
Cardinal Pietro Parolin Photo| Shafaq News – Vatican
'ഗസ്സയിലെ കൂട്ടക്കൊല തടയാൻ ലോക ശക്തികൾ ഒന്നും ചെയ്തില്ല'; വിമര്‍ശനവുമായി വത്തിക്കാൻ
|ഫലസ്തീൻ രാഷ്ട്രത്തിന്‍റെ രൂപീകരണത്തെ നിരാകരിക്കുന്ന ഇസ്രായേലി പ്രസ്താവനകളിൽ പരോളിൻ ആശങ്ക പ്രകടിപ്പിക്കുകയും അന്താരാഷ്ട്ര സമൂഹത്തിന്‍റെ നിഷ്‌ക്രിയത്വത്തെ വിമർശിക്കുകയും ചെയ്തു
വത്തിക്കാന്‍: ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന വംശഹത്യയെ അപലപിച്ച് വത്തിക്കാന്‍റെ ഉന്നത നയതന്ത്രജ്ഞൻ കർദിനാൾ പിയട്രോ പരോളിൻ. ഹമാസിനെ ലക്ഷ്യമിട്ട് നിരായുധരായ സാധാരണക്കാരുടെ ജീവിതത്തെ അവഗണിക്കുന്ന യുദ്ധമാണ് ഇസ്രായേൽ നടത്തുന്നതെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വത്തിക്കാൻ പത്രമായ എൽ'ഒസെർവറ്റോർ റൊമാനോയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു കര്‍ദിനാൾ.
ഒക്ടോബർ 7-ന് ഇസ്രായേലിനെതിരെ ഹമാസ് നടത്തിയ ആക്രമണത്തെ 'മനുഷ്യത്വരഹിതവും പ്രതിരോധിക്കാൻ കഴിയാത്തതും' എന്ന് പരോളിൻ വിശേഷിപ്പിക്കുകയും ശേഷിക്കുന്ന ഇസ്രായേലി ബന്ദികളെ മോചിപ്പിക്കാൻ സംഘത്തോട് ആവശ്യപ്പെടുകയും ചെയ്തു.
ഫലസ്തീൻ രാഷ്ട്രത്തിന്‍റെ രൂപീകരണത്തെ നിരാകരിക്കുന്ന ഇസ്രായേലി പ്രസ്താവനകളിൽ പരോളിൻ ആശങ്ക പ്രകടിപ്പിക്കുകയും അന്താരാഷ്ട്ര സമൂഹത്തിന്‍റെ നിഷ്‌ക്രിയത്വത്തെ വിമർശിക്കുകയും ചെയ്തു. ശക്തമായ രാജ്യങ്ങൾ കൂട്ടക്കൊല തടയാൻ ഇതുവരെ ഒന്നും ചെയ്തിട്ടില്ലെന്നും ചൂണ്ടിക്കാട്ടി . ഗസ്സയിൽ സംഭവിക്കുന്നത് അസ്വീകാര്യമാണെന്ന് പറയുകയും അത് തുടരാൻ അനുവദിക്കുകയും ചെയ്യുകയാണെന്നും അദ്ദേഹം പറഞ്ഞു. സിവിലിയന്മാർക്കെതിരെ ഉപയോഗിക്കുന്ന ആയുധങ്ങൾ തുടർന്നും വിതരണം ചെയ്യുന്നതിന്‍റെ നിയമസാധുതയെക്കുറിച്ച് ഗുരുതരമായ ചോദ്യങ്ങൾ ഉയർത്തേണ്ടതുണ്ടെന്ന് കൂട്ടിച്ചേർത്തു.
ഫലസ്തീൻ രാഷ്ട്രത്തെക്കുറിച്ചുള്ള ചോദ്യത്തിൽ, അത്തരമൊരു രാഷ്ട്രം മറ്റുള്ളവർക്ക് ഭീഷണി ഉയർത്തുന്നില്ലെന്നും അയൽക്കാരുമായി സമാധാനപരമായി സഹവർത്തിക്കാൻ കഴിയുമെന്നും പരോളിൻ അഭിപ്രായപ്പെട്ടു. ഫലസ്തീനെ അംഗീകരിക്കുന്ന രാജ്യങ്ങളുടെ എണ്ണം വർധിക്കുന്നതിനെ അദ്ദേഹം സ്വാഗതം ചെയ്തു. ദ്വിരാഷ്ട്ര പരിഹാരം എക്കാലത്തേക്കാളും ആവശ്യവും യാഥാർഥ്യബോധമുള്ളതുമാണെന്നും കര്‍ദിനാൾ പറഞ്ഞു.