
Representative image
ജോലി രാജിവെച്ച യുവതിക്ക് 55 ശതമാനം ശമ്പള വര്‍ധനവ്; ജോലിയില്‍ തിരികെ പ്രവേശിക്കാന്‍ അഭ്യര്‍ത്ഥന, പോസ്റ്റ് വൈറല്‍
|15 ശതമാനം ശമ്പള വര്‍ധന നല്‍കാത്തതിനാലാണ് യുവതി നേരത്തെ കമ്പനിയില്‍ നിന്ന് രാജിവെച്ച് ഇറങ്ങിയത്.
ന്യൂയോര്‍ക്ക്: ജോലി രാജിവെച്ച് പോയ ജീവനക്കാരിയോട് തിരികെ ജോലിയില്‍ പ്രവേശിക്കാന്‍ അഭ്യര്‍ത്ഥിച്ച് കമ്പനി. ഇതുസംബന്ധിച്ചുള്ള യുഎസ് സ്വദേശിയായ യുവതിയുടെ പോസ്റ്റാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയെ അമ്പരപ്പിക്കുന്നത്.
15 ശതമാനം ശമ്പള വര്‍ധന നല്‍കാത്തതിനാലാണ് യുവതി നേരത്തെ കമ്പനിയില്‍ നിന്ന് രാജിവെച്ച് ഇറങ്ങിയത്. എന്നാല്‍ അതേ കമ്പനി ഇപ്പോള്‍ തന്നോട് തിരിച്ച് ജോലിയില്‍ പ്രവേശിക്കാന്‍ ആവശ്യപ്പെടുകയാണെന്നും മാസം 55 ശതമാനം ശമ്പള വര്‍ധന നല്‍കാമെന്നും അഭ്യര്‍ത്ഥിച്ചതായി യുവതി പറയുന്നു.
'' 15% ശമ്പള വര്‍ധനവ് നല്‍കാന്‍ കഴിയില്ലെന്ന് എന്റെ ബോസ് പറഞ്ഞതു കൊണ്ടാണ് ഞാന്‍ ജോലി രാജിവെച്ചത്. എന്നാല്‍ 6 മാസത്തിന് ശേഷം അതേ കമ്പനി എനിക്ക് 55ശതമാനം പ്രോമോഷന്‍ വാഗ്ദാനം നല്‍കി ജോലിയില്‍ പ്രവേശിക്കാന്‍ അഭ്യര്‍ത്ഥിക്കുകയാണ്. ചില സ്ഥലങ്ങളില്‍ നിങ്ങള്‍ക്ക് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് തോന്നുകയാണെങ്കില്‍ തീര്‍ച്ചയായും അവിടെ നിന്നും ഇറങ്ങുക. ജോലി സ്ഥലത്ത് വേണ്ടത്ര പരിഗണന ലഭിക്കുന്നില്ലെന്ന് തോന്നുവര്‍ക്കായാണ് ഈ കുറിപ്പ് പങ്കുവെക്കുന്നത്,'' എന്നാണ് യുവതി സോഷ്യല്‍ മീഡിയയില്‍ കുറിച്ചത്.
ജോലി സ്ഥലത്ത് വേണ്ട പരിഗണന ലഭിക്കുന്നില്ലെന്ന് മനസ്സിലാക്കിയപ്പോള്‍ രാജിവെച്ച് ഇറങ്ങിയ യുവതിയുടെ തീരുമാനത്തെ നിരവധിയാളുകളാണ് കമന്റിലൂടെ അഭിനന്ദിക്കുന്നത്. സമാന അനുഭവങ്ങളും ചിലര്‍ പങ്കുവെച്ചു. ജീവനക്കാരിയുടെ വില കമ്പനി തിരിച്ചറിഞ്ഞത് അപ്പോഴാണെന്നും കമന്റുകളുണ്ട്.
ഒട്ടുമിക്ക കമ്പനികളും അര്‍ഹിക്കുന്ന ശമ്പള വര്‍ധനവ് നല്‍കാതെ ജീവനക്കാരെ ബുദ്ധിമുട്ടിക്കുകയാണെന്നും പുതിയ ജീവനക്കാരെ വലിയ ശമ്പള വര്‍ധനവില്‍ ജോലിക്ക് എടുക്കുന്ന കമ്പനികള്‍ ഒപ്പമുള്ള പഴയ ജീവനക്കാര്‍ക്ക് വളരെ തുച്ഛമായ വേതനമാണ് നല്‍കുന്നതെന്നും ചിലര്‍ അഭിപ്രായപ്പെട്ടു.