< Back
World
Wafaa Hamad the sole survivor after family killed in Israeli air strike in western Gaza has died
World

ഒരു വർഷം മുമ്പ് കുടുംബം ഇസ്രായേൽ ആക്രമണത്തിൽ കൊല്ലപ്പെട്ടു; കാൽ നഷ്ടപ്പെട്ട് ചികിത്സ കിട്ടാതെ ഇപ്പോൾ വഫയും

Web Desk
|
9 Nov 2025 4:21 PM IST

ഗസ്സയിൽ രണ്ട് വർഷത്തിലേറെയായി ഇസ്രായേൽ നടത്തിവരുന്ന വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 69,196 ആയി.

​ഗസ്സ സിറ്റി: ​ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന കിരാത കൂട്ടക്കുരുതിയിൽ ഒരു വർഷം മുമ്പ് കുടുംബത്തെ നഷ്ടമായി ഒറ്റപ്പെടുകയും വേദനയിൽ നീറിക്കഴിയുകയും ചെയ്ത പെൺകുട്ടിയും ഒടുവിൽ മരണത്തിന് കീഴടങ്ങി. ആക്രമണത്തിൽ കാൽ നഷ്ടമായ അവൾ ഇസ്രായേൽ ഉപരോധത്തെ തുടർന്ന് ആവശ്യമായ ചികിത്സ കിട്ടാതെയാണ് മരണം പുൽകിയത്.

പടിഞ്ഞാറൻ ​ഗസ്സയിൽ 2024 സെപ്തംബർ മൂന്നിന് ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ കുടുംബത്തെയാകെ നഷ്ടമായ വഫാ ഹമദാണ് ഇപ്പോൾ മരണത്തിന് കീഴടങ്ങിയത്. ആക്രണത്തിൽ കുടുംബത്തിലെ ഏഴ് പേരെയാണ് വഫയ്ക്ക് നഷ്ടമായത്. കൂടാതെ വഫയുടെ വലതുകാൽ നഷ്ടപ്പെട്ടു.

ഇടതുവശത്ത് ഗുരുതരമായി പരിക്കേറ്റു. ആന്തരികാവയവങ്ങൾക്കേറ്റ പരിക്കിനെത്തുടർന്ന് അബോധാവസ്ഥയിലായ വഫയെ പിന്നീട് കോമയിലേക്കും ആവശ്യമായ ചികിത്സ തടഞ്ഞ് മരണത്തിലേക്കും തള്ളിയിടുകയായിരുന്നു ഇസ്രായേൽ.

ഗസ്സയിൽ‌ അവശേഷിക്കുന്ന ഭാ​ഗികമായി തകർന്ന ആശുപത്രിയിൽ മാസങ്ങളായി ​കഴിഞ്ഞുവന്നിരുന്ന വഫയ്ക്ക്, ഇസ്രായേൽ ഉപരോധത്തെ തുടർന്ന് ആവശ്യമായ മരുന്നും പരിചരണവും ലഭിക്കാതായതോടെയാണ് ജീവൻ നഷ്ടമായത്. ഗസ്സയുടെ ആരോഗ്യ സംരക്ഷണ സംവിധാനമാകെ ഇസ്രായേൽ നശിപ്പിക്കുകയും പലായനവും സുപ്രധാന വൈദ്യസഹായവും തടയുകയും ചെയ്തതോടെയാണ് വഫയും മരണം പുൽകിയത്.

അതേസമയം, ഒരു വശത്ത് ഔദ്യോ​ഗിക വെടിനിർത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും കരാറെല്ലാം ലംഘിച്ച് ​ഗസ്സയിൽ ആക്രമണം തുടരുകയാണ് ഇസ്രായേൽ. തെക്കൻ ​ഗസ്സയിലെ ​ഖാൻ യൂനിസിലെ ബാനി സുഹെയ്ലയിൽ നടത്തിയ ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടു.

ഇന്ന് രാവിലെ അധിനിവിഷ്ട വെസ്റ്റ് ബാങ്കിൽ നടന്ന രണ്ട് വ്യത്യസ്ത ആക്രമണങ്ങളിൽ ഇസ്രായേലി കുടിയേറ്റക്കാർ ഏഴ് ഫലസ്തീനികളെ ആക്രമിച്ചു പരിക്കേൽപ്പിച്ചു. ​ഗസ്സയിൽ രണ്ട് വർഷത്തിലേറെയായി ഇസ്രായേൽ നടത്തിവരുന്ന വംശഹത്യയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 69,196 ആയി.

ഒക്ടോബർ 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വന്നതിനുശേഷം 240 ലധികം പലസ്തീനികളെ ഇസ്രായേൽ സൈന്യം കൊന്നൊടുക്കിയതായി ഗസ്സ ആരോഗ്യ മന്ത്രാലയം അറിയിച്ചു. 2014 മുതൽ ​ഗസ്സയിലുള്ള ഇസ്രായേൽ സൈനികൻ ഹദർ ഗോൾഡിന്റെ മൃതദേഹം ഇന്ന് തിരികെ നൽകുമെന്ന് ഹമാസ് അറിയിച്ചിട്ടുണ്ട്.

പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ്, ദേശീയ സുരക്ഷാ മന്ത്രി ഇറ്റാമർ ബെൻ-ഗ്വിർ, സൈനിക മേധാവി ഇയാൽ സമീർ എന്നിവരുൾപ്പെടെയുള്ള ഇസ്രായേലി ഉദ്യോഗസ്ഥർക്കെതിരെ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ച തുർക്കിയുടെ നീക്കത്തെ പ്രശംസിച്ച് ഫലസ്തീൻ വിദേശകാര്യ മന്ത്രാലയം രം​ഗത്തെത്തി.

Similar Posts