
ടിക്‌ടോക്കുമായി കരാറിലെത്തിയതായി യുഎസ്; ട്രംപും ഷീ ജിൻപിങും കൂടിക്കാഴ്ച നടത്തും
|ടിക് ടോക്കിൻ്റെ 50 ശതമാനം നിയന്ത്രണം അമേരിക്കയ്‌ക്ക് നൽകണമെന്ന വ്യവസ്ഥ നേരത്തെ ട്രംപ് മുന്നോട്ടുവെച്ചിരുന്നു
വാഷിങ്ടണ്‍: ചൈനീസ് ആപ്ലിക്കേഷനായ ടിക്‌ടോക്കുമായി കരാറിലെത്തിയതായി ട്രംപ് ഭരണകൂടം. ഏറെ നാളെത്തെ പരിശ്രമത്തിനൊടുലാണ് ടിക്ടോക്ക് അമേരിക്കയില്‍ വീണ്ടും സജീവമാകാനൊരുങ്ങുന്നത്.
പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ താത്പര്യപ്രകാരമാണ് ചര്‍ച്ചകള്‍ പുരോഗമിച്ചിരുന്നത്. കരാറിലെത്തിയെന്നും ഇത് അന്തിമമാക്കാൻ ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങുമായി വരുന്ന വെളളിയാഴ്ച കൂടിക്കാഴ്ച നടത്തുമെന്നും യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് വ്യക്തമാക്കി. എന്തെല്ലാമാണ് കരാറിലുള്ളതെന്ന് വ്യക്തമല്ല.
വ്യാപാരവുമായി ബന്ധപ്പെട്ടും മറ്റ് കാര്യങ്ങളെക്കുറിച്ചും ചർച്ച ചെയ്യുന്നതിനായി ചൈനീസ്, യുഎസ് നയതന്ത്രജ്ഞർ ഈ ആഴ്ച സ്പെയിനിൽ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതില്‍ ടിക്ടോക്ക് പ്രധാന ചര്‍ച്ചാവിഷമായിരുന്നുവെന്നാണ് റിപ്പോര്‍ട്ടുകള്‍. ദേശീയ സുരക്ഷയെ ബാധിക്കുന്നുവെന്ന കാരണത്താലാണ് ടിക് ടോകിന് ബൈഡന്റെ കാലത്ത് നിരോധനമേര്‍പ്പെടുത്തിയത്. എന്നാല്‍ യുഎസ് പ്രസിഡന്റായി എത്തിയ ട്രംപ്, ടിക് ടോക് പുനഃസ്ഥാപിക്കുമെന്ന് പലവട്ടം വ്യക്തമാക്കിയിരുന്നു.
ടിക് ടോക്കിൻ്റെ 50 ശതമാനം നിയന്ത്രണം അമേരിക്കയ്‌ക്ക് നൽകണമെന്ന വ്യവസ്ഥയാണ് ട്രംപ് മുന്നോട്ടുവെച്ചിരുന്നത്. ചൈനീസ് മാതൃ കമ്പനിയായ ബൈറ്റ്ഡാൻസാണ് അമേരിക്കയിലെ ടിക്ടോക്കിനെ നിയന്ത്രിക്കുന്നത്. അമേരിക്കയിൽ ഒരുകോടിയിലധികം ഉപയോക്താക്കളാണ് ടിക്ക് ടോക്കിന് ഉള്ളത്.
അതേസമയം ടിക്‌ടോക്ക് ഇന്ത്യയിലേക്കും തിരിച്ചെത്തുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. ടിക്‌ടോക്കിനെ അഞ്ച് വര്‍ഷങ്ങള്‍ക്ക് മുമ്പാണ് കേന്ദ്രസര്‍ക്കാര്‍ സുരക്ഷാകാരണങ്ങള്‍ ചൂണ്ടിക്കാട്ടി നിരോധിച്ചത്. ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം അതിര്‍ത്തിയിലെ പ്രശ്‌നങ്ങള്‍ കാരണം വഷളായതിന് പിന്നാലെയായിരുന്നു ഇത്. ഇപ്പോള്‍ ഇരുരാജ്യങ്ങള്‍ക്കിടയിലെ ബന്ധം ഊഷ്മളമാകുന്ന പശ്ചാത്തലത്തിലാണ് ഇങ്ങനെ റിപ്പോര്‍ട്ടുകള്‍ വരാന്‍ കാരണം. എന്നാല്‍ ടിക്‌ടോക്കിന്റെ ഇന്ത്യയിലേക്കുള്ള മടങ്ങിവരവ് സംബന്ധിച്ച ഔദ്യോഗികമായ ഒരു സ്ഥിരീകരണവും ടിക്‌ടോക്കിന്റേയോ മാതൃകമ്പനിയായ ബൈറ്റ്ഡാന്‍സിന്റേയോ ഇതുവരെ വന്നിട്ടില്ല.