
ഡബ്ല്യൂ.ബി.എ.എഫ് ആഗോള സമ്മേളനത്തില്‍ ഇന്ത്യയെ പ്രതിനിധീകരിച്ച് മലയാളി
|ഐക്യരാഷ്ട്രസഭ മുൻ സെക്രട്ടറി ജനറൽ ബാൻകി മൂൺ മുഖ്യാതിഥിയായി പങ്കെടുക്കും
അങ്കാറ: വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്‌മെന്റ് ഫോറത്തിന്റെ(ഡബ്ല്യൂ.ബി. എ.എഫ്) 2022ലെ ആഗോള സമ്മേളനം തുർക്കിയിലെ അന്‍താലിയയില്‍ നടക്കും. ഈ മാസം 24, 25, 26 തിയതികളില്‍ നടക്കുന്ന പരിപാടിയില്‍ ഐക്യരാഷ്ട്രസഭ മുൻ സെക്രട്ടറി ജനറൽ ബാൻകി മൂൺ മുഖ്യാതിഥിയായി പങ്കെടുക്കും. ഇന്ത്യയിൽനിന്നുള്ള ഡബ്ല്യൂ.ബി.എ.എഫ് പ്രതിനിധി സെനറ്റർ ഹാരിസ് എം. കോവൂർ സമ്മേളനത്തില്‍ പ്രബന്ധം അവതരിപ്പിക്കും.
ലോകമെമ്പാടും കൂടുതൽ തൊഴിലവസരങ്ങളും കൂടുതൽ സാമൂഹ്യനീതിയും സൃഷ്ടിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന അന്താരാഷ്ട്ര സാമ്പത്തിക ഫോറമാണ് വേൾഡ് ബിസിനസ് ഏഞ്ചൽസ് ഇൻവെസ്റ്റ്‍മെന്‍റ് ഫോറം. ജി 20 രാഷ്രങ്ങളുടെ കൂട്ടായ്മയിൽ അനുബന്ധ പങ്കാളിയാണ് ഡബ്ല്യൂ.ബി.എ.എഫ്. നെതർലൻഡ് രാജ്ഞി ക്വീൻ മാക്സിമ ആണ് ഫോറത്തിന്റെ അന്താരാഷ്ട്ര ചെയർപേഴ്സൺ.
ഒക്ടോബർ 24ന് രാവിലെ ഒന്‍പത് മണിക്ക് ഉദ്ഘാടന സമ്മേളനം ആരംഭിക്കും. ഫോറം ഡയറക്ടർ ബോർഡ് ചെയർമാൻ ബൈ ബാർസ് അൽതുന്താസ് അധ്യക്ഷത വഹിക്കും. ഇന്ത്യയ്ക്ക് പുറമെ അമേരിക്ക, കാനഡ, ബ്രിട്ടൻ, യൂറോപ്യന്‍ യൂനിയൻ, ജർമൻ, സ്വീഡൻ, ജപ്പാൻ, ദക്ഷണ കൊറിയ, മലേഷ്യ, ഇന്തോനേഷ്യ, തായ്ലൻഡ്, ഗൾഫ് രാഷ്ട്രങ്ങൾ, ആഫ്രിക്കൻ രാജ്യങ്ങൾ, ദക്ഷിണാഫ്രിക്ക, മെക്സിക്കോ എന്നിവിടങ്ങളിലെ പ്രതിനിധികൾ സമ്മേളനത്തിൽ പങ്കെടുക്കുന്നുണ്ട്. ഹാരിസ് എം. കോവൂർ 'ഇന്ത്യയിലെ സ്റ്റാർട്ടപ്പ് ഇക്കോ സിസ്റ്റം' എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിക്കും.
വിവിധ രാഷ്ട്രങ്ങളുടെ ഭരണാധികാരികൾ, നയതന്ത്രജ്ഞര്‍, അംബാസഡർമാർ എന്നിവർ സമ്മേളനത്തില്‍ പങ്കെടുക്കും. ലോക ബാങ്ക്, യൂറോപ്യൻ ഇക്കണോമിക് കമ്മിഷൻ, അമേരിക്കൻ സ്പേസ് ഏജൻസി പ്രതിനിധികളും വിവിധ സെഷനുകളില്‍ സംബന്ധിക്കുന്നുണ്ട്.