< Back
World
യുദ്ധമുണ്ടാക്കുന്ന ദുരിതങ്ങൾക്ക് ലോകം റഷ്യയെ കുറ്റപ്പെടുത്തും; നീതീകരിക്കാനാവാത്ത ആക്രമണമെന്ന് ബൈഡൻ
World

'യുദ്ധമുണ്ടാക്കുന്ന ദുരിതങ്ങൾക്ക് ലോകം റഷ്യയെ കുറ്റപ്പെടുത്തും'; നീതീകരിക്കാനാവാത്ത ആക്രമണമെന്ന് ബൈഡൻ

Web Desk
|
24 Feb 2022 10:16 AM IST

"നേരത്തെ തീരുമാനിച്ചുറപ്പിച്ച യുദ്ധമാണ് പുടിൻ തെരഞ്ഞെടുത്തിരിക്കുന്നത്. അത് വിനാശകരമായ ജീവഹാനിക്കും കനത്ത ദുരിതങ്ങൾക്കും വഴിവെക്കും"

യുക്രൈനില്‍ സൈനിക നീക്കത്തിന് റഷ്യൻ പ്രസിഡന്‍റ് വ്ലാദിമിർ പുടിൻ ഉത്തരവിട്ടതിനെ അപലപിച്ച് യു.എസ് പ്രസിഡന്‍റ് ജോ ബൈഡൻ. യുദ്ധമുണ്ടാക്കുന്ന ജീവനാശത്തിനും ദുരിതത്തിനും ലോകം റഷ്യയെ കുറ്റപ്പെടുത്തുമെന്നാണ് ബൈഡന്‍റെ പരാമര്‍ശം. പ്രകോപനരഹിതവും നീതീകരിക്കാനാകാത്തതുമായ ആക്രമണമാണ് റഷ്യന്‍ സൈന്യം നടത്തുന്നതെന്നും ബൈഡന്‍ പറഞ്ഞു.

ലോകത്തിന്‍റെ മുഴുവൻ പ്രാർഥനയും യുക്രൈന്‍ ജനതക്കൊപ്പമാണ്. നേരത്തെ തീരുമാനിച്ചുറപ്പിച്ച യുദ്ധമാണ് പ്രസിഡന്‍റ് പുടിൻ തെരഞ്ഞെടുത്തിരിക്കുന്നത്. അത് വിനാശകരമായ ജീവഹാനിക്കും കനത്ത ദുരിതങ്ങൾക്കും വഴിവെക്കുമെന്നും ബൈഡന്‍ കൂട്ടിച്ചേര്‍ത്തു.

"ഈ ആക്രമണം വരുത്തുന്ന മരണത്തിനും നാശത്തിനും റഷ്യ മാത്രമാണ് ഉത്തരവാദി. അമേരിക്കയും അതിന്റെ സഖ്യകക്ഷികളും പങ്കാളികളും ഇക്കാര്യത്തിൽ ഐക്യത്തോടെ പ്രതികരിക്കും. ലോകം റഷ്യയെ ഉത്തരവാദിയായി കാണും" ബൈഡന്‍ പറഞ്ഞു.

റഷ്യ നേരിടാൻ പോകുന്ന പ്രത്യാഘാതങ്ങളെ കുറിച്ച് അമേരിക്കൻ ജനതയോട് ഇന്ന് വ്യക്തമാക്കുമെന്നും അദ്ദേഹം പറഞ്ഞു. ജി-7 രാജ്യങ്ങളുടെ നേതാക്കളുമായി അദ്ദേഹം കൂടിക്കാഴ്ചയും നിശ്ചയിച്ചിട്ടുണ്ട്.

Similar Posts