< Back
World
അമേരിക്കക്കെതിരെ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ സൈനിക സഹായം തേടി വെനസ്വേല
World

അമേരിക്കക്കെതിരെ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ സൈനിക സഹായം തേടി വെനസ്വേല

Web Desk
|
2 Nov 2025 1:51 PM IST

റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനോടും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിനോടും കത്തിലൂടെയാണ് മദൂറോ അഭ്യർഥന നടത്തിയത്

കാരക്കാസ്: കരീബിയൻ കടലിൽ അമേരിക്കയുടെ ഉപരോധവും സേനാവിന്യാസവും കടുപ്പിക്കുന്നതിനിടെ റഷ്യ, ചൈന, ഇറാൻ എന്നീ രാജ്യങ്ങളുടെ സൈനീക സഹായം തേടി വെനസ്വേല. പ്രതിരോധ റഡാറുകൾ, വിമാന അറ്റകുറ്റപ്പണി, മിസൈലുകൾ എന്നിവക്കായി വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മദൂറോ പ്രസ്‌തുത രാജ്യങ്ങളെ ബന്ധപ്പെട്ടുവെന്ന് വാഷിങ്‌ടൺ പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നു.

റഷ്യൻ പ്രസിഡൻ്റ് വ്ളാദിമിർ പുടിനോടും ചൈനീസ് പ്രസിഡൻ്റ് ഷി ജിൻപിങ്ങിനോടും കത്തിലൂടെ അഭ്യർഥനകൾ നടത്തിയ മദൂറോ ചൈനീസ് കമ്പനികളുടെ റഡാർ കണ്ടെത്തൽ സംവിധാനങ്ങളുടെ ഉൽപാദനം വേഗത്തിലാക്കാൻ ചൈനീസ് സർക്കാറിനോട് ആവശ്യപ്പെട്ടു. വെനസ്വേലയുടെ ദേശീയ പരമാധികാരത്തെ വെല്ലുവിളിക്കുന്ന ഭീഷണി എവിടെ നിന്ന് വന്നാലും അവയെ മറികടക്കാൻ സഹായിക്കുമെന്നുമാണ് സഹായ അഭ്യർഥനയോട് റഷ്യൻ വിദേശകാര്യ മന്ത്രാലയ വക്താവ് മരിയ സഖാരോവ പ്രതികരിച്ചത്.

അമേരിക്കയുടെ ഏറ്റവും നൂതനമായ വിമാനവാഹിനിക്കപ്പലായ യുഎസ്എസ് ജെറാൾഡ് ആർ ഫോർഡ് കരീബിയൻ പ്രദേശത്തേക്ക് എത്തിച്ചിരുന്നു. ലഹരിക്കടത്ത് തടയുന്നതിനുള്ള യുഎസ് നടപടികളുടെ ഭാഗമായാണ് ഈ നീക്കമെന്നാണ് പറയപ്പെടുന്നത്. നിലവിൽ മെഡിറ്ററേനിയൻ കടലിലാണ് കപ്പലുള്ളത്. താമസിയാതെ കപ്പൽ ലാറ്റിൻ അമേരിക്കൻ തീരത്തേക്ക് നീങ്ങും. ഈ വിന്യാസത്തോടെ കരീബിയൻ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യം വർധിച്ചു.

യുഎസിലേക്ക് മയക്കുമരുന്നു കടത്തുന്നതായി ആരോപിച്ച് വെനസ്വേല തീരത്ത് നിരവധി ബോട്ടുകൾ യുഎസ് സൈന്യം തകർത്തതും അടുത്തിടെയാണ്. മയക്കുമരുന്നു ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകൾ മദൂറോ യുഎസിൽ നേരിടുന്നുണ്ട്. മദൂറോ മയക്കുമരുന്ന് കടത്ത് സംഘടനയുടെ നേതാവാണെന്നാണ് ട്രംപ് ആരോപിക്കുന്നത്. എന്നാൽ ട്രംപിന്റെ വാദങ്ങളെ മദൂറോ തള്ളി.

Similar Posts