< Back
World
നയതന്ത്രജ്ഞനായ പോരാളി; ആരായിരുന്നു ഇസ്രായേൽ കൊലപ്പെടുത്തിയ അലി ലാരിജാനി?
World

നയതന്ത്രജ്ഞനായ പോരാളി; ആരായിരുന്നു ഇസ്രായേൽ കൊലപ്പെടുത്തിയ അലി ലാരിജാനി?

ആത്തിക്ക് ഹനീഫ്
|
18 March 2026 7:48 AM IST

ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ ഇറാൻ സുരക്ഷാ മേധാവി അലി ലാരിജാനിയും ബാസിജ് കമാൻഡർ ഗുലാംറെസ സുലൈമാനിയും കൊല്ലപ്പെട്ടു

ഇറാൻ്റെ പരമോന്നത ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയും മുൻ പാർലമെൻ്റ് സ്പീക്കറുമായിരുന്ന അലി ലാരിജാനിയുടെ കൊലപാതകം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ പ്രത്യാഘാതങ്ങൾ സൃഷ്ടിക്കുന്ന ഒന്നാണ്. ഇസ്രായേൽ വ്യോമാക്രമണത്തിലാണ് 67കാരനായ അദ്ദേഹം കൊല്ലപ്പെട്ടത്. കടുത്ത യാഥാസ്ഥിതിക നിലപാടുകൾക്കിടയിലും നയതന്ത്രത്തിൽ പ്രായോഗികത പുലർത്തിയ അദ്ദേഹം ഇറാൻ്റെ അധികാര ശ്രേണിയിലെ ഏറ്റവും സ്വാധീനമുള്ള വ്യക്തികളിൽ ഒരാളായിരുന്നു. സൈനിക, സുരക്ഷാ, രാഷ്ട്രീയ നേതൃത്വങ്ങൾക്കിടയിലെ ഒരു സുപ്രധാന കണ്ണിയായാണ് അദ്ദേഹം വിലയിരുത്തപ്പെട്ടിരുന്നത്.

1958 ജൂൺ 3ന് ഇറാഖിലെ നജാഫിലാണ് ലാരിജാനി ജനിച്ചത്. ഇറാനിലെ അമോൽ നഗരത്തിൽ നിന്നുള്ള ഒരു പ്രമുഖ മതപണ്ഡിത കുടുംബമായിരുന്നു അദ്ദേഹത്തിന്റേത്. പ്രശസ്ത മതപണ്ഡിതനായ മിർസ ഹാഷിം ലാരിജാനിയാണ് പിതാവ്. അദ്ദേഹത്തിന്റെ സഹോദരങ്ങളും ഇറാനിലെ ജുഡീഷ്യറിയിലും പരമോന്നത നേതാവിനെ തെരഞ്ഞെടുക്കുന്ന വിദഗ്ധ സമിതിയിലും ഉന്നത പദവികൾ വഹിച്ചിട്ടുള്ളവരാണ്. ഇറാനിലെ രാഷ്ട്രീയ-മത നേതൃത്വത്തിൽ വലിയ സ്വാധീനമുള്ള ഈ കുടുംബം 'ഇറാനിലെ കെന്നഡി കുടുംബം' എന്നാണ് അറിയപ്പെടുന്നത്. തന്റെ ഇരുപതാം വയസിൽ, ആയത്തുല്ല റൂഹുല്ല ഖുമൈനിയുടെ അടുത്ത അനുയായിയും പ്രമുഖ പണ്ഡിതനുമായ മുർത്തസ മുത്തഹരിയുടെ മകളായ ഫരീദയെ അദ്ദേഹം വിവാഹം കഴിച്ചു. അദ്ദേഹത്തിന്റെ മകൾ ഫാത്തിമ അമേരിക്കയിലെ ഒഹായോയിലുള്ള ക്ലീവ്‌ലാൻഡ് സ്റ്റേറ്റ് യൂണിവേഴ്സിറ്റിയിൽ നിന്നാണ് വൈദ്യശാസ്ത്രത്തിൽ ഉപരിപഠനം പൂർത്തിയാക്കിയത്.

മറ്റു പല നേതാക്കളിൽ നിന്നും വ്യത്യസ്തമായി മികച്ച ഭൗതിക വിദ്യാഭ്യാസ പശ്ചാത്തലവും ലാരിജാനിക്കുണ്ടായിരുന്നു. 1979ൽ ഷെരീഫ് യൂണിവേഴ്സിറ്റി ഓഫ് ടെക്നോളജിയിൽ നിന്ന് ഗണിതശാസ്ത്രത്തിലും കമ്പ്യൂട്ടർ സയൻസിലും ബിരുദം നേടിയ ശേഷം തെഹ്‌റാൻ സർവ്വകലാശാലയിൽ നിന്നാണ് പാശ്ചാത്യ തത്വചിന്തയിൽ അദ്ദേഹം ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയത്. ഇമ്മാനുവൽ കാൻ്റിൻ്റെ തത്വചിന്തകളെക്കുറിച്ചായിരുന്നു അദ്ദേഹത്തിന്റെ തീസിസ്. ഈ അക്കാദമിക പശ്ചാത്തലം കാരണമാണ് രാഷ്ട്രീയ നിരീക്ഷകർ അദ്ദേഹത്തെ പലപ്പോഴും 'തത്വചിന്തകൻ' (The Philosopher) എന്ന് വിശേഷിപ്പിച്ചിരുന്നത്.

1979ലെ ഇസ്‌ലാമിക വിപ്ലവത്തിന് ശേഷം ഇസ്‌ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സിൽ (IRGC) ചേർന്നുകൊണ്ടാണ് ലാരിജാനി തൻ്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. 1994 മുതൽ 1997 വരെ പ്രസിഡന്റ് അക്ബർ ഹാഷിമി റഫ്‌സഞ്ജാനിയുടെ കീഴിൽ സാംസ്കാരിക മന്ത്രിയായും, തുടർന്ന് 2004 വരെ സർക്കാർ വാർത്താവിതരണ സ്ഥാപനമായ ഐആർഐബിയുടെ (IRIB) മേധാവിയായും പ്രവർത്തിച്ചു. 2005ൽ പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു. തുടർന്ന് ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയായും മുഖ്യ ആണവ മധ്യസ്ഥനായും നിയമിതനായ അദ്ദേഹം അന്നത്തെ പ്രസിഡന്റ് മഹ്മൂദ് അഹമ്മദിനെജാദിന്റെ നയങ്ങളോടുള്ള വിയോജിപ്പ് കാരണം 2007ൽ രാജിവെച്ചു.

2008ൽ കോം (Qom) നഗരത്തെ പ്രതിനിധാനം ചെയ്ത് പാർലമെന്റിലെത്തിയ അദ്ദേഹം 2008 മുതൽ 2020 വരെ തുടർച്ചയായി മൂന്ന് തവണ (12 വർഷം) പാർലമെൻ്റിൻ്റെ (മജ്‌ലിസ്) സ്പീക്കറായിരുന്നു. 2015ൽ പാശ്ചാത്യ രാജ്യങ്ങളുമായുള്ള ആണവ കരാർ (JCPOA) പാർലമെന്റിൽ പാസാക്കിയെടുക്കുന്നതിൽ അദ്ദേഹം സുപ്രധാന പങ്ക് വഹിച്ചു. 2021ലെയും 2024ലെയും പ്രസിഡന്റ് തെരഞ്ഞെടുപ്പുകളിൽ മത്സരിക്കാൻ ശ്രമിച്ചെങ്കിലും ഗാർഡിയൻ കൗൺസിൽ അദ്ദേഹത്തിന് അനുമതി നിഷേധിച്ചു (2021ൽ ഇബ്രാഹിം റെയ്സിക്ക് വഴിയൊരുക്കാനായിരുന്നു ഇതെന്നാണ് വിലയിരുത്തൽ). എന്നാൽ 2025 ആഗസ്റ്റിൽ പ്രസിഡന്റ് മസൂദ് പെസഷ്കിയാൻ അദ്ദേഹത്തെ വീണ്ടും ദേശീയ സുരക്ഷാ സമിതി സെക്രട്ടറിയായി നിയമിച്ചു. ഇതിനുശേഷം കടുത്ത നിലപാടുകളിലേക്ക് മാറിയ അദ്ദേഹം 2025 ഒക്ടോബറിൽ അന്താരാഷ്ട്ര ആണവോർജ്ജ ഏജൻസിയുമായുള്ള (IAEA) സഹകരണ കരാർ റദ്ദാക്കിയിരുന്നു.

2026 ഫെബ്രുവരി 28ന് യുഎസ്-ഇസ്രായേൽ സംയുക്ത ആക്രമണത്തിൽ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയും ഐആർജിസി കമാൻഡറും കൊല്ലപ്പെടുകയും, പുതിയ പരമോന്നത നേതാവായ മുജ്തബ ഖാംനഈക്ക് പരിക്കേൽക്കുകയും ചെയ്ത സാഹചര്യത്തിൽ ഇറാൻ്റെ ഭരണനേതൃത്വത്തിലെ അപ്രഖ്യാപിത രണ്ടാമനായി ലാരിജാനി മാറി. മൂന്നംഗ ട്രാൻസിഷണൽ കൗൺസിലിനൊപ്പം ചേർന്ന് ഇറാൻ്റെ സുരക്ഷാ നയങ്ങൾക്കും യുദ്ധതന്ത്രങ്ങൾക്കും പിന്നീട് നേതൃത്വം നൽകിയത് അദ്ദേഹമാണ്. യുഎസ് ആക്രമണത്തിന് മുമ്പ് ഒമാന്റെ മധ്യസ്ഥതയിൽ അമേരിക്കയുമായി പരോക്ഷ ചർച്ചകളിൽ ഏർപ്പെട്ടിരുന്ന ലാരിജാനി അന്ന് അനുരഞ്ജനത്തിന്റെ സ്വരമായിരുന്നു പ്രകടിപ്പിച്ചിരുന്നത്. എന്നാൽ ആക്രമണത്തിന് ശേഷം അദ്ദേഹത്തിന്റെ നിലപാട് പൂർണ്ണമായും മാറി. അമേരിക്കയ്ക്കും ഇസ്രായേലിനും 'മറക്കാനാവാത്ത പാഠം' പഠിപ്പിക്കുമെന്ന് അദ്ദേഹം പ്രഖ്യാപിച്ചു.

ഇതിനിടെ അദ്ദേഹത്തെയും മുജ്തബ ഖാംനഈയെയും കുറിച്ച് വിവരങ്ങൾ നൽകുന്നവർക്ക് അമേരിക്കൻ സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റ് 10 ദശലക്ഷം ഡോളർ ഇനാം പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് എക്സ് (X) പ്ലാറ്റ്‌ഫോമിലൂടെ, യുദ്ധത്തിൽ മൗനം പാലിക്കുന്ന മുസ്‌ലിം രാജ്യങ്ങളെ അദ്ദേഹം രൂക്ഷമായി വിമർശിച്ചിരുന്നു. ഫലസ്തീന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് തെഹ്റാനിൽ നടന്ന ഖുദ്‌സ്ദിന റാലിയിൽ പ്രസിഡൻ്റ് മസൂദ് പെസഷ്കിയാനൊപ്പം പങ്കെടുത്തതാണ് അദ്ദേഹത്തിൻ്റെ അവസാനത്തെ പ്രധാന പൊതുപരിപാടി.

2026 മാർച്ച് 17ന് തെഹ്റാനിൽ വെച്ചാണ് ലാരിജാനിക്ക് നേരെ ഇസ്രായേൽ വ്യോമാക്രമണം ഉണ്ടായത്. അദ്ദേഹം കൊല്ലപ്പെട്ടതായി ഇസ്രായേൽ പ്രതിരോധ മന്ത്രി ഇസ്രായേൽ കാറ്റ്സ് സ്ഥിരീകരിക്കുകയും ഇറാൻ്റെ ദേശീയ സുരക്ഷാ സമിതി അത് ശരിവെക്കുകയും ചെയ്തു. അദ്ദേഹത്തോടൊപ്പം ബാസിജ് (Basij) അർധസൈനിക വിഭാഗം കമാൻഡർ ഗുലാംറെസ സുലൈമാനിയും കൊല്ലപ്പെട്ടു. അലി ലാരിജാനിയുടെ മരണം ഇറാൻ്റെ നേതൃത്വത്തിൽ നികത്താനാവാത്ത വലിയൊരു വിടവാണ് സൃഷ്ടിച്ചിരിക്കുന്നത്. യുദ്ധം നിയന്ത്രിക്കുന്നതിലും നയതന്ത്രത്തിലൂടെ സംഘർഷം കുറയ്ക്കുന്നതിലും പ്രധാന പങ്കുവഹിച്ചിരുന്ന ഏറ്റവും പരിചയസമ്പന്നനായ ഒരു തന്ത്രജ്ഞനെയാണ് ഇറാനു നഷ്ടമായത്. അമേരിക്കയും ഇസ്രായേലും നടത്തുന്ന ഈ കൊലപാതകങ്ങൾ പശ്ചിമേഷ്യയെ കൂടുതൽ രൂക്ഷമായ സംഘർഷങ്ങളിലേക്ക് തള്ളിവിടുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

Similar Posts