
ഇതിലും ഭേദം യുദ്ധം: ഇറാനെ പൂട്ടാൻ പോയ യുഎസ് നാവികർ 'ടോയ്‌ലറ്റിൽ' പോലും പോകാനാവാതെ നടുക്കടലിൽ
|കപ്പലിലെ മലിനജല സംസ്‌കരണ സംവിധാനവും (Sewage system) ശുചിമുറികളും തകരാറിലായതാണ് നാവികരെ വലയ്ക്കുന്നത്
വാഷിംഗ്ടൺ: ഇറാൻ-അമേരിക്ക ആണവ കരാർ പുനരുജ്ജീവിപ്പിക്കുന്നതിനുള്ള മൂന്നാം ഘട്ട പരോക്ഷ ചർച്ചകൾ വ്യാഴാഴ്ച ജനീവയിൽ ആരംഭിക്കും. ഇറാൻ വിദേശകാര്യ മന്ത്രി അബ്ബാസ് അരാഗ്ചിയും അമേരിക്കൻ പ്രതിനിധി സ്റ്റീവ് വിറ്റ്‌കോഫും ചർച്ചകളിൽ പങ്കെടുക്കും. എന്നാൽ, ട്രംപ് ഭരണകൂടത്തിന്റെ കടുത്ത നിലപാടുകൾ കാരണം ഈ ഘട്ടത്തിൽ ഒരു പൂർണമായ കരാറിലെത്താൻ സാധ്യത കുറവാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
ചർച്ചകൾ പുരോഗമിക്കവേ ഇറാന് മേൽ സൈനിക സമ്മർദ്ദം ചെലുത്തുന്നതിനായി ലോകത്തിലെ ഏറ്റവും വലിയ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് അമേരിക്ക മേഖലയിൽ വിന്യസിച്ചിരുന്നു. എന്നാൽ, മേഖലയിൽ കരുത്ത് കാട്ടേണ്ട കപ്പലിലെ നാവികർ ഇപ്പോൾ കടുത്ത ആഭ്യന്തര പ്രതിസന്ധിയിലാണ്. കപ്പലിലെ മലിനജല സംസ്‌കരണ സംവിധാനവും (Sewage system) ശുചിമുറികളും തകരാറിലായതാണ് നാവികരെ വലയ്ക്കുന്നത്. ഏകദേശം 4,500ലധികം സൈനികരുള്ള കപ്പലിൽ 650 ശുചിമുറികളാണുള്ളത്. ഇതിൽ ഭൂരിഭാഗവും ഇപ്പോൾ പ്രവർത്തനരഹിതമാണ്.
വാക്വം അധിഷ്‌ഠിത സംവിധാനത്തിലെ ഒരു വാൽവ് പരാജയപ്പെട്ടാൽ പോലും ഒരു വിഭാഗത്തിലെ മുഴുവൻ ശുചിമുറികളും നിശ്ചലമാകുന്ന അവസ്ഥയാണുള്ളത്. പൈപ്പുകളിൽ കാൽസ്യം അടിഞ്ഞുകൂടുന്നത് തടയാൻ ആസിഡ് ഉപയോഗിച്ച് ശുചീകരിക്കണം (Acid Flush). ഇതിനായി ഓരോ തവണയും 400,000 ഡോളറോളം അമേരിക്കൻ നാവികസേനയ്ക്ക് ചെലവാകുന്നുണ്ട്. ശുചിമുറി ആവശ്യങ്ങൾക്കായി സൈനികർക്ക് ദിവസവും 45 മിനിറ്റ് വരെ ക്യൂ നിൽക്കേണ്ടി വരുന്നത് വലിയ അസ്വസ്ഥതകൾക്ക് കാരണമാകുന്നു.
സാധാരണ ആറുമാസത്തെ ദൗത്യത്തിനായി കടലിലിറങ്ങുന്ന കപ്പലിന്റെ സേവന കാലാവധി സംഘർഷ സാഹചര്യങ്ങൾ കണക്കിലെടുത്ത് എട്ടു മാസത്തേക്ക് കൂടി നീട്ടിയിരുന്നു. വെനസ്വേലൻ പ്രതിസന്ധിക്കും ഇറാനുമായുള്ള തർക്കങ്ങൾക്കും പിന്നാലെ കപ്പൽ വിശ്രമമില്ലാതെ കടലിൽ തുടരുന്നത് അറ്റകുറ്റപ്പണികൾ മുടങ്ങാൻ കാരണമായി.
തുടർച്ചയായ ജോലിഭാരവും വൃത്തിഹീനമായ സാഹചര്യങ്ങളും നാവികരുടെ മാനസിക-ശാരീരിക ആരോഗ്യത്തെ ബാധിക്കുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു. കുടുംബങ്ങളിൽ നിന്ന് മാസങ്ങളോളം അകന്നുനിൽക്കുന്ന സൈനികരുടെ മനോവീര്യം തകരുന്നത് ഇറാനെ നേരിടുന്നതിൽ കപ്പലിന്റെ കാര്യക്ഷമതയെ ബാധിക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു.