
'ഇറാൻ്റെ ആണവ മോഹങ്ങളെ തകർക്കും'; ഓപ്പറേഷൻ എപ്പിക് ഫ്യൂറി തുടരുമെന്ന് അമേരിക്ക
|നിലവിൽ കരസേനയെ ഇറാനിൽ വിന്യസിച്ചിട്ടില്ല, ഭാവിയിൽ അത്തരം നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പില്ല- അമേരിക്കൻ പ്രതിരോധ സെക്രട്ടറി
വാഷിംഗ്ടൺ: ഇറാനെതിരെയുള്ള സൈനിക നടപടിയിൽ നിർണ്ണായക വെളിപ്പെടുത്തലുകളുമായി അമേരിക്കൻ പ്രതിരോധ നേതൃത്വം. ഇറാൻ്റെ മിസൈൽ ശേഖരവും സുരക്ഷാ സംവിധാനങ്ങളും തകർക്കുകയാണ് 'ഓപ്പറേഷൻ എപ്പിക് ഫ്യൂറി'യുടെ ലക്ഷ്യമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. ഇറാൻ ഒരു കാരണവശാലും ആണവായുധം കൈവശം വെക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം ആവർത്തിച്ചു.
ഇറാന്റെ മിസൈലുകൾ, മിസൈൽ ഉൽപ്പാദന കേന്ദ്രങ്ങൾ, നാവിക കേന്ദ്രങ്ങൾ എന്നിവ നശിപ്പിക്കുന്നതിലാണ് നിലവിലെ ആക്രമണം ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അമേരിക്കൻ-ഇസ്രായേൽ സഖ്യം ഇറാനുമേൽ വ്യോമാധിപത്യം സ്ഥാപിച്ചതായി ജനറൽ ഡാൻ കെയ്ൻ അറിയിച്ചു. യുദ്ധം അനന്തമായി നീളില്ലെന്നും കൃത്യമായ ലക്ഷ്യത്തോടെയുള്ള തിരിച്ചടിയാണിതെന്നും ഹെഗ്സെത്ത് പറഞ്ഞു. നിലവിൽ കരസേനയെ ഇറാനിൽ വിന്യസിച്ചിട്ടില്ല, ഭാവിയിൽ അത്തരം നടപടികൾ ഉണ്ടാകില്ലെന്ന് ഉറപ്പില്ലെന്നും അദ്ദേഹം പറഞ്ഞു. ഇറാന്റെ പ്രത്യാക്രമണത്തിൽ നാല് അമേരിക്കൻ സൈനികർ കൊല്ലപ്പെട്ടതായി പ്രതിരോധ സെക്രട്ടറി സ്ഥിരീകരിച്ചു. അമേരിക്കൻ പൗരന്മാരുടെ മരണത്തിന് ഉത്തരവാദികളായവരെ വേട്ടയാടി ഇല്ലാതാക്കുമെന്നും ഹെഗ്സെത്ത് മുന്നറിയിപ്പ് നൽകി.
നിലവിലെ സാഹചര്യം ഒരു അപൂർവ്വ അവസരമായി കാണണമെന്ന് ഹെഗ്സെത്ത് ഇറാൻ ജനതയോട് ആവശ്യപ്പെട്ടു. ഭരണകൂടത്തിനെതിരെ നീങ്ങാനുള്ള സമയമാണിതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഇറാനിലെ സുരക്ഷാ ഉദ്യോഗസ്ഥർ തങ്ങളുടെ അടുത്ത നീക്കം ആലോചിച്ച് വേണമെന്നും ഹെഗ്‌സെത്ത് ഓർമ്മിപ്പിച്ചു. ശനിയാഴ്ച മുതൽ തുടരുന്ന യുഎസ്-ഇസ്രായേൽ ആക്രമണത്തിൽ ഇതുവരെ 555 പേർ കൊല്ലപ്പെട്ടതായി റെഡ് ക്രെസൻ്റ് അറിയിച്ചു. തെക്കൻ ഇറാനിലെ ഒരു സ്‌കൂളിന് നേരെയുണ്ടായ ആക്രമണത്തിൽ മാത്രം 165 പേർ കൊല്ലപ്പെട്ടതായാണ് റിപ്പോർട്ട്.