< Back
World
അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരിരക്ഷ റദ്ദാക്കാനൊരുങ്ങി അമേരിക്ക
World

അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ നിയമപരിരക്ഷ റദ്ദാക്കാനൊരുങ്ങി അമേരിക്ക

Web Desk
|
22 March 2025 3:56 PM IST

ഒരു മാസത്തിനുള്ളില്‍ കുടിയേറ്റക്കാരെ നാടുകടത്താന്‍ സാധ്യതയുണ്ടെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് അറിയിച്ചു

വാഷിങ്ടൺ: അഞ്ച് ലക്ഷത്തിലധികം കുടിയേറ്റക്കാരുടെ താത്കാലിക നിയമപരിരക്ഷ റദ്ദാക്കാനൊരുങ്ങി അമേരിക്ക. ക്യൂബ, ഹെയ്തി, നിക്കരാഗ്വ, വെനസ്വേല എന്നീ നാല് രാജ്യങ്ങളില്‍ നിന്നുള്ള കുടിയേറ്റക്കാരുടെ നിയമപരിരക്ഷ റദ്ദാക്കുമെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് ഇന്നലെ അറിയിച്ചു. ഒരു മാസത്തിനുള്ളില്‍ കുടിയേറ്റക്കാരെ നാടുകടത്താന്‍ സാധ്യതയുണ്ടെന്നും ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പ് വ്യക്തമാക്കി.

2022 ഒക്ടോബർ മുതൽ അമേരിക്കയിലെത്തിയ നാല് രാജ്യങ്ങളിൽ നിന്നുള്ള ഏകദേശം 5,32,000 ആളുകൾക്ക് ഈ ഉത്തരവ് ബാധകമാണ്. സാമ്പത്തിക സ്‌പോണ്‍സര്‍ഷിപ്പില്‍ എത്തിയ ഇവര്‍ക്ക് യുഎസില്‍ താമസിക്കാനും ജോലി ചെയ്യാനും രണ്ട് വര്‍ഷത്തെ പെര്‍മിറ്റാണ് നല്‍കിയിരുന്നതെന്ന് ഹോംലാന്‍ഡ് സെക്യൂരിറ്റി സെക്രട്ടറി ക്രിസ്റ്റി നോം പറഞ്ഞു. ഏപ്രിൽ 24ന് അല്ലെങ്കിൽ, ഫെഡറൽ രജിസ്റ്ററിൽ നോട്ടീസ് പ്രസിദ്ധീകരിച്ച് 30 ദിവസങ്ങൾക്ക് ശേഷം അവരുടെ നിയമപരമായ പദവി നഷ്ടപ്പെടുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

നേരത്തെ പ്രസിഡന്റ് തെരഞ്ഞെടുപ്പിന്റെ പ്രചാരണവേളയില്‍ നിയമവിരുദ്ധമായി യുഎസില്‍ കഴിയുന്ന ദശലക്ഷക്കണക്കിന് ആളുകളെ നാടുകടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് വാഗ്ദാനം ചെയ്തിരുന്നു. പ്രസിഡന്റ് എന്ന നിലയിൽ കുടിയേറ്റക്കാർക്ക് യുഎസിലേക്ക് വരാനും താമസിക്കാനുമുള്ള നിയമപരമായ വഴികൾ അദ്ദേഹം നിർത്തലാക്കുകയും ചെയ്തു.

Similar Posts