< Back
World
Why US officials are urging Americans to eat some giant rats and wild pigs
World

എലിയെയും കാട്ടുപന്നിയെയും കഴിക്കാൻ ജനങ്ങളോട് അമേരിക്ക; കാരണമിത് !

Web Desk
|
8 March 2025 12:31 PM IST

വലിയ എലികളെ കണ്ടാൽ അപ്പോൾ തന്നെ പിടിച്ചു കൊന്ന് കറിവയ്ക്കണം എന്നാണ് നിർദേശം

ഇഗ്വാന, എലി, കാട്ടുപന്നി- ഇവയ്ക്കൊക്കെ പൊതുവായുള്ള പ്രത്യേകത എന്താണ്? യുഎസിലാണെങ്കിൽ ഇവയൊക്കെ ഹോട്ടൽ മെന്യുവിൽ ഇനി മുതൽ ഉണ്ടാകും എന്ന് പറയാം. കാരണം, ഈ ജീവികളെയൊക്കെ കൊന്നുതിന്നാൻ ജനങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ് അധികൃതർ. പ്രജനനശേഷി കൂടിയ ഇവ ജനജീവിതത്തിന് തടസ്സം സൃഷ്ടിക്കുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി.

ഫെബ്രുവരി 24 മുതൽ 28 വരെ ആക്രമകാരികളായ ജീവികളെ കുറിച്ചുള്ള ബോധവത്കരണ വാരമായിരുന്നു യുഎസിൽ. ബോധവത്കരണ പരിപാടികളുടെ പ്രചാരണാർഥം യുഎസ് ഫിഷ് ആൻഡ് വൈൽഡ് ലൈഫ് സർവീസ് അഥവാ FWS എന്ന ഏജൻസി പുറത്തിറക്കിയ ലിസ്റ്റിലാണ് പെരുച്ചാഴിയും കാട്ടുപന്നിയുമൊക്കെ ഉൾപ്പെട്ടത്. സ്വാഭാവികമായ ആവാസവ്യവസ്ഥയ്ക്ക് തടസ്സം സൃഷ്ടിക്കുന്നവയാണ് ഈ ജീവികളെന്നും ജനജീവിതം ദുസ്സഹമാക്കുന്നതിനാൽ ഇവയെ ഭക്ഷിക്കാനാരംഭിക്കുക എന്നുമായിരുന്നു ലിസ്റ്റിലെ ആഹ്വാനം. അധികൃതരുടെ അഭിപ്രായത്തിൽ, ഈ ജീവികളെ കുറിച്ച് തങ്ങളോട് പരാതി പറയാതെ, അവരെ തിന്നുന്നതാണ് എന്തുകൊണ്ടും നല്ലത് എന്നാണ് വ്യക്തമാകുന്നത്.

കാട്ടുപന്നിയൊക്കെ വളരെ രുചികരമാണെന്ന്, പുറത്തിറക്കിയ ഒരു പ്രസ്താവനയിൽ പറയുന്നുണ്ട് എഫ്ഡബ്ല്യൂഎസ്. ജീവികളെ ഭക്ഷിക്കുക എന്നത് ശാശ്വത പരിഹാരമല്ലെങ്കിലും തല്ക്കാലത്തേക്ക് ഈ വഴി ഒന്ന് ശ്രമിച്ചു നോക്കൂ എന്നാണ് ഇവർ പറയുന്നത്. തങ്ങൾ ഉൾക്കൊള്ളുന്ന ആവാസവ്യവസ്ഥയെ നശിപ്പിക്കുന്നത് ഈ ജീവികളുടെ രീതിയാണെന്നും മറ്റ് ജീവികളെ സംരക്ഷിക്കാൻ ഇവയെ കൊന്നുതിന്നുക നല്ലൊരു മാർഗമാണെന്നും ഏജൻസി കൂട്ടിച്ചേർക്കുന്നു.

പെരുച്ചാഴി പോലുള്ള വലിയ എലികളും ഇഗ്വാനയും കാട്ടുപന്നിയും കൂടാതെ കുറച്ച് മീനുകളും അക്രമകാരികളായ ജീവികളുടെ ലിസ്റ്റിൽ ഉൾപ്പെട്ടിട്ടുണ്ട്. ന്യൂട്രിയ എന്ന ഒരുതരം എലിയാണ് ലിസ്റ്റിലെ പ്രധാനി. ഗൾഫ് ഓഫ് അമേരിക്ക, അറ്റ്‌ലാൻഡിക് കോസ്റ്റ്, പസഫിക് സമുദ്രത്തിന് വടക്ക് പടിഞ്ഞാറ് ഭാഗങ്ങൾ എന്നിവിടങ്ങളിൽ ഇവ വലിയ നാശനഷ്ടമുണ്ടാക്കുന്നുണ്ടെന്നാണ് റിപ്പോർട്ട്. സാധാരണ എലികളിൽ നിന്ന് വളരെയേറെ വലിപ്പത്തിൽ കാണപ്പെടുന്ന ഇവ തണ്ണീർത്തടങ്ങൾ ഇഷ്ടപ്പെടുന്ന ജീവികളാണ്. സൗത്ത് അമേരിക്ക ആണ് ഇവയുടെ ജന്മദേശം. ഇവയുടെ തോലിന് വലിയ വിപണിമൂല്യം ഉള്ളതിനാൽ ഇതിനായി ഇവയെ വലിയ തോതിൽ യുഎസിലേക്കെത്തിക്കുകയായിരുന്നു.

ഇവയുടെ മാംസം നേർത്തതും മുയലിറച്ചിക്ക് സമാനമായ രുചിയുള്ളതുമാണെന്നാണ് എഫ്ഡബ്ല്യുഎസ് പറയുന്നത്. ന്യൂട്രിയ എലികൾ കൂട്ടം കൂടി ജീവിക്കുന്ന സ്ഥലങ്ങളിലെല്ലാം കൃഷി വ്യാപകമായി നശിക്കുന്നതിനാൽ ഇവയെ കണ്ടാൽ അപ്പോൾ തന്നെ പിടിച്ചു കൊന്ന് കറിവയ്ക്കണം എന്നാണ് ഏജൻസിയുടെ നിർദേശം. ലൂസിയാന സ്റ്റേറ്റിൽ മാത്രം ഒരു ലക്ഷം ഏക്കറിലധികം കൃഷിയാണ് ന്യൂട്രിയ വ്യാപകമായി നശിപ്പിച്ചത്.

ലിസ്റ്റിലെ അടുത്ത ജീവിയാണ് ഗ്രീൻ ഇഗ്വാന. ഇഗ്വാന ഒരു ഭീമൻ പല്ലി ആണെന്നറിയാമല്ലോ. സൗത്ത് അമേരിക്ക തന്നെയാണ് ഇവയുടെയും ജന്മദേശം. ജ്യോഗ്രഫിക് ചാനലുകളിലെ പ്രധാനിയാണെങ്കിലും യുഎസിൽ ഫ്‌ളോറിഡ അടക്കമുള്ള സ്ഥലങ്ങളിൽ ഇവ വലിയ വെല്ലുവിളി ആണുയർത്തുന്നത്. ചെടികളാണ് പ്രധാന ഭക്ഷണമെന്നതിനാൽ ഇവയുള്ള സ്ഥലങ്ങളിൽ പച്ചപ്പ് ധാരാളമായി കുറയും.. കടൽഭിത്തിയുടെ ഉറപ്പ് നഷ്ടപ്പെടുന്നതിനും ഇവ കാരണമാകാറുണ്ട്. ഇവയുടെ മാംസം 'മരത്തിലെ ചിക്കൻ' എന്നാണ് പൊതുവെ അറിയപ്പെടുന്നത്.

യുഎസ് മെനുവിലുള്ള അടുത്തയാളാണ് കാട്ടുപന്നി. യൂറോപ്പിലും ഏഷ്യയിലുമൊക്കെ വേരുകളുള്ള ഇവ, അമേരിക്കയ്ക്ക് അക്ഷരാർഥത്തിൽ വലിയ തലവേദനയാണ്. പാരിസ്ഥിതിക ദുരന്തം എന്നാണ് എഫ്ഡബ്ല്യൂഎസ് ഇവയെ വിശേഷിപ്പിക്കുന്നത്. നമ്മുടെ നാട്ടിലെ പോലെ തന്നെ കൃഷി നശിപ്പിക്കുകയാണ് യുഎസിലും ഇവയുടെ പ്രധാന ജോലി. ടെക്‌സസ്, കാലിഫോർണിയ തുടങ്ങിയ പ്രധാന സ്‌റ്റേറ്റുകളിലെല്ലാം ഇവയുള്ളിടത്ത് വയലും കാടും തണ്ണീർത്തടങ്ങളുമെല്ലാം വ്യാപകമായി നശിപ്പിക്കപ്പെട്ടിരിക്കും. നാശനഷ്ടങ്ങളുണ്ടാക്കുന്ന ജീവികളിൽ ഏറ്റവും നല്ല മാംസം കാട്ടുപന്നിയുടേതാണെന്നാണ് ഏജൻസി പറയുന്നത്.

ഇനി ഈ ജീവികളല്ലാതെ, കുറച്ച് മീനുകളും യുഎസിലെ ആവാസവ്യവസ്ഥ നശിപ്പിക്കുന്നുണ്ടെന്ന് പറഞ്ഞല്ലോ. ഇവയിൽ പ്രധാനപ്പെട്ടതാണ് 'നോർത്തേൺ സ്‌നേക്ക്‌ഹെഡ്‌സ്' എന്നയിനം മത്സ്യം. ചന്ന ആർഗസ് എന്നാണ് ഇവയുടെ ശാസ്ത്രനാമം. മറ്റ് മീനുകളിൽ നിന്ന് ഇവയെ വ്യത്യസ്തമാക്കുന്ന വലിയൊരു കാര്യം, വെള്ളമില്ലാതെ ദിവസങ്ങളോളം ഇവയ്ക്ക് ജീവിക്കാനാകും എന്നതാണ്. വെള്ളമില്ലാത്ത ഇടങ്ങളിൽ വായു ശ്വസിച്ചാണ് ഇവ ജീവൻ നിലനിർത്തുക.

ഭക്ഷണത്തിന് വേണ്ടി മറ്റ് ജീവികളെ നശിപ്പിക്കുന്ന സ്വഭാവമുള്ളവയാണ് ഇവ. അതുകൊണ്ടു തന്നെ ഇവയുള്ള പ്രദേശത്ത് തനത് ജൈവവൈവിധ്യം തകരാൻ വലിയ സാധ്യതയുണ്ട്. 'ഇരതേടുന്ന മത്സ്യം' എന്നാണ് ഇവയുടെ വിളിപ്പേര് തന്നെ. ഇവയെ കറിവെച്ചോ വറുത്തോ എങ്ങനെ വേണമെങ്കിൽ കഴിച്ചോളൂ എന്നാണ് മത്സ്യം, വന്യജീവി സർവീസ് പറയുന്നത്.

ഇനി ലിസ്റ്റിലുള്ള അവസാനത്തെ ജീവിയാണ് 'ഇൻവേസീവ് കാർപ്' എന്നറിയപ്പെടുന്ന ശുദ്ധജല മത്സ്യം. നമ്മുടെ കരിമീനിന്റെ വിഭാഗത്തിലാണ് ഇവ ഉൾപ്പെടുക. അതിവേഗം പ്രജനനം നടത്തുന്ന ഇവ, യുഎസിലുടനീളം നദികളിലും കായലിലുമായി പരന്ന് കിടക്കുകയാണ്. യുഎസിന്റെ ജലഗതാഗതം ഇവ തടസ്സപ്പെടുത്തുന്നു എന്നത് കാലങ്ങളായി ഉയരുന്ന പരാതിയാണ്. ഇതിനും അധികൃതർ കണ്ടെത്തിയിരിക്കുന്ന വഴി ഇവയെ കൂട്ടത്തോടെ പിടിച്ച് ഭക്ഷണത്തിലുൾപ്പെടുത്തുക എന്നതാണ്.

Related Tags :
Similar Posts