< Back
World
WhatsApp
World

ഇനി മൊബൈൽ നമ്പർ വേണ്ട; പുതിയ ഫീച്ചർ പുറത്തിറക്കാൻ വാട്സ്ആപ്പ്

Web Desk
|
22 July 2024 3:13 PM IST

ആപ്പിന്റെ പ്രവർത്തനത്തെ തന്നെ മാറ്റിമറിക്കുന്ന അപ്ഡേറ്റിന് കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്

കാലിഫോർണിയ: സന്ദേശമയയ്‌ക്കാൻ നിരവധി ആളുകൾ ആശ്രയിക്കുന്ന ജനപ്രിയ മൊബൈൽ ആപ്ലിക്കേഷനാണ് വാട്സ്ആപ്പ്. ഇപ്പോഴിതാ ആപ്പിന്റെ പ്രവർത്തനത്തെ തന്നെ മാറ്റിമറിക്കുന്ന അപ്ഡേറ്റിന് കമ്പനി ഒരുങ്ങുന്നതായാണ് റിപ്പോർട്ട്. മൊബൈൽ നമ്പറുകൾ ഉപയോഗിച്ച് പ്രവർത്തിക്കുമെന്നതായിരുന്നു വാട്സ്ആപ്പിന്റെ പ്രധാന സവിശേഷത. എന്നാൽ ഇത് ഉടൻ അവസാനിക്കും.

ഉപഭോക്താക്കൾക്ക് ഇനി മുതൽ അവരുടെ പ്രൊഫൈലിന് അനുയോജ്യമായ യൂസർനെയിമുകൾ നിർമിക്കാൻ സാധിക്കുന്ന അപ്ഡേറ്റിന്റെ പണിപ്പുരയിലാണ് വാട്സ്ആപ്പെന്ന് ഡബ്ല്യു.എ.ബീറ്റാ ഇൻഫോ റിപ്പോർട്ട് ചെയ്തു. നമ്പറുകൾ കൈമാറാതെ തന്നെ വ്യത്യസ്ത ആളുകളുമായി ചാറ്റ് ചെയ്യാൻ ഈ യൂസർനെയിമുകൾ ഉപയോഗിക്കാം. എന്നാൽ നിലവിൽ വാട്സ്ആപ്പ് വെബ് ഉപയോക്താക്കൾക്ക് മാത്രമായിരിക്കും ഈ ഫീച്ചർ വരുക.

മറ്റ് സമൂഹമാധ്യമ പ്ലാറ്റ്ഫോമുകൾ പോലെ യുണീക്കായ യൂസർനെയിമായിരിക്കും വാട്സ്ആപ്പിലും ഉണ്ടാവുക. ഒരാളുടെ യൂസർനെയിം മറ്റൊരാൾക്ക് ഉപയോ​ഗിക്കാൻ സാധിക്കില്ല. ഉപഭോക്താക്കളുടെ സ്വകാര്യതയ്ക്ക് മുൻ​ഗണന നൽകുന്ന അപ്ഡേറ്റായിരിക്കും ഇതെന്നാണ് റിപ്പോർട്ട്. ഇതിലൂടെ ഉപയോക്താക്കൾക്ക് അവരുടെ ഫോൺ നമ്പർ പങ്കിടാതെ തന്നെ മറ്റൊരാളുമായി ചാറ്റ് ചെയ്യാൻ സാധിക്കും. നിലവിൽ മൊബൈൽ നമ്പർ ഉപയോ​ഗിക്കുന്നവർക്ക് ആ സേവനങ്ങൾ തുടർന്നും ഉപയോ​ഗിക്കാൻ സാധിക്കും.

കുറച്ചുകാലമായി വാട്ട്‌സ്ആപ്പിന്റെ പരി​ഗണനയിലുള്ള ഈ ഫീച്ചർ ഇപ്പോഴും വികസനത്തിലാണ്. അതിനാൽ അപ്ഡേറ്റ് എപ്പോഴായിരിക്കും എന്നതിനെപറ്റി കമ്പനി ഔ​ദ്യോ​ഗികമായി അറിയിച്ചിട്ടില്ല.

Related Tags :
Similar Posts