< Back
World
അമേരിക്കയിലെ സിനിമാ വ്യവസായം മരണത്തിലേക്ക് നീങ്ങുന്നു; വിദേശ സിനിമകള്‍ക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ച് ട്രംപ്
World

'അമേരിക്കയിലെ സിനിമാ വ്യവസായം മരണത്തിലേക്ക് നീങ്ങുന്നു'; വിദേശ സിനിമകള്‍ക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ച് ട്രംപ്

Web Desk
|
5 May 2025 9:59 AM IST

മറ്റ് രാജ്യങ്ങള്‍ അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളെയും സ്റ്റുഡിയോകളെയും രാജ്യത്ത് നിന്ന് അകറ്റുകയാണെന്ന് ട്രംപ് ആരോപിച്ചു

വാഷിങ്ടൺ: അമേരിക്കയിൽ വിദേശ സിനിമകള്‍ക്ക് 100 ശതമാനം താരിഫ് പ്രഖ്യാപിച്ച് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നികുതി പരിഷ്‌കരണത്തിനായി വാണിജ്യ വകുപ്പിനും യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രേഡ് റെപ്രസന്റേറ്റീവിനും ട്രംപ് നിർദേശം നൽകി. മറ്റ് രാജ്യങ്ങള്‍ അമേരിക്കന്‍ ചലച്ചിത്ര നിര്‍മ്മാതാക്കളെയും സ്റ്റുഡിയോകളെയും രാജ്യത്ത് നിന്ന് അകറ്റുകയാണെന്ന് ആരോപിച്ചാണ് ട്രംപിന്റെ നടപടി.

വിദേശത്തുള്ള അമേരിക്കൻ സ്റ്റുഡിയോകളെയും ചലച്ചിത്ര പ്രവർത്തകരെയും ആകർഷിക്കാൻ ലാഭകരമായ പ്രോത്സാഹനങ്ങൾ വാഗ്ദാനം ചെയ്യുന്ന മറ്റ് രാജ്യങ്ങളെ വിമർശിച്ച ട്രംപ് ഇതിനെ സാമ്പത്തിക, ദേശീയ സുരക്ഷാ ഭീഷണിയായി വിശേഷിപ്പിക്കുകയും ചെയ്തു. ഇന്നലെ ട്രൂത്ത് സോഷ്യലിലൂടെയായിരുന്നു ട്രംപിന്റെ പ്രഖ്യാപനം.

'അമേരിക്കയിലെ സിനിമ മേഖല അതിവേഗം ഇല്ലാതാവുകയാണ്. നമ്മുടെ ചലച്ചിത്ര നിര്‍മ്മാതാക്കളെയും സ്റ്റുഡിയോകളെയും അമേരിക്കയില്‍ നിന്ന് അകറ്റാന്‍ മറ്റ് രാജ്യങ്ങള്‍ ശ്രമിക്കുന്നു. ഇതിനായി പലവിധ പ്രോാത്സാഹനങ്ങളും വാഗ്ദാനം നല്‍കുന്നുണ്ട്. എന്നാല്‍ ഹോളിവുഡും അമേരിക്കയിലെ മറ്റ് പല മേഖലകളും തകര്‍ന്നുകൊണ്ടിരിക്കുകയാണ്. വിദേശ രാജ്യങ്ങളുടെ സംഘടിത ശ്രമമാണ് ഇതിന് പിന്നില്‍. ഇതിനെ ദേശീയ സുരക്ഷാ ഭീഷണിയായി കാണണം' -ട്രംപ് ട്രൂത്ത് സോഷ്യലിൽ കുറിച്ചു.

അമേരിക്കൻ സിനിമകളെ പ്രോത്സാഹിപ്പിക്കുന്നത് നിർത്തുമെന്ന് ചൈന പ്രഖ്യാപിച്ച് ഒരുമാസം പിന്നിടുന്ന വേളയിലാണ് ട്രംപിന്‍റെ പ്രഖ്യാപനം. ഇരുരാജ്യങ്ങളും തമ്മിലുള്ള പകരച്ചുങ്ക യുദ്ധം ഓഹരി വിപണികളിൽ ഉൾപ്പെടെ വലിയ പ്രതിസന്ധികൾ സൃഷ്ടിച്ചിരുന്നു. സിനിമകള്‍ യുഎസില്‍ നിര്‍മ്മിക്കണമെന്നും ട്രംപ് ആഹ്വാനം ചെയ്തു.

Similar Posts