ആയോധന കല) അഭ്യാസം നടത്തിയ സിഖ് യുവാവിനെ പൊലീസ് വെടിവെച്ചു. 36കാരനായ ​ഗുർപ്രീത് സിങ് ആണ് കൊല്ലപ്പെട്ടത്. സംഭവത്തിന്റെ ദൃശ്യം സമൂഹ മാധ്യമങ്ങളിൽ വൈറലായിരിക്കുകയാണ്.

റോഡിൽനിന്ന് ആയുധവുമായി അഭ്യാസം നടത്തുകയായിരുന്നു ഗുർപ്രീത്. കീഴടങ്ങാൻ ആവശ്യപ്പെട്ടിട്ടും അനുസരിക്കാതിരിക്കുകയും പൊലീസിനെ ആക്രമിക്കാൻ ശ്രമിക്കുകയും ചെയ്തതോടെയാണ് വെടിവെച്ചതെന്ന് ലൊസാഞ്ചലസ് പൊലീസ് പറഞ്ഞു. 'ഗട്ക' അഭ്യാസത്തിനുപയോഗിക്കുന്ന ഇരുവശവും മൂർച്ചയുള്ള ‘ഖണ്ഡ’ ആണ് ഗുർപ്രീതിന്റെ പക്കലുണ്ടായിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ജൂലൈ 13ന് നടന്ന സംഭവത്തിന്റെ ദൃശ്യങ്ങളാണ് ലോസ് ആഞ്ചല്‍സ് പൊലീസ് ഡിപ്പാർട്ട്മെന്റ് ഇപ്പോൾ പുറത്തുവിട്ടിരിക്കുന്നത്. ലോസ് ആഞ്ചല്‍സ് ഫിഗുറോവ തെരുവിനും ഒളിംപിക് ബൊളിവാഡിനും ഇടയിലുള്ള തിരക്കേറിയ റോഡിൽ ഒരാൾ ആയുധം വീശി നടക്കുന്നുവെന്ന ഒട്ടേറെ ഫോൺ സന്ദേശങ്ങൾ ലഭിച്ചതോടെയാണ് പൊലീസ് സ്ഥലത്തെത്തിയത്. ഗുർപ്രീത് തന്റെ കാർ റോഡിന് നടുവിലായി നിർത്തിയിട്ടിരുന്നെന്നും ഇടയ്ക്ക് ഖണ്ഡ ഉപയോഗിച്ച് നാവു മുറിക്കാൻ ശ്രമിച്ചെന്നും പൊലീസ് വ്യക്തമാക്കി.

ആയുധം താഴെ വയ്ക്കാൻ ഒരുപാട് തവണ ഗുർപ്രീതിനോട് ആവശ്യപ്പെട്ടെങ്കിലും അനുസരിച്ചില്ല. അടുത്തേക്ക് പോകാൻ ശ്രമിച്ചപ്പോൾ ഗുർപ്രീത് ഉദ്യോഗസ്ഥർക്കുനേരെ കുപ്പിയെറിഞ്ഞു. തുടർന്ന് കാറിൽ രക്ഷപ്പെടാൻ ശ്രമിച്ച ഇയാൾ മറ്റൊരു പൊലീസ് വാഹനത്തെ ഇടിക്കുകയും ചെയ്തു. കാറിൽ നിന്നിറങ്ങി പൊലീസിനു നേരെ വന്നപ്പോഴാണ് വെടിവെച്ചതെന്നും ലോസ് ആഞ്ചല്‍സ് പൊലീസ് കൂട്ടിച്ചേർത്തു.

Similar Posts