< Back
World
ട്രാൻസ്ജെൻഡറുകളെ പിന്തുണയ്ക്കുന്ന സംഘടനകൾക്കുള്ള ധനസഹായം നിർത്തലാക്കാനൊരുങ്ങി ട്രംപ് ഭരണകൂടം

Photo | GLAAD

World

ട്രാൻസ്ജെൻഡറുകളെ പിന്തുണയ്ക്കുന്ന സംഘടനകൾക്കുള്ള ധനസഹായം നിർത്തലാക്കാനൊരുങ്ങി ട്രംപ് ഭരണകൂടം

Web Desk
|
2 Oct 2025 5:43 PM IST

ട്രാന്‍സ്‌ജെന്‍ഡര്‍ പ്രോഗ്രാമുകളെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫെഡറല്‍ ഫണ്ടിങ് നിര്‍ത്തലാക്കുമെന്നാണ് സൂചന

വാഷിങ്ടൺ: ട്രാൻസ്ജെൻഡർ വിഭാഗങ്ങൾക്ക് പിന്തുണ നൽകുന്ന സംഘടനകൾക്കുള്ള ധനസഹായം നിർത്തലാക്കാനൊരുങ്ങി ട്രംപ് ഭരണകൂടം. വിദേശത്ത് പ്രവര്‍ത്തിക്കുന്ന ഏതൊരു സംഘടനയ്‌ക്കോ സര്‍ക്കാരിനോ നല്‍കുന്ന ഫെഡറല്‍ ഫണ്ടിങ് നിര്‍ത്തിവെക്കാനാണ് ട്രംപ് ഭരണകൂടം പദ്ധതിയിടുന്നത്.

യുഎസ് ഉദ്യോഗസ്ഥനെയും സന്നദ്ധ സംഘടനകളെയും ഉദ്ധരിച്ച് അമേരിക്കൻ മാധ്യമമാണ് ഈ നയംമാറ്റം സംബന്ധിച്ച റിപ്പോർട്ട് പുറത്തുവിട്ടത്. ട്രാന്‍സ്‌ജെന്‍ഡര്‍ പ്രോഗ്രാമുകളെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങള്‍ക്കുള്ള യുഎസ് ഫണ്ടിങ് നിര്‍ത്തലാക്കുമെന്നാണ് സൂചന.

യുഎസിന്‍റെ സഹായം സ്വീകരിക്കുന്ന വിദേശ സ്ഥാപനങ്ങൾ, ഗര്‍ഭച്ഛിദ്രം സംബന്ധിച്ച സേവനങ്ങള്‍ നല്‍കുന്നതും അതിന് പ്രോത്സാഹിപ്പിക്കുന്നതും വിലക്കിക്കൊണ്ടുള്ള 'മെക്‌സിക്കോ സിറ്റി പോളിസി' എന്ന നയത്തിന്‍റെ വിപുലീകരണമായാണ് പുതിയ നീക്കമെന്നാണ് വിലയിരുത്തൽ. പുതിയ നയപ്രകാരം ലിംഗരാഷ്ട്രീയം, ലിംഗസമത്വം തുടങ്ങിയ ആശങ്ങളെയും എല്‍ജിബിടി ആശയങ്ങളെയും പ്രോത്സാഹിപ്പിക്കുന്ന പദ്ധതികളെ പിന്തുണയ്ക്കുന്ന വിദേശ സ്ഥാപനങ്ങള്‍ക്കുള്ള ഫണ്ടിങ് നിര്‍ത്തലാക്കുമെന്നാണ് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തത്.

സന്നദ്ധ സംഘടനകള്‍, വിദേശ സര്‍ക്കാരുകള്‍, ഐക്യരാഷ്ട്ര സഭയുടെ പരിപാടികള്‍ എന്നിവയ്ക്ക് ഈ വിലക്ക് ബാധകമാകുമെന്നും റിപ്പോര്‍ട്ടുകൾ സൂചിപ്പിക്കുന്നു. വിദേശത്തും സ്വദേശത്തുമുള്ള യുഎസ് സഹായം സ്വീകരിക്കുന്ന എന്‍ജിഒകള്‍, അന്താരാഷ്ട്ര സംഘടനകള്‍, വിദേശ സർക്കാരുകള്‍ എന്നിവയ്ക്ക് ഗര്‍ഭച്ഛിദ്രം, ലിംഗരാഷ്ട്രീയം എന്നിവയെ പ്രോത്സാഹിപ്പിക്കുന്നതിന് വിലക്കുണ്ടാകും.

നയംമാറ്റം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് 'അമേരിക്ക ഫസ്റ്റ്' എന്ന വിദേശനയം മുന്നോട്ടുകൊണ്ടുപോകുന്നത് തുടരുമെന്നായിരുന്നു ബന്ധപ്പെട്ട ഉദ്യോഗസ്ഥന്റെ മറുപടിയെന്ന് റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു. പദ്ധതിയുടെ വിശദാംശങ്ങള്‍ ട്രംപ് ഭരണകൂടം തങ്ങളെ അറിയിച്ചതായി ഗ്ലോബല്‍ ഹെല്‍ത്ത് കൗണ്‍സില്‍, എംഎസ്‌ഐ റീപ്രൊഡക്ടീവ് ചോയിസസ് എന്നീ സംഘടനകൾ വെളിപ്പെടുത്തിയിട്ടുള്ളതായും മാധ്യമങ്ങളുടെ റിപ്പോർട്ടുകളിൽ ചൂണ്ടിക്കാട്ടി.

Similar Posts