< Back
World
എന്തുകൊണ്ടാണ് അഫ്ഗാനിസ്താനിലെ ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ട്രംപ് ആഗ്രഹിക്കുന്നത്?
World

എന്തുകൊണ്ടാണ് അഫ്ഗാനിസ്താനിലെ ബഗ്രാം വ്യോമതാവളം തിരിച്ചുപിടിക്കാൻ ട്രംപ് ആഗ്രഹിക്കുന്നത്?

Web Desk
|
30 Sept 2025 8:52 AM IST

1950കളിൽ സോവിയറ്റ് യൂണിയനാണ് ബഗ്രാം വ്യോമത്താവളം നിർമിച്ചത്. ശീതയുദ്ധകാലത്തെ ഒരു ഔട്ട്‌പോസ്റ്റിൽ നിന്ന് മേഖലയിലെ ഏറ്റവും തന്ത്രപരമായ സൈനിക ഇൻസ്റ്റാളേഷനുകളിൽ ഒന്നായി ബഗ്രാം വ്യോമത്താവളം പരിണമിച്ചു

കാബൂൾ: 2021ൽ താലിബാൻ അഫ്ഗാൻ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ യുഎസ് സൈന്യം കാബൂളിൽ നിന്ന് പൂർണമായും പിൻവാങ്ങിയിരുന്നു. എന്നാൽ അഞ്ച് വർഷത്തിന് ശേഷം അഫ്ഗാനിലെ ബഗ്രാം വ്യോമതാവളത്തിന് നോട്ടമിട്ടിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. 'ഞങ്ങൾ അത് [താലിബാന്] വെറുതെ കൊടുത്തു. ഞങ്ങൾക്ക് അത് തിരികെ വേണം.' ട്രംപ് പറഞ്ഞു. 'ബഗ്രാം എയർബേസ് അത് നിർമിച്ച അമേരിക്കക്ക് അഫ്ഗാനിസ്താൻ തിരികെ നൽകിയില്ലെങ്കിൽ മോശം കാര്യങ്ങൾ സംഭവിക്കാൻ പോകുന്നു!.' സെപ്റ്റംബർ 20ന് തന്റെ ട്രൂത്ത് സോഷ്യൽ പ്ലാറ്റ്‌ഫോമിൽ ട്രംപ് കുറിച്ചു.

എന്താണ് ബഗ്രാം വ്യോമതാവളം?

1950കളിൽ സോവിയറ്റ് യൂണിയനാണ് ബഗ്രാം വ്യോമത്താവളം നിർമിച്ചത്. ശീതയുദ്ധകാലത്തെ ഒരു ഔട്ട്‌പോസ്റ്റിൽ നിന്ന് ബഗ്രാം മേഖലയിലെ ഏറ്റവും തന്ത്രപരമായ പ്രധാനപ്പെട്ട സൈനിക ഇൻസ്റ്റാളേഷനുകളിൽ ഒന്നായി ബഗ്രാം വ്യോമത്താവളം പരിണമിച്ചു. രണ്ട് കോൺക്രീറ്റ് റൺവേകളുള്ള ഈ ബേസ് അഫ്ഗാനിസ്താന്റെ തലസ്ഥാനമായ കാബൂളിൽ നിന്ന് ഏകദേശം 50 കിലോമീറ്റർ (31 മൈൽ) അകലെയാണ് സ്ഥിതി ചെയ്യുന്നത്. കഴിഞ്ഞ അരനൂറ്റാണ്ടായി അഫ്ഗാനിസ്താനെ നിയന്ത്രിക്കുകയും അതിനായി പോരാടുകയും ചെയ്ത നിരവധി സൈനിക ശക്തികൾക്ക് ഇത് ഒരു തന്ത്രപരമായ ശക്തികേന്ദ്രമായിരുന്നു.

1991-ൽ സോവിയറ്റ് പിന്തുണയുള്ള മുഹമ്മദ് നജീബുല്ലയുടെ സർക്കാർ പ്രതിപക്ഷ ഗ്രൂപ്പുകളിലൊന്നായ നോർത്തേൺ അലയൻസിന് ബഗ്രാമിന്റെ നിയന്ത്രണം നഷ്ടപ്പെടുത്തി. എന്നാൽ പിന്നീട് നോർത്തേൺ അലയൻസിൽ നിന്ന് താലിബാൻ ബഗ്രാമിന്റെ നിയന്ത്രണം പിടിച്ചെടുത്തു. 2001-ൽ അമേരിക്കയുടെ നേതൃത്വത്തിൽ നാറ്റോ അഫ്ഗാനിസ്ഥാനിൽ അധിനിവേശം നടത്തിയതിനുശേഷം ബഗ്രാം യുഎസ് സൈന്യത്തിന്റെ ഒരു തന്ത്രപരമായ പ്രദേശമായി മാറി. പിന്നീട് വലുപ്പത്തിലും ശേഷിയിലും ഉപയോഗക്ഷമതയിലും ക്രമാനുഗതമായി വളർന്നു. 2009ൽ ബേസിൽ ഏകദേശം 10,000 പേരെ ഉൾക്കൊള്ളാൻ കഴിയുമായിരുന്നു. യുഎസ് സേനയുടെ നിയന്ത്രണത്തിലായിരുന്നു ഈ ബേസ് യുകെയിലെ റോയൽ മറൈൻസിലെ യൂണിറ്റുകൾ ഉൾപ്പെടെയുള്ള മറ്റ് നാറ്റോ അംഗങ്ങളും പങ്കിട്ടു. യുഎസ് നേതൃത്വത്തിലുള്ള സഖ്യസേനയുടെ അധിനിവേശമാണ് 'അഫ്ഗാനിസ്താനിലെ നാറ്റോ അധിനിവേശം'. സൈനിക യൂണിറ്റുകൾക്ക് പുറമേ പൂർണ്ണമായും പ്രവർത്തിക്കുന്ന ഒരു ആശുപത്രി, ആയിരക്കണക്കിന് സൈനികർക്ക് താമസിക്കാനുള്ള ബാരക്കുകൾ, പിസ്സ ഹട്ട്, സബ്‌വേ പോലുള്ള നിരവധി യുഎസ് ചെയിൻ റെസ്റ്റോറന്റുകളും ബഗ്രാമിൽ ഉണ്ടായിരുന്നു.

എന്തുകൊണ്ടാണ് ട്രംപ് ബഗ്രാം താവളം തിരികെ ആവശ്യപ്പെടുന്നത്?

2021ൽ തിടുക്കത്തിൽ അഫ്ഗാനിൽ നിന്ന് പലായനം ചെയ്തപ്പോൾ യുഎസ് പ്രധാന ആയുധങ്ങൾ ഉപേക്ഷിച്ചുവെന്നാണ് ട്രംപ് പലപ്പോഴും പറഞ്ഞിട്ടുള്ളത്. എന്നാൽ വിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത് ഒരു ഭൗമരാഷ്ട്രീയ എതിരാളി നിർമിച്ച ഒരു താവളത്തിന്മേൽ യുഎസ് നിയന്ത്രണം പ്രദർശിപ്പിക്കുന്നതിന്റെ പ്രതീകാത്മക മൂല്യത്തിന് വേണ്ടിയാണ് ട്രംപ് ഇപ്പോൾ ലക്ഷ്യമിടുന്നത് എന്നാണ്. മാത്രമല്ല വിമാനങ്ങളും ആയുധവാഹക വിമാനങ്ങളും ഇറങ്ങാൻ അനുയോജ്യമായ സ്ഥലങ്ങൾ വളരെ കുറവായ അഫ്ഗാനിൽ രാജ്യത്തെ ഏറ്റവും വലിയ വ്യോമതാവളമായ ബഗ്രാം അപൂർവമായ ഒരു ആശ്വാസം നൽകുന്നു.

500 മൈലിൽ താഴെ മാത്രം അകലെയുള്ള ചൈനയെ നിരീക്ഷിക്കുക എന്നതാണ് ബഗ്രാം വ്യോമത്താവളം തിരിച്ചുപിടിക്കുന്നതിലെ അമേരിക്കയുടെ പ്രധാന ലക്ഷ്യങ്ങളിലൊന്ന്. അഫ്ഗാനിസ്താനിലെ അപൂർവ ഭൂമി ധാതു നിക്ഷേപങ്ങളിലേക്കുള്ള പ്രവേശനം ഉറപ്പാക്കുക, നയതന്ത്ര ദൗത്യം വീണ്ടും തുറക്കുക എന്നിവയാണ് മറ്റ് കാരണങ്ങൾ. ചൈനയുടെ ആണവായുധ ശേഖരത്തിന്റെ ദ്രുതഗതിയിലുള്ള വികാസം ബഗ്രാം തിരിച്ചു പിടിക്കാനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്ക് ആക്കം കൂട്ടുന്നു. ഷിക്കാഗോ ആസ്ഥാനമായുള്ള ബുള്ളറ്റിൻ ഓഫ് ദി ആറ്റോമിക് സയന്റിസ്റ്റുകളുടെ കണക്കനുസരിച്ച് ബീജിംഗിൽ ഇപ്പോൾ ഏകദേശം 600 ആണവ വാർഹെഡുകൾ ഉണ്ട്.

താലിബാൻ എങ്ങനെയാണ് പ്രതികരിച്ചത്?

ട്രംപിന്റെ ആവശ്യങ്ങൾ ആവർത്തിച്ച് നിരസിച്ച താലിബാൻ അവരുടെ നിലപാട് വ്യക്തമാക്കിയിട്ടുണ്ട്. സെപ്റ്റംബർ 21 ന് ട്രംപ് ഭരണകൂടം ദോഹയിൽ താലിബാനുമായി ഒപ്പുവച്ച 2020 കരാറിനെ സംഘം ഉദ്ധരിച്ചു. അതുകൊണ്ട് തന്നെ താലിബാന്‍ ബഗ്രാം വിട്ടുകൊടുക്കില്ലെന്നു വ്യക്തമാക്കിക്കഴിഞ്ഞിട്ടുണ്ട്. അവരുമായി ഉറ്റബന്ധം സൂക്ഷിക്കുന്ന ചൈന ഒരിക്കലും താലിബാനെ അതിനു സമ്മതിക്കില്ലെന്നതും ഉറപ്പാണ്.

Similar Posts