
അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ പ്രസിഡന്റായി യുജി ഇവാസാവയെ തെരഞ്ഞെടുത്തു
|ഹിസാഷി ഒവാഡയ്ക്ക് ശേഷം ഐസിജെയെ നയിക്കുന്ന ആദ്യ ജാപ്പനീസ് ജഡ്ജിയാണ് യുജി ഇവാസാവ
ആംസ്റ്റർഡാം: അന്താരാഷ്ട്ര നീതിന്യായ കോടതിയുടെ (ഐസിജെ) പുതിയ പ്രസിഡന്റായി ജാപ്പനീസ് ജഡ്ജി യുജി ഇവാസാവയെ തെരഞ്ഞെടുത്തു. ലെബനൻ പ്രധാനമന്ത്രിയാകാൻ ജനുവരിയിൽ രാജിവച്ച മുൻ ഐസിജെ പ്രസിഡന്റ് നവാഫ് സലാമിന്റെ പിൻഗാമിയായി യുജി ഇവാസാവ നിയമിതനാകും.
2018 ജൂൺ 22 മുതൽ ഇവാസാവ കോടതി ജഡ്ജിയായി സേവനമനുഷ്ഠിച്ചുവരികയാണ്. കോടതിയിൽ ചേരുന്നതിന് മുമ്പ് അദ്ദേഹം ടോക്കിയോ സർവകലാശാലയിൽ അന്താരാഷ്ട്ര നിയമ പ്രൊഫസറും ഐക്യരാഷ്ട്രസഭയുടെ മനുഷ്യാവകാശ സമിതിയുടെ ചെയർപേഴ്‌സണുമായിരുന്നു. 2009 മുതൽ 2012 വരെ ഐസിജെയുടെ പ്രസിഡന്റായി സേവനമനുഷ്ഠിച്ച മുൻ ജാപ്പനീസ് ജഡ്ജി ഹിസാഷി ഒവാഡയ്ക്ക് ശേഷം ഐസിജെയെ നയിക്കുന്ന രണ്ടാമത്തെ ജാപ്പനീസ് പൗരനായി ഇവാസാവ മാറി.
നിയമവാഴ്ചയും തർക്കങ്ങൾക്ക് സമാധാനപരമായ പരിഹാരങ്ങളും പ്രോത്സാഹിപ്പിക്കുന്നതിനുള്ള ഐസിജെയുടെ ശ്രമങ്ങൾക്ക് സംഭാവന നൽകാൻ ആഗ്രഹിക്കുന്നുവെന്ന് ഇവാസാവ പറഞ്ഞു. ഐസിജെയുടെ പ്രസിഡന്റിനെയും വൈസ് പ്രസിഡന്റിനെയും കോടതി അംഗങ്ങൾ ചേർന്ന് ഓരോ മൂന്ന് വർഷത്തിലും രഹസ്യ ബാലറ്റിലൂടെയാണ് തെരഞ്ഞെടുക്കുന്നത്.
ഹേഗ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഐക്യരാഷ്ട്രസഭയുടെ പരമോന്നത കോടതിയായ ഐസിജെ 1945ലാണ് സ്ഥാപിതമായത്. ഐക്യരാഷ്ട്രസഭയുടെ ജനറൽ അസംബ്ലിയും സുരക്ഷാ കൗൺസിലും ഒൻപത് വർഷത്തെ കാലാവധിയിലേക്ക് തെരഞ്ഞെടുക്കുന്ന 15 ജഡ്ജിമാരും ഉൾപ്പെടുന്നതാണ് കോടതി.