< Back
World
ലോസ് ആഞ്ചലെസില്‍ കാട്ടുതീ അണക്കാൻ പിങ്ക് പൊടി; എന്താണ് ഫോസ്-ചെക്ക് ?
World

ലോസ് ആഞ്ചലെസില്‍ കാട്ടുതീ അണക്കാൻ പിങ്ക് പൊടി; എന്താണ് ഫോസ്-ചെക്ക് ?

Web Desk
|
15 Jan 2025 3:03 PM IST

ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അഗ്നിശമന മരുന്നാണ് ഫോസ്-ചെക്ക്

വാഷിംഗ്‌ടൺ: അമേരിക്കയിലെ കാലിഫോര്‍ണിയ സംസ്ഥാനത്തെ ലോസ് ആഞ്ചലെസില്‍ പടർന്നുപിടിച്ച തീ അണക്കാനുള്ള ശ്രമങ്ങൾ ഏഴാം ദിവസവും തുടരുകയാണ്. ഇതുവരെയും തീ പൂർണ്ണമായും നിയന്ത്രണവിധേയമായിട്ടില്ല. അതിശൈത്യവും ശീതക്കാറ്റും സ്ഥിതിഗതികൾ കൂടുതൽ രൂക്ഷമാക്കുന്നു. എന്നാൽ ആകാശത്ത് നിന്ന് പിങ്ക് നിറത്തിലുള്ള ഒരു പൊടി വിതറി തീ അണക്കാനാണ് അധികൃതർ ഇപ്പോൾ ശ്രമിക്കുന്നത്. ഒരു പരിധിവരെ ഇത് സഹായകമാവുകയും ചെയ്തിട്ടുണ്ട്. എന്താണ് പിങ്ക് നിറത്തിലുള്ള ഈ പൗഡര്‍ അഥവാ ഫോസ്-ചെക്ക് ?

ലോസ് ഏഞ്ചൽസിലെ മേൽക്കൂരകളിലും വാഹനങ്ങളിലും തെരുവുകളിലും വ്യാപകമായി ഈ പിങ്ക് പൊടിയിപ്പോൾ കാണാം. 1960-കൾ മുതൽ യുഎസിലുടനീളം വ്യാപകമായി ഉപയോഗിച്ചിരുന്ന ഫയർ റിട്ടാർഡൻ്റായ ഫോസ്-ചെക്ക് ആണ് ഈ പദാർത്ഥം. കാലിഫോര്‍ണിയ ഫോറസ്ട്രി ആന്‍ഡ് ഫയര്‍ പ്രൊട്ടക്ഷന്‍ വിഭാഗം വ്യാപകമായി ഉപയോഗിച്ച് വരുന്ന ഈ പദാർത്ഥം നിർമ്മിക്കുന്നത് പെരിമീറ്റർ സൊല്യൂഷൻസ് എന്ന കമ്പനിയാണ്. അസോസിയേറ്റഡ് പ്രസ്സിൻ്റെ 2022 ലെ റിപ്പോർട്ട് അനുസരിച്ച്, ലോകത്ത് ഏറ്റവും കൂടുതൽ ഉപയോഗിക്കുന്ന അഗ്നിശമന മരുന്നാണ് ഫോസ്-ചെക്ക്.

വിമാനങ്ങളും ഹെലികോപ്റ്ററുകളും ഉപയോഗിച്ചാണ് പിങ്ക് പൊടി തീയണക്കാൻ ഉപയോഗിക്കുന്നത്. ആയിരക്കണക്കിന് ഗാലന്‍ ഫോസ്-ചെക്ക് സൊലൂഷനാണ് പ്രദേശത്താകെ ഉപയോഗിച്ചിരിക്കുന്നത്. തീ പടര്‍ന്ന് പിടിക്കുന്നത് ഒരു പരിധിവരെ തടയുമെന്ന് മാത്രമല്ല, ഇതിന്റെ പിങ്ക് നിറം ഫയര്‍ ആന്‍ഡ് സേഫ്റ്റി ഉദ്യോഗസ്ഥര്‍ക്ക് അപകടസ്ഥലം പെട്ടെന്ന് തിരിച്ചറിയാൻ സഹായിക്കുകയും ചെയ്യും. ദിവസങ്ങളോളം ഈ പിങ്ക് നിറം നിലനിൽക്കുകയും ചെയ്യും.

എന്നാൽ ഫോസ്-ചെക്ക് പ്രകൃതിക്ക് ദോഷം ഉണ്ടാക്കുമെന്ന തരത്തിലുള്ള വിമർശനങ്ങളും ശക്തമാണ്. ജലാശയങ്ങളിൽ അടക്കം ഈ പദാർത്ഥം വ്യാപക പ്രത്യാഘാതങ്ങൾ ഉണ്ടാക്കുമെന്നാണ് ഒരു വിഭാഗം ചൂണ്ടിക്കാട്ടുന്നത്.

Similar Posts