< Back
World
റഫ അതിര്‍ത്തി തുറക്കണം; തുര്‍ക്കിയിലെ ഈജിപ്ഷ്യൻ എംബസി താഴിട്ടു പൂട്ടി വനിതാ ആക്ടിവിസ്റ്റുകൾ
World

'റഫ അതിര്‍ത്തി തുറക്കണം'; തുര്‍ക്കിയിലെ ഈജിപ്ഷ്യൻ എംബസി താഴിട്ടു പൂട്ടി വനിതാ ആക്ടിവിസ്റ്റുകൾ

Web Desk
|
28 July 2025 10:18 AM IST

കഴിഞ്ഞ ഒരാഴ്ചയായി ലോകമെമ്പാടുമുള്ള ഈജിപ്ഷ്യൻ എംബസികളെ ലക്ഷ്യമിട്ട് പ്രതിഷേധം വ്യാപകമാകുന്നുണ്ട്

അങ്കാറ: നെതര്‍ലാന്‍റ്സിലെ ഈജിപ്ഷ്യൻ എംബസിക്ക് പിന്നാലെ തുര്‍ക്കിയിലെ എംബസിയും അടച്ചുപൂട്ടി ആക്ടിവിസ്റ്റുകൾ. അങ്കാറയിലെ ഈജിപ്ഷ്യൻ എംബസിയാണ് രണ്ട് വനിതാ ആക്ടിവിസ്റ്റുകൾ ചേര്‍ന്ന് താഴിട്ടുപൂട്ടിയത്. ശനിയാഴ്ചയാണ് സംഭവം.ഗസ്സയിലേക്ക് സഹായം എത്തിക്കുന്നതിനായി റഫ അതിർത്തി ഉടൻ തുറക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം.

View this post on Instagram

A post shared by Sha Zia (@shazia814)

കഴിഞ്ഞ ഒരാഴ്ചയായി ലോകമെമ്പാടുമുള്ള ഈജിപ്ഷ്യൻ എംബസികളെ ലക്ഷ്യമിട്ട് പ്രതിഷേധം വ്യാപകമാകുന്നുണ്ട്. കഴിഞ്ഞ ദിവസം ഹേഗിലെ ഈജിപ്ഷ്യൻ എംബസിയുടെ ഗേറ്റുകളും താഴിട്ടുപൂട്ടിയിരുന്നു. റഫ അതിർത്തി അടച്ചതിൽ പ്രതിഷേധിച്ചായിരുന്നു ഈജിപ്ഷ്യൻ പൗരനായ അനസ് ഹബീബ് എംബസിയുടെ പ്രതിഷേധം. സോഷ്യൽ മീഡിയ കണ്ടന്‍റ് ക്രിയേറ്ററായ അനസ് ഹബീബ് ലൈവ് വീഡിയോ ചെയ്തുകൊണ്ടാണ് ഗേറ്റുകൾ പൂട്ടിയത്. തന്‍റെ പ്രതിഷേധം പ്രതീകാത്മകമാണെന്നും ലക്ഷക്കണക്കിന് ഫലസ്തീനികളെ പട്ടിണിക്കിടുന്ന ഗസ്സ ഉപരോധത്തിലേക്ക് ലോകത്തിന്‍റെ ശ്രദ്ധയെത്തിക്കാൻ വേണ്ടിയാണ് ഇത് ചെയ്തതെന്നും ഹബീബ് പറഞ്ഞിരുന്നു.

''ഇസ്രായേൽ ആണ് അതിർത്തി അടച്ചത് എന്നാണ് ഈജ്പിത് പറയുന്നത്. രണ്ട് വർഷമായി ഈ ന്യായീകരണം ഞങ്ങൾ കേൾക്കുന്നു. അവർക്ക് നുണയും ഉപരോധവും ഒരു സെക്കൻഡ് പോലും സഹിക്കാൻ കഴിയില്ല. കഴിഞ്ഞ രണ്ട് വർഷമായി ഈ നുണ കേൾക്കുന്ന ഗസ്സയിലെ ഓരോരുത്തരുടെയും അവസ്ഥ എന്താണെന്ന് ആലോചിച്ചു നോക്കൂ. പൊലീസ് എത്തുന്നതുവരെ ഞാൻ ഇവിടെ തന്നെ നിൽക്കും. കാരണം ഗസ്സ തുറക്കുന്നതുവരെ ഞാൻ ഇത് തുറക്കില്ല. അവർ തന്നെ പൂട്ട് പൊളിക്കട്ടെ''- ഹബീബ് പറഞ്ഞു.

ലണ്ടനിലെ ഈജിപ്ഷ്യൻ എംബസിയും ശനിയാഴ്ച ഫലസ്തീൻ അനുകൂല പ്രതിഷേധക്കാർ അടച്ചുപൂട്ടിയിരുന്നു. ഉപരോധം നീക്കണമെന്നും റഫ അതിര്‍ത്തി തുറക്കണമെന്നുമായിരുന്നു ആവശ്യം. കെയ്‌റോയിലെ ലണ്ടൻ എംബസിയിൽ നിന്നുള്ള ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുന്നുണ്ട്. എംബസിയുടെ വാതിലുകൾ പ്രതിഷേധക്കാര്‍ അടച്ചുപൂട്ടുന്നത് ദൃശ്യങ്ങളിൽ കാണാം.

ജർമനിയിൽ, വെള്ളിയാഴ്ച ബെർലിനിലെ കെയ്റോ എംബസിക്ക് പുറത്ത് നൂറുകണക്കിന് ആളുകൾ തടിച്ചുകൂടി. റഫ അതിർത്തിയിലൂടെ സഹായം എത്തിക്കാൻ ഈജിപ്ത് അതിർത്തി തുറക്കണമെന്ന് ആവശ്യപ്പെട്ടു.'റഫ അതിർത്തി തുറക്കുക, ഫലസ്തീന് സ്വാതന്ത്ര്യം, വംശഹത്യ നിര്‍ത്തുക, ഗസ്സക്ക് സ്വാതന്ത്ര്യം' തുടങ്ങിയ പ്ലക്കാര്‍ഡുകളുമായാണ് പ്രതിഷേധക്കാര്‍ എത്തിയതെന്ന് ജര്‍മൻ മാധ്യമമായ ഹാർബർലർ റിപ്പോർട്ട് ചെയ്തു.

ബുധനാഴ്ച ബെയ്റൂത്തിലെ ഈജിപ്ഷ്യൻ എംബസിക്ക് സമീപം നടന്ന പ്രതിഷേധത്തിനിടെ ലെബനൻ ആക്ടിവിസ്റ്റുകളും ഫലസ്തീൻ അഭയാർഥികളും അടുക്കള പാത്രങ്ങളും സ്പൂണുകളും ഉപയോഗിച്ച് ശബ്ദമുണ്ടാക്കി പ്രതിഷേധിച്ചതായി റോയിട്ടേഴ്‌സ് പങ്കിട്ട ചിത്രങ്ങൾ പറയുന്നു.

ഫിൻലാൻഡ് തലസ്ഥാനമായ ഹെൽസിങ്കിയിലെ മനുഷ്യാവകാശ പ്രവർത്തകർ ഈജിപ്ഷ്യൻ എംബസിയുടെ ഗേറ്റ് ഉപരോധിക്കുകയും വാതിലുകളിൽ ചുവന്ന പെയിന്‍റ് സ്പ്രേ ചെയ്യുകയും ചെയ്തു. ഗസ്സ മുനമ്പിൽ ഇരുപത് ലക്ഷത്തിലധികം ഫലസ്തീനികൾക്കെതിരെ ഏർപ്പെടുത്തിയ ഉപരോധം കൂടുതൽ ശക്തമാക്കുന്നതിൽ ഈജിപ്ഷ്യൻ അധികാരികളുടെ പങ്കിനെ അപലപിച്ചുകൊണ്ട് പ്രവർത്തകർ ഫലസ്തീൻ പതാകകൾ ഉയർത്തി മുദ്രാവാക്യങ്ങൾ വിളിക്കുന്നത് വീഡിയോയിൽ കാണാം.

അതേസമയം ഇസ്രായേൽ പ്രഖ്യാപിച്ച പരിമിത നടപടികളിലൂടെ​ ഗസ്സയിലെ പട്ടിണി പ്രതിസന്​ധി മറികടക്കാനാവില്ലെന്ന മുന്നറിയിപ്പുമായി​ യുഎൻ ഏജൻസികളും ആഗോള സന്നദ്ധ സംഘടനകളും രംഗത്തെത്തി. റഫ അതിർത്തി വഴി ഞായറാഴ്ച എൺപതോളം ട്രക്കുകൾ ഗസ്സയിൽ എത്തിയിരുന്നു. യുഎഇ, ജോർഡൻ, ഈജിപ്ത് രാജ്യങ്ങൾ സഹായമെത്തിക്കാൻ രംഗത്തുണ്ട്​. യു.എ.ഇ മാത്രം 25 ടൺ ഭക്ഷ്യ വസ്തുക്കൾ എത്തിക്കും. എല്ലാ അതിർത്തികളും തുറന്ന്​ കൂടുതൽ ഭക്ഷ്യവസ്തുക്കൾ ഗസ്സയിൽ എത്തിക്കണമെന്ന്​ യുഎന്നും വിവിധ സന്നദ്ധ സംഘടനകളും ആവശ്യപ്പെട്ടു.

Similar Posts