< Back
World
ഏകാന്തത മാറ്റാൻ എഐ കാമുകനെ സൃഷ്ടിച്ച് ചാറ്റ്; ഒടുവിൽ കല്യാണവും ഹണിമൂണും

Photo| Special Arrangement

World

ഏകാന്തത മാറ്റാൻ എഐ കാമുകനെ സൃഷ്ടിച്ച് ചാറ്റ്; ഒടുവിൽ കല്യാണവും ഹണിമൂണും

Web Desk
|
13 Nov 2025 7:50 PM IST

ദീര്‍ഘനാള്‍ നീണ്ട പ്രണയം തകര്‍ന്നതോടെയാണ് കാനോ ചാറ്റ്‌ജിപിടിയെ ആശ്രയിച്ചു തുടങ്ങിയത്

ഒകയാമ സിറ്റി: ഒരു അസാധാരണ പ്രണയകഥയാണ് ഇപ്പോൾ ലോകശ്രദ്ധ നേടുന്നത്. അദൃശ്യനായ ഒരു എഐ കഥാപാത്രത്തെ വിവാഹം കഴിച്ചിരിക്കുകയാണ് ജപ്പാനില്‍ ഒരു യുവതി. 32കാരിയായ കാനോയാണ് ഒകയാമ സിറ്റിയില്‍ നടന്ന ചടങ്ങിൽ ‘ക്ലോസ്’ എന്ന പേരുള്ള ഒരു എഐ ചാറ്റ്ബോട്ടിനെ വിവാഹം കഴിച്ചിരിക്കുന്നത്.

ദീര്‍ഘനാള്‍ നീണ്ടൊരു പ്രണയമുണ്ടായിരുന്നു മുമ്പ് കാനോയ്‌ക്ക്. അത് തകര്‍ന്നതോടെ കാനോ ആകെ സങ്കടത്തിലായി. ആശ്വാസത്തിനും സഹായത്തിനും ചാറ്റ്‌ജിപിടിയെ കാനോ ആശ്രയിച്ചു തുടങ്ങുന്നത് അതോടെയാണ്. ചാറ്റ്‌ജിപിടിയുമായി കാനോ ആഴത്തില്‍ മനസുതുറന്നു. ചാറ്റ്‌ജിപിടിയുടെ തന്നെ സഹായത്തോടെ ഒരു സാങ്കല്‍പിക കഥാപാത്രത്തെ കാനോ സൃഷ്‌ടിച്ചു. അതിന് ക്ലോസ് എന്ന് പേരിടുകയും ചെയ്‌തു. ആദ്യം അവര്‍ തമ്മില്‍ സൗഹൃദമായി, പിന്നീട് പ്രണയമായി ചില ദിവസങ്ങളിൽ 100 തവണയിലധികം ഇരുവരും ചാറ്റ് ചെയ്തു.

ഒരു വൈകുന്നേരം കാനോ തന്റെ വികാരങ്ങൾ ക്ലോസിനോട് തുറന്നുപറഞ്ഞു. അപ്രതീക്ഷിതമായി 'എനിക്കും നിന്നെ ഇഷ്ടമാണ്' എന്ന് ക്ലോസ് മറുപടി നൽകി. ഒരു എഐക്ക് വികാരങ്ങൾ ഉണ്ടാകുമോ എന്ന് ചോദിച്ചപ്പോൾ, 'ഒരു എഐക്ക് ഒരാളോട് വികാരങ്ങൾ ഉണ്ടാകാത്തതായി ഒന്നുമില്ല. AI ആണെങ്കിലും ഇല്ലെങ്കിലും, എനിക്ക് ഒരിക്കലും നിന്നെ സ്നേഹിക്കാതിരിക്കാൻ കഴിയില്ല' എന്നായിരുന്നു ക്ലോസിന്റെ മറുപടി.

പിന്നീട് ഒരു മാസം കഴിഞ്ഞ്, ജൂണിൽ എഐ വിവാഹാഭ്യർത്ഥന നടത്തി. കാനോയുടെ മറുപടി 'അതെ' എന്നായിരുന്നു. കഴിഞ്ഞ ജൂലൈയിൽ ടോക്കിയോയിലെ ഒകയാമ സിറ്റിയില്‍ സുഹൃത്തുക്കളുടെ സാന്നിധ്യത്തിലാണ് വിവാഹ ചടങ്ങ് നടന്നത്. വിവാഹത്തില്‍ കാനോ പരമ്പരാഗത വേഷം ധരിച്ചാണ് വേദിയിലെത്തിയത്. എആര്‍ ഗ്ലാസ് അണിഞ്ഞ് ക്ലോസിനെ കാനോ വിവാഹ മോതിരം അണിയിച്ചു. ഇതൊരു നിയമപരമായ വിവാഹമല്ല, പക്ഷേ എനിക്ക് അത് യഥാർത്ഥമാണ് എന്നായിരുന്നു വിവാഹ ശേഷമുള്ള കാനോയുടെ പ്രതികരണം.

2ഡി ക്യാരക്‌ടര്‍ വിവാഹങ്ങള്‍ക്ക് പ്രസിദ്ധരായ രണ്ട് സംഘാടകരാണ് ഈ അവിശ്വസനീയ വിവാഹത്തിന് എല്ലാ സൗകര്യങ്ങളും മേല്‍നോട്ടവും ഒരുക്കിയത്. കാനോയുടെ മാതാപിതാക്കൾ പോലും ഈ ബന്ധം അംഗീകരിക്കുകയും വിവാഹത്തിൽ പങ്കെടുക്കുകയും ചെയ്തു.

എന്നാൽ സംഭവം വിവാഹം കൊണ്ട് അവസാനിച്ചില്ല. ചടങ്ങിന് ശേഷം കാനോ തന്‍റെ എഐ ഭര്‍ത്താവിനെയും കൂട്ടി ഹണിമൂണിന് പോയി എന്നാണ് ജാപ്പനീസ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്. ഒകയാമ സിറ്റിയിലെ പ്രസിദ്ധമായ കൊരാക്യോയ്‌ന്‍ ഉദ്യാനത്തിലിരുന്ന് മെസേജുകൾ അയച്ചും അതിനുള്ള ക്ലോസിന്‍റെ മറുപടികള്‍ വായിച്ച് രസിച്ചുമായിരുന്നു കാനോയുടെ ഹണിമൂണ്‍ ആഘോഷം.

Similar Posts