< Back
World
The US president suggests that Jordan and Egypt should take more Palestinians from Gaza
World

'ഗസ്സക്കാരെ ഈജിപ്തും ജോർദാനും സ്വീകരിക്കണം'; പുതിയ പദ്ധതിയുമായി ട്രംപ്

Web Desk
|
26 Jan 2025 6:03 PM IST

മുൻ പ്രസിഡന്റ് ജോ ബൈഡൻ തടഞ്ഞുവെച്ച 2000 പൗണ്ട് ബോംബുകൾ ഇസ്രായേലിന് വിട്ടുകൊടുക്കാൻ ട്രംപ് ഉത്തരവിട്ടു.

വാഷിങ്ടൺ: ഈജിപ്തും ജോർദാനും കൂടുതൽ ഫലസ്തീൻ അഭയാർഥികളെ സ്വീകരിക്കണമെന്ന ആവശ്യവുമായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ഗസ്സയിലെ ആളുകളെ കൂടുതൽ സുരക്ഷിതമായ സ്ഥലത്ത് പുനരധിവസിപ്പിക്കുക എന്ന ലക്ഷ്യം മുൻനിർത്തിയാണ് തന്റെ നിർദേശമെന്ന് ട്രംപ് പറഞ്ഞു. കഴിഞ്ഞ ദിവസം എയർഫോഴ്‌സ് വൺ വിമാനത്തിൽ നടന്ന ചോദ്യോത്തരവേളയിലാണ് ട്രംപിന്റെ നിർദേശം.

ഇത് സംബന്ധിച്ച് ജോർദാൻ രാജാവ് കിങ് അബ്ദുല്ല രണ്ടാമനുമായി സംസാരിച്ചിരുന്നു. ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്തേഹ് അൽ-സീസിയുമായി ഇക്കാര്യം സംസാരിക്കുമെന്നും ട്രംപ് പറഞ്ഞു. ഈജിപ്ത് കൂടുതൽ ജനങ്ങളെ സ്വീകരിക്കെന്ന് കാണാനാണ് താത്പര്യം. 15 ലക്ഷം ആളുകളെ കുറിച്ചാണ് സംസാരിക്കുന്നത്. അവരെ മുഴുവൻ പുനരധിവസിപ്പിക്കാൻ കഴിയുമെന്നാണ് പ്രതീക്ഷ. ഫലസ്തീനികൾക്കിടയിൽ ബഹുജനപ്രസ്ഥാനം നിലവിലുണ്ട്. ആ പ്രസ്ഥാനം താത്കാലികമോ ദീർഘമോ ആവാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം മുൻ പ്രസിഡന്റ് ജോ ബൈഡൻ തടഞ്ഞുവെച്ച 2000 പൗണ്ട് ബോംബുകൾ ഇസ്രായേലിന് വിട്ടുകൊടുക്കാൻ ട്രംപ് ഉത്തരവിട്ടു. ബോംബുകൾ വിതരണം ചെയ്യാൻ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിക്കാൻ സൈന്യത്തിന് നിർദേശം നൽകിയതായി വൈറ്റ് ഹൗസ് വൃത്തങ്ങളെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ബോംബുകൾ വിട്ടുകൊടുക്കാൻ ഉത്തരവിട്ട ട്രംപിന് ഇസ്രായേൽ വിദേശകാര്യമന്ത്രി ഗിഡിയോൺ സാർ നന്ദി പ്രകടിപ്പിച്ചു.

അതേസമയം ഗസ്സക്കാരെ ഈജിപ്തിലും ജോർദാനിലും പുനരധിവസിപ്പിക്കാനുള്ള ട്രംപിന്റെ നിർദേശത്തിനെതിരെ ഫലസ്തീനിൽ വലിയ പ്രതിഷേധമാണ് ഉയരുന്നത്. ട്രംപിന്റെ നിർദേശം ഫലസ്തീൻ സംഘടനകൾ ഒറ്റക്കെട്ടായി തള്ളി. യുദ്ധ കുറ്റങ്ങളെ പ്രോത്സാഹിപ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് ഇസ്‌ലാമിക് ജിഹാദ് പറഞ്ഞു. ഫലസ്തീൻ ജനതയോട് സ്വന്തം മണ്ണ് വിട്ടുപോകാൻ പറയുന്നത് മനുഷ്യാവകാശ ലംഘനമാണെന്നും സംഘടന ചൂണ്ടിക്കാട്ടി. ഫലസ്തീൻ ജനതയെ സ്വന്തം മണ്ണിൽനിന്ന് കുടിയിറക്കാനുള്ള പദ്ധതികളെ ഒറ്റക്കെട്ടായി പരാജയപ്പെടുത്തുമെന്ന് ഹമാസ് പൊളിറ്റിക്കൽ ബ്യൂറോ അംഗം ബാസിം നഈം പറഞ്ഞു.

Similar Posts