
ഗുസ്താവോ പെട്രോ- Photo| Reuters
ഫലസ്തിൻ അനുകൂല റാലിയിലെ ട്രംപിനെതിരെയുള്ള പരാമർശം: കൊളംബിയൻ പ്രസിഡന്റിന്റെ വിസ റദ്ദാക്കുമെന്ന് യുഎസ്
|മെഗാഫോണിലൂടെ കഫിയ അണിഞ്ഞ് വലിയ ജനക്കൂട്ടത്തോട് സംസാരിക്കുന്നതിന്റെ വീഡിയോ പെട്രോ തന്നെ സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു
ന്യൂയോര്‍ക്ക്: കൊളംബിയൻ പ്രസിഡന്റ് ഗുസ്താവോ പെട്രോയുടെ വിസ റദ്ദാക്കുമെന്ന് യുഎസ്. ന്യൂയോർക്കിൽ നടന്ന ഫലസ്തീൻ അനുകൂല പ്രകടനത്തില്‍ പെട്രോ പങ്കെടുത്തിരുന്നു. ഇതില്‍ യുഎസ് പ്രസിഡന്റ് ട്രംപിനെതിരെ പ്രകോപനമായ രീതിയില്‍ സംസാരിച്ചെന്നാരോപിച്ചാണ് യുഎസ് സ്റ്റേറ്റ് ഡിപാര്‍ട്മെന്റിന്റെ നടപടി.
യുഎന്‍ അസംബ്ലിയിലും ഫലസ്തീന്‍ പരിപാടിയിലും പങ്കെടുത്ത അദ്ദേഹം കൊളംബിയയിലേക്ക് യാത്ര തിരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വിസ റദ്ദാക്കുമെന്ന് അമേരിക്ക അറിയിച്ചതെന്ന് കൊളംബിയന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഐക്യരാഷ്ട്രസഭയില്‍ സംബന്ധിക്കാനാണ് കൊളംബിയന്‍ പ്രസിഡന്റ് അമേരിക്കയിലെത്തുന്നത്. യുഎന്നില്‍ ഇസ്രായേലിനെ രൂക്ഷമായി വിമര്‍ശിക്കുകയും ചെയ്തിരുന്നു. പിന്നാലെ ബ്രസീല്‍ പ്രസിഡന്റ് കെട്ടിപിടിച്ച് പെട്രോയുടെ തലയില്‍ ചുംബിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വൈറലായിരുന്നു.
ഒരു മെഗാഫോണിലൂടെ കഫിയ അണിഞ്ഞ് വലിയ ജനക്കൂട്ടത്തോട് സംസാരിക്കുന്നതിന്റെ വീഡിയോ പെട്രോ തന്നെ സമൂഹമാധ്യമത്തില്‍ കുറിച്ചിരുന്നു. ലോകത്തിന്റെ രക്ഷയ്ക്കായി ഒരു സൈന്യത്തെ രൂപപ്പെടുത്താന്‍ ശ്രമിക്കുന്നൊരു പ്രമേയം യുഎന്നില്‍ അവതരിപ്പിക്കാൻ തന്റെ രാജ്യം പദ്ധതിയിടുന്നുവെന്നും അതിന്റെ ആദ്യ ജോലി ഫലസ്തീന്‍ വിമോചനമായിരിക്കുമെന്നും പെട്രോ റാലിയില്‍ പറഞ്ഞു.
'ലോക രാജ്യങ്ങൾ ഇതിലേക്ക് സൈനികരെ സംഭാവന ചെയ്യും അന്താരാഷ്ട്ര നീതി നടപ്പിലാക്കുമെന്നും അത് യുഎസ് സൈന്യത്തേക്കാൾ വലുതായിരിക്കണമെന്നും'- പെട്രോ പറഞ്ഞു. പിന്നാലെ യുഎസ് സൈന്യത്തെ പേരെടുത്ത് പറഞ്ഞും അദ്ദേഹം ചില കാര്യങ്ങള്‍ പറയുകയുണ്ടായി. 'യുഎസ് സൈന്യത്തിലെ എല്ലാ സൈനികരോടുമായി എനിക്ക് പറയാനുള്ളത്, മാനവികതയ്ക്ക് നേരെ നിങ്ങള്‍ തോക്ക് ചൂണ്ടരുതെന്നാണ്. ട്രംപിന്റെ ആജ്ഞകൾ അനുസരിക്കരുത്. മനുഷ്യരാശിയുടെ ആജ്ഞകൾ അനുസരിക്കുക''- പെട്രോ പറഞ്ഞു.