< Back
World
london protest
World

‘ഇസ്രായേലിന് ആയുധം നൽകുന്നത് അവസാനിപ്പിക്കണം’; യു.കെയിലെ ആയുധ വിതരണ കേന്ദ്രങ്ങൾ ഉപരോധിച്ച് തൊഴിലാളികൾ

Web Desk
|
1 May 2024 7:38 PM IST

അന്താരാഷ്ട്ര തൊഴിലാളി ദിനത്തോടനുബന്ധിച്ചായിരുന്ന ​സമരം

ലണ്ടൻ: ഇസ്രായേലിന് ആയുധം നൽകുന്ന യു.കെയിലെ കേന്ദ്രങ്ങൾക്ക് മുന്നിൽ പ്രതിഷേധവുമായി തൊഴിലാളികളും ​തൊഴിലാളി സംഘടനകളും. തങ്ങളുടെ ജനതക്കായി ലോക തൊഴിലാളി ദിനത്തിൽ ഒരുമിക്കാനുള്ള ഫലസ്തീനിലെ ട്രേഡ് യൂനിയനുകളുടെ അഭ്യർഥനക്ക് പിന്നാലെയായിരുന്നു നടപടി.

വർക്കേഴ്സ് ഫോർ എ ഫ്രീ ഫലസ്തീൻ എന്ന കൂട്ടയ്മാക്ക് കീഴിലാണ് പ്രതിഷേധക്കാർ ഒരുമിച്ചുകൂടിയത്. ആയിരത്തിലധികം ജീവനക്കാരും ട്രേഡ് യൂണിയനിസ്റ്റുകളും ലണ്ടനിലെ യു.കെ ഡിപ്പാർട്ട്‌മെന്റ് ഫോർ ബിസിനസ് ആൻഡ് ട്രേഡ് ഉപരോധിച്ചു. കൂടാതെ വെയിൽസ്, സ്കോട്ട്‍ലൻഡ്, നോർത്ത് വെസ്റ്റ് ഇംഗ്ലണ്ട് എന്നിവിടങ്ങളിലുള്ള ബ്രിട്ടീഷ് ഡിഫൻസ് കമ്പനിയായ ബി.എ.ഇ സിസ്റ്റംസിന്റെ ആയുധ ഫാക്ടറികൾക്ക് മുന്നിലും സമരക്കാർ അണിനിരന്നു.

ആയുധ കമ്പനി മേധാവികളും ബ്രിട്ടനിലെ രാഷ്ട്രീയ നേതൃത്വവും ഇസ്രായേലിനുള്ള ആയുധ വിൽപ്പന നിർത്തുന്നില്ലെങ്കിൽ തൊഴിലാളികളായ തങ്ങൾ അത് അവസാനിപ്പിക്കാൻ മുന്നിട്ടിറങ്ങുമെന്ന് ​ലണ്ടനിലെ ഉപരോധത്തിൽ പ​ങ്കെടുത്ത ട്രേഡ് യൂനിയനിസ്റ്റ് ടാനിയ പറഞ്ഞു.

യു.കെ സർക്കാർ ഇസ്രായേലിന് ആയുധം നൽകുന്നത് അവസാനിപ്പിക്കണമെന്നും അതാണ് ധാർമികമമായ ശരിയെന്നും സ്കോട്ട്ലൻഡിലെ ഗ്ലാസ്കോയിൽ സമരത്തിൽ പ​ങ്കെടുത്ത ജാമി പറഞ്ഞു. നടപടി സ്വീകരിക്കേണ്ടത് അത്യന്താപേക്ഷിതമാണ്. ഫലസ്തീനിലെ കൂട്ടക്കുരുതി ആരംഭിച്ചിട്ട് ഏഴ് മാസത്തോളമായി. നമ്മുടെ സമീപ പ്രദേശങ്ങളിൽ നിർമിക്കുന്ന ആയുധങ്ങൾ ഉപയോഗിച്ചിട്ടാണ് അത് സംഭവിക്കുന്നു എന്നത് വളരെയധികം ഭയാനകമാണ്’ -ജാമി കൂട്ടിച്ചേർത്തു.

തങ്ങളുടെ ദീർഘകാല ലക്ഷ്യം സർക്കാറിൽനിന്നുള്ള ആയുധ ഉപരോധമാണ്. ബി.എ.ഇയുടെ ആയുധ നിർമാണവും വ്യാപാരവും തടയുക എന്നത് ഹ്രസ്വകാല ലക്ഷ്യം മാത്രമാണെന്നും അവർ പറഞ്ഞു. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ എത്രയും വേഗം അവസാനിപ്പിക്കാൻ ഇതുമായി ബന്ധപ്പെട്ട കക്ഷികൾ നടപടി സ്വീകരിക്കുമെന്നാണ് പ്രതീക്ഷയെന്ന് ബി.എ.ഇ സിസ്റ്റംസിന്റെ വക്താവ് പറഞ്ഞു. സംഘർഷങ്ങൾ അവിടത്തെ സാധാരണക്കാരായ ജനങ്ങളിൽ വലിയ പ്രത്യാഘാതമാണ് സൃഷ്ടിക്കുന്നതെന്നും പ്രസ്താവനയിൽ കൂട്ടിച്ചേർത്തു.

Similar Posts