< Back
World
നിങ്ങൾ പിന്തുണച്ചാലും ഇല്ലെങ്കിലും ഇസ്രായേൽ വിജയിക്കും: ഫ്രാൻസിനെതിരെ നെതന്യാഹു
World

'നിങ്ങൾ പിന്തുണച്ചാലും ഇല്ലെങ്കിലും ഇസ്രായേൽ വിജയിക്കും': ഫ്രാൻസിനെതിരെ നെതന്യാഹു

Web Desk
|
6 Oct 2024 11:15 AM IST

ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തിവച്ചെന്ന് ഫ്രാൻസ് പ്രസിഡന്റ് പ്രഖ്യാപിച്ചതാണ് നെതന്യാഹുവിനെ ചൊടിപ്പിച്ചത്.

തെൽഅവീവ്: ഇസ്രായേലിലേക്കുള്ള ആയുധ കയറ്റുമതി നിർത്തിവെക്കാനുള്ള ഫ്രാൻസിന്റെ നിലപാടിനെ കടുത്ത ഭാഷയിൽ വിമർശിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവൽ മാക്രോണും മറ്റ് പാശ്ചാത്യ നേതാക്കളും ഇപ്പോൾ ഇസ്രായേലിനെതിരെ ആയുധ ഉപരോധത്തിന് ആഹ്വാനം ചെയ്തിരിക്കയാണ്. അവരുടെ പിന്തുണയോടെയോ ഇല്ലാതെയോ ഇസ്രായേൽ വിജയിക്കുമെന്നാണ് നെതന്യാഹുവിന്റെ പ്രതികരണം.

ഇറാൻ നടത്തുന്ന പ്രാകൃതക്രൂരതകളോടാണ് ഇസ്രായേൽ പോരാടുന്നത്. ഈ പോരാട്ടത്തിൽ സംസ്കാരമുള്ള രാജ്യങ്ങൾ ഇസ്രായേലിനൊപ്പം നിൽക്കുകയാണ് വേണ്ടത്. എന്നാൽ ഫ്രഞ്ച് പ്രസിഡന്റ് മാക്രോണും മറ്റ് പാശ്ചാത്യ നേതാക്കളും ഇസ്രായേലിനെതിരെ ആയുധ ഉപരോധം പ്രഖ്യാപിക്കുകയാണ്. ഇവരെകുറിച്ച് നാണക്കേട് തോന്നുന്നുവെന്നും നെതന്യാഹു പറഞ്ഞു.

ഹിസ്ബുല്ലയ്ക്കും ഹൂത്തികൾക്കും ഹമാസിനും ഇറാൻ ആയുധ ഉപരോധം ഏർപ്പെടുത്തുമോ? ഒരിക്കലുമില്ല. മൂന്ന് ഗ്രൂപ്പുകളെയും ഇറാൻ പിന്തുണയ്ക്കുന്നുണ്ട്. ഇസ്രായേലിനെതിരായ പ്രതിരോധത്തിന്റെ ഭാഗമാണിതെന്നും നെതന്യാഹു പറഞ്ഞു. ഹിസ്ബുല്ലയുടെ വലിയൊരു ഭാഗത്തെ ഇസ്രായേൽ തകർത്തതായും നെതന്യാഹു അവകാശപ്പെട്ടു.

ഇസ്രായേലിനുള്ള ആയുധകയറ്റുമതി നിർത്തിവച്ചെന്ന് ഫ്രാൻസ് പ്രസിഡന്റ് ഇമാനുവൽ മാക്രോണാണ് പ്രഖ്യാപിച്ചത്. കൂടാതെ ലെബനാനിൽ കരയാക്രമണത്തിന് സൈന്യത്തെ അയച്ച നെതന്യാഹുവിന്റെ നടപടിയേയും മാക്രോൺ വിമർശിച്ചിരുന്നു. പ്രശ്നത്തിന് രാഷ്ട്രീയമായ പരിഹാരമാണ് ഉണ്ടാകേണ്ടതെന്നും മാക്രോൺ പറഞ്ഞിരുന്നു. തങ്ങളെ കേൾക്കാൻ നെതന്യാഹു തയാറായില്ലെന്നും അത് അവരുടെ ഭാഗത്ത് നിന്നുണ്ടായ ഒരു തെറ്റാണെന്നും പറഞ്ഞ നെതന്യാഹു ഇത് ഇസ്രായേലിന്റെ സുരക്ഷക്ക് ഭീഷണിയാണെന്നും മാക്രോൺ പറഞ്ഞിരുന്നു.


Similar Posts