< Back
World
US press conference claiming to have completely destroyed Irans nuclear plant fails
World

ഇറാന്റെ ആണവ പ്ലാന്റ് പൂർണമായും നശിപ്പിച്ചെന്ന് വിശദീകരിച്ചുള്ള യുഎസ് വാർത്താസമ്മേളനം പാളി

Web Desk
|
26 Jun 2025 11:16 PM IST

പീറ്റ് ഹെഗ്‌സെത്തിന്റെ വാർത്താസമ്മേളനത്തിൽ തെളിവുകൾ നിരത്താനായില്ല

റിയാദ്: ഇറാന്റെ ആണവ പ്ലാന്റ് പൂർണമായും നശിപ്പിച്ചെന്ന് വിശദീകരിച്ചുള്ള യുഎസ് പ്രതിരോധ മന്ത്രാലയത്തിന്റെ വാർത്താസമ്മേളനം പാളി. തെളിവുകൾ വിശദീകരിക്കുമെന്ന് പ്രതീക്ഷിച്ച യുഎസ് വിദേശകാര്യ സെക്രട്ടറി പീറ്റ്-ഹെഗ്‌സെത്തിന്റെ വാർത്താസമ്മേളനത്തിലും തെളിവുകൾ നിരത്താനായില്ല. ബോംബുകൾ പ്ലാന്റിനകത്ത് പൊട്ടിത്തെറിച്ചെന്നാണ് വിശദീകരണം.

ഫോർദോ ഉൾപ്പെടെ ഇറാന്റെ പ്രധാന ആണവ നിലയങ്ങൾ തകർക്കാനായില്ലെന്നാണ് യുഎസ് പ്രതിരോധ മന്ത്രാലയത്തിന്റെ ഇന്റലീജൻസ് വിഭാഗം റിപ്പോർട്ട്. ഇത് ഉദ്യോഗസ്ഥർ മാധ്യമങ്ങൾക്ക് ചോർത്തി നൽകിയതോടെയാണ് ബങ്കർ ബസ്റ്റർ ബോംബുകൾക്കും പ്ലാന്റ് തകർക്കാനായില്ലെന്ന് യുഎസ് മാധ്യമങ്ങളുടെ റിപ്പോർട്ട് വന്നത്. പ്രതിരോധത്തിലായ ട്രംപ് ഭരണകൂടം പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് നീങ്ങുന്നതായാണ് സൂചന.

ഇതിനിടയിലാണ് ഇന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് വാർത്താ സമ്മേളനം വിളിച്ചത്. ഇതിൽ തെളിവുകൾ പുറത്ത് വിടുമെന്നായിരുന്നു ഇന്നലത്തെ പ്രഖ്യാപനം. എന്നാൽ യുഎസ് മാധ്യമങ്ങൾ വ്യാജപ്രചാരണം നടത്തുകയാണെന്ന് അദ്ദേഹം വാർത്താ സമ്മേളനത്തിൽ ആരോപിച്ചു. പിന്നാലെ വിശദീകരണം ഇങ്ങിനെ, മുപ്പതിനായിരം പൗണ്ട് ജിബിയു 57 ബങ്കർ ബസ്റ്റർ ബോംബുകൾ ആക്രമണത്തിന് ഉപയോഗിച്ചു. ഫോർദോയിലെ നിലയത്തിന്റെ മുകൾ ഭാഗത്ത് വെന്റിലേഷൻ ഷാഫ്റ്റ് ഉണ്ടായിരുന്നു. ഇത് ഇറാൻ ആക്രമണത്തിന് മുന്നേ സിമന്റിട്ട് അടച്ചു. അവിടെയാണ് ആദ്യം ബോംബിട്ടത്. പിന്നാലെ ഇതിനകത്ത് കൂടെ ബങ്കർ ബസ്റ്റർ ഇട്ടു. ഇവ താഴെയെത്തി പൊട്ടിയെന്ന് ഉറപ്പാണെന്നാണ് വിശദീകരണം. എന്നാൽ ഇതിന്റെ തെളിവുകളൊന്നും അദ്ദേഹം ഹാജരാക്കിയില്ല.

വാർത്ത പുറത്ത് വിട്ട സിഎൻഎൻ റിപ്പോർട്ടറെ പുറത്താക്കണമെന്നാണ് ട്രംപിന്റെ പ്രതികരണം. ആണവായുധമുണ്ടാക്കാനായി ഇറാൻ സമ്പുഷ്ടീകരിച്ച യുറേനിയം ഇല്ലാതാക്കിയോ എന്നായിരുന്നു അടുത്ത ചോദ്യം. അങ്ങിനെയാരു ഇന്റലിജൻസ് റിപ്പോർട്ട് ലഭിച്ചിട്ടില്ലെന്നാണ് അദ്ദേഹത്തിന്റെ മറുപടി. ഇതോടെ ആക്രമണം ഫലം കണ്ടില്ലെന്ന യുഎസ് മാധ്യമങ്ങളുടെ വാദം ബലപ്പെടുകയാണ്. സമ്പുഷ്‌കരിച്ച യുറേനിയം ഇറാൻ രഹസ്യമായി മാറ്റിയെന്ന് കരുതുന്നതായി യൂറോപ്യൻ യൂണിയനിലെ ചില രാജ്യങ്ങളും കരുതുന്നുണ്ട്. ഇറാൻ ഈ വിഷയത്തിൽ വിശദീകരണം നൽകാത്തതും ആണവ സമ്പുഷ്ടീകരണം വേഗത്തിലാക്കാനുള്ള നീക്കമായി യുഎസ് യൂറോപ്യൻ യൂണിയൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നുണ്ട്.

Similar Posts