< Back
World
അര്‍ധനഗ്ന നൃത്തവേദി, ഹുക്ക ലോഞ്ച്, ഐസ് റിങ്ക്; പുടിന്റെ രഹസ്യക്കൊട്ടാര ചിത്രങ്ങൾ പുറത്ത്
World

അര്‍ധനഗ്ന നൃത്തവേദി, ഹുക്ക ലോഞ്ച്, ഐസ് റിങ്ക്; പുടിന്റെ രഹസ്യക്കൊട്ടാര ചിത്രങ്ങൾ പുറത്ത്

Web Desk
|
23 Jan 2022 10:38 AM IST

കരിങ്കടൽ തീരത്തുള്ള കൊട്ടാരത്തിന്റെ 479 ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്

റഷ്യൻ പ്രസിഡണ്ട് വ്‌ളാഡിമിർ പുടിന്റേതെന്ന് കരുതുന്ന രഹസ്യക്കൊട്ടാരത്തിന്റെ നൂറു കണക്കിന് ചിത്രങ്ങൾ പുറത്ത്. ജയിലിൽ കഴിയുന്ന റഷ്യൻ ആക്ടിവിസ്റ്റ് അലക്‌സി നവാൽനിയുടെ അനുയായികളാണ് ചിത്രങ്ങൾ പുറത്തുവിട്ടത്. ഇത്തരമൊരു കൊട്ടാരമില്ല എന്ന് സർക്കാർ നിഷേധിക്കുന്നതിനിടെയാണ് ചിത്രങ്ങൾ പുറത്തുവരുന്നത്.


കരിങ്കടൽ തീരത്തെ ഗെലെൻഡ്‌സിക്കിന് സമീപം നൂറു ബില്യൺ റൂബിൾസ് ചെലവഴിച്ച് പണി കഴിപ്പിച്ചതാണ് കൊട്ടാരം എന്നാണ് ആന്റി കറപ്ഷൻ ഫൗണ്ടേഷൻ എന്ന സംഘടന പറയുന്നത്. സർക്കാർ സ്വാധീനം ഉപയോഗിച്ച് അഴിമതി നടത്തിയാണ് കൊട്ടാരം നിർമിച്ചതെന്നും സംഘടന ആരോപിക്കുന്നു. ഫൗണ്ടേഷന്റെ പ്രസ്താവന ശുദ്ധ അസംബന്ധമാണ് എന്നാണ് ക്രംലിൻ വക്താവ് ദിമിത്രി പെസോകോവ് പ്രതിരിച്ചിരുന്നത്.

കൊട്ടാരത്തിന്റെ 479 ചിത്രങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. ആഡംബരപൂർണമായ കിടപ്പുമുറികൾ, പോൾ ഡാൻസിങ് എന്ന അർധനഗ്‌ന നൃത്തം നടത്തുന്നതിനായുള്ള പ്രത്യേക വേദി, വിലകൂടിയ ടൈലുകളും സിറാമിക് സാമഗ്രികളും അലങ്കരിക്കുന്ന ശുചിമുറികൾ, തിയറ്റർ, ഐസ് ഹോക്കി റിങ്ക് തുടങ്ങിയവ കൊട്ടാരത്തിലുണ്ട്. കൊട്ടാരവളപ്പിൽ സ്വകാര്യ ബോട്ടു ജെട്ടിയും മുന്തിരിത്തോട്ടങ്ങളുമുണ്ട്. 17,691 ചതുരശ്ര അടി പടർന്നു കിടക്കുന്നതാണ് കൊട്ടാരം.

കൊട്ടാരത്തിനടുത്തുള്ള ഏഴായിരം ഏക്കർ ബഫർ സോണാണ്. റഷ്യൻ ഫെഡറൽ സെക്യൂരിറ്റി സർവീസിനാണ് ഈ മേഖലയിലെ നിയന്ത്രണം. എസ്റ്റേറ്റിന് മുകളിലൂടെ വിമാനം പറത്തുന്നതിന് അനുമതിയില്ല. എസ്റ്റേറ്റിന് അകത്തേക്ക് ക്യാമറയുള്ള മൊബൈൽ ഫോണുകൾക്ക് സമ്പൂർണ നിയന്ത്രണമുണ്ട്.

Similar Posts