
'ഞങ്ങള്‍ക്ക് നല്ല ഭാവി സൃഷ്ടിച്ചെടുക്കണം'; രണ്ട് വര്‍ഷത്തിന് ശേഷം ഗസ്സയിലെ കുട്ടികള്‍ വീണ്ടും സ്‌കൂളിലെത്തി
|ഗസ്സയിലെ 6,25,000 കുട്ടികളുടെ പഠനം മുടങ്ങിയിരുന്നു
ഗസ്സ സിറ്റി: പുതിയ അധ്യയന വര്‍ഷത്തിന് തിങ്കളാഴ്ച തുടക്കമായതിനാല്‍ രണ്ട് വര്‍ഷത്തിന് ശേഷം ഗസ്സയിലെ കുട്ടികള്‍ വീണ്ടും സ്‌കൂളിലെത്തി. ഇസ്രായേല്‍ ആക്രമണങ്ങള്‍ കാരണം കഴിഞ്ഞ രണ്ട് വര്‍ഷമായി ഗസ്സയില്‍ സ്‌കൂളുകള്‍ അടഞ്ഞുകിടക്കുകയായിരുന്നു. 6,25,000 കുട്ടികളുടെ പഠനമാണ് ഇതുമൂലം മുടങ്ങിയിരുന്നത്.
ഞങ്ങള്‍ക്ക് യൂനിഫോമുകളില്ല. എന്നാല്‍ അത് പഠിക്കുന്നതില്‍ നിന്ന് ഞങ്ങളെ തടയുന്നില്ല. ഞങ്ങളുടെ സ്‌കൂളുകള്‍ തകര്‍ക്കപ്പെട്ടുവെങ്കിലും നല്ല ഭാവി സൃഷ്ടിച്ചെടുക്കാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നു എന്ന് പത്താം ക്ലാസ് വിദ്യാര്‍ഥിയായ മഹമൂദ് ബാഷിര്‍ ദ ന്യു അറബിനോട് പറഞ്ഞു.
'ഇന്ന് ഞാന്‍ വീണ്ടും സഹപാഠികളെ കണ്ടു. അവരില്‍ പലരും മോശം അനുഭവങ്ങളിലൂടെയാണ് കടന്നു പോകുന്നത്. ചിലര്‍ക്ക് കുടുംബം നഷ്ടപ്പെട്ടു, ചിലരുടെ വീട് തകര്‍ന്നു. എന്നാല്‍ അവരെല്ലാം തകര്‍ന്ന ക്ലാസ് റൂമുകളിലുണ്ട്. ഒന്നിനും തങ്ങളെ തടയാന്‍ കഴിയില്ല. വിദ്യാഭ്യാസം ഞങ്ങളുടെ ജീവിതത്തില്‍ മാറ്റം കൊണ്ടുവരും. അതിനാല്‍ പ്രതിസന്ധിക്കിടയിലും തങ്ങള്‍ പഠിക്കും'- മഹമൂദ് ബാഷിര്‍ പറഞ്ഞു.