< Back
World
മഞ്ഞുമൂടിയ വെള്ളത്തില്‍ കാര്‍ മുങ്ങിത്താഴുമ്പോഴും സെല്‍ഫിയെടുത്ത് യുവതി; ഒടുവില്‍ നാട്ടുകാരുടെ രക്ഷപ്പെടുത്തല്‍
World

മഞ്ഞുമൂടിയ വെള്ളത്തില്‍ കാര്‍ മുങ്ങിത്താഴുമ്പോഴും സെല്‍ഫിയെടുത്ത് യുവതി; ഒടുവില്‍ നാട്ടുകാരുടെ രക്ഷപ്പെടുത്തല്‍

Web Desk
|
19 Jan 2022 12:53 PM IST

മഞ്ഞില്‍ പുതഞ്ഞ നദിക്ക് സമീപത്തൂടെ കാറോടിച്ച യുവതിയുടെ വാഹനം അപകടത്തില്‍പെട്ടത് പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു

കനത്ത മഞ്ഞുവീഴ്ചയില്‍ തണുത്തുവിറച്ചുകൊണ്ടിരിക്കുകയാണ് കാനഡ. എവിടെ നോക്കിയാലും മഞ്ഞായതുകൊണ്ടു റോഡേതാ ..നദിയേതാ എന്നു തിരിച്ചറിയാനാകാത്ത അവസ്ഥയാണ്. മഞ്ഞില്‍ പുതഞ്ഞ നദിക്ക് സമീപത്തൂടെ കാറോടിച്ച യുവതിയുടെ വാഹനം അപകടത്തില്‍പെട്ടത് പ്രാദേശിക മാധ്യമങ്ങളില്‍ വാര്‍ത്തയായിരുന്നു. അപകടത്തെക്കാള്‍ തന്‍റെ കാർ മഞ്ഞുമൂടിയ വെള്ളത്തിൽ മുങ്ങിത്താഴ്ന്നുകൊണ്ടിരിക്കുമ്പോഴും കാറിനു മുകളില്‍ നിന്നും യുവതി സെല്‍ഫി എടുത്തതാണ് നാട്ടുകാരെ അത്ഭുതപ്പെടുത്തിയത്.

ഞായറാഴ്ച ഉച്ചക്ക് ശേഷം മാനോട്ടിക്കിന്‍റെ പ്രാന്തപ്രദേശത്തുള്ള റൈഡോ നദിയുടെ സമീപത്താണ് അപകടം നടന്നതെന്ന് ഡെയ്‍ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. മഞ്ഞുപാളികള്‍ക്കിടയിലൂടെ കാര്‍ നദിയിലേക്ക് മുങ്ങിക്കൊണ്ടിരിക്കുമ്പോഴും ഇതൊന്നും വകവയ്ക്കാതെ കാറിനു മുകളില്‍ സെല്‍ഫി എടുക്കുകയാണ് യുവതി. പ്രദേശവാസികള്‍ രക്ഷിക്കാന്‍ തിടുക്കം കൂട്ടുമ്പോള്‍ പതറാതെ വേഗത്തിൽ മുങ്ങുന്ന കാറിനു മുകളിൽ ശാന്തയായി ഇരിക്കുകയായിരുന്നു യുവതി. തുടര്‍ന്ന് കയാക്ക് ഉപയോഗിച്ചാണ് യുവതിയെ രക്ഷപ്പെടുത്തിയത്.

രക്ഷാപ്രവര്‍ത്തകരുടെ ധൈര്യത്തെ ഒട്ടാവ പൊലീസ് പ്രശംസിച്ചു. ''ഭാഗ്യത്തിന് പരിക്കുകളൊന്നും ഇല്ല. കയാക്കും പ്രദേശവാസികളുടെ മനസാന്നിധ്യവുമാണ് യുവതിയെ രക്ഷിച്ചത്'' പൊലീസ് ട്വീറ്റ് ചെയ്തു. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനു ശേഷം വൈദ്യസഹായം സ്വീകരിക്കാന്‍ യുവതി വിസമ്മതിച്ചു. ഒരു മോട്ടോർ വാഹനം അപകടകരമായ രീതിയിൽ പ്രവർത്തിപ്പിച്ചതിന് ഇവർക്കെതിരെ കേസെടുത്തിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.

Related Tags :
Similar Posts