< Back
World
ട്രംപിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത നടപടി; കേസ് ഒത്തുതീര്‍പ്പാക്കാന്‍ യൂട്യൂബ് നല്‍കുക 217.60 കോടി

Photo | Newsweek

World

ട്രംപിന്റെ അക്കൗണ്ട് സസ്‌പെന്‍ഡ് ചെയ്ത നടപടി; കേസ് ഒത്തുതീര്‍പ്പാക്കാന്‍ യൂട്യൂബ് നല്‍കുക 217.60 കോടി

Web Desk
|
30 Sept 2025 6:37 PM IST

2021 ജനുവരിയില്‍ യുഎസ് ക്യാപിറ്റോളില്‍ നടന്ന കലാപത്തെത്തുടര്‍ന്നാണ് ട്രംപിന്റെ അക്കൗണ്ട് യൂട്യൂബ് സസ്‌പെന്‍ഡ് ചെയ്തത്

വാഷിങ്ടൺ: അക്കൗണ്ട് സസ്പെന്‍ഡ് ചെയ്തതിനെതിരെ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് നല്‍കിയ കേസ് ഒത്തുതീര്‍പ്പാക്കാന്‍ 24.5 മില്യണ്‍ ഡോളര്‍ (217.60 കോടി രൂപ) നല്‍കാമെന്ന് സമ്മതിച്ച് യൂട്യൂബ്. ഒത്തുതീര്‍പ്പ് പ്രകാരം ഗൂഗിളിന്റെ മാതൃ കമ്പനിയായ ആല്‍ഫബെറ്റ്, വൈറ്റ് ഹൗസില്‍ 200 മില്യണ്‍ ഡോളര്‍ ചെലവില്‍ നിര്‍മിക്കുന്ന ബോള്‍റൂം പദ്ധതിക്ക് മേല്‍നോട്ടം വഹിക്കുന്ന സംഘടനയ്ക്ക് ട്രംപിന്റെ പേരില്‍ 22 മില്യണ്‍ ഡോളര്‍ സംഭാവനയായി നല്‍കും.

ട്രംപിനോടൊപ്പം കേസിലെ മറ്റ് വാദികളായ അമേരിക്കൻ കൺസർവേറ്റീവ് യൂണിയൻ, അമേരിക്കൻ എഴുത്തുകാരി നവോമി വുൾഫ് എന്നിവർക്ക് ശേഷിക്കുന്ന 2.5 മില്യൺ ഡോളർ ലഭിക്കും. നോർത്തേൺ ഡിസ്ട്രിക്റ്റ് ഓഫ് കാലിഫോർണിയയിലെ യു എസ് ഡിസ്ട്രിക്റ്റ് കോടതിയിൽ തിങ്കളാഴ്ച സമർപ്പിച്ച രേഖകളിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.

2021 ജനുവരിയില്‍ യുഎസ് ക്യാപിറ്റോളില്‍ നടന്ന കലാപത്തെത്തുടര്‍ന്നാണ് ട്രംപിന്റെ അക്കൗണ്ട് യൂട്യൂബ് സസ്‌പെന്‍ഡ് ചെയ്തത്. എന്നാൽ ഒത്തുതീര്‍പ്പില്‍ എത്തിയെങ്കിലും യൂട്യൂബ് തെറ്റ് സമ്മതിച്ചിട്ടില്ല. 'തര്‍ക്കത്തിലുള്ള അവകാശവാദങ്ങളില്‍ ഒത്തുതീര്‍പ്പിലെത്തുക, കൂടുതല്‍ നിയമനടപടികളുടെ ചെലവുകളും അപകടസാധ്യതകളും ഒഴിവാക്കുക' എന്ന ഏക ലക്ഷ്യത്തോടെയാണ് ഈ തീരുമാനത്തിലെത്തിയതെന്ന് യൂട്യൂബ് കോടതി രേഖകളില്‍ പറഞ്ഞു.

2020ലെ തിരഞ്ഞെടുപ്പിന് പിന്നാലെ ട്രംപിന്റെ അനുയായികള്‍ നടത്തിയ ജനുവരി ആറിലെ ആക്രമണത്തെത്തുടര്‍ന്ന് മെറ്റയും എക്‌സുമടക്കമുള്ള സോഷ്യല്‍മീഡിയ പ്ലാറ്റ്‌ഫോമുകളും ട്രംപിന് സെന്‍സര്‍ഷിപ്പ് ഏര്‍പ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് ട്രംപ് സ്വീകരിച്ച നിയമനടപടികൾക്ക് പിന്നാലെ മെറ്റയും എക്‌സും കോടിക്കണക്കിന് ഡോളര്‍ നഷ്ടപരിഹാരം നല്‍കാന്‍ സമ്മതിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഇപ്പോള്‍ യൂട്യൂബിന്റെയും നടപടി. 2025ലെ രണ്ടാം പാദത്തില്‍ മാത്രം ഏകദേശം 9.8 ബില്യണ്‍ ഡോളര്‍ പരസ്യവരുമാനം നേടിയ യൂട്യൂബിനെ സംബന്ധിച്ചിടത്തോളം ഈ ഒത്തുതീര്‍പ്പ് തുക താരതമ്യേന ചെറുതാണ്.

Similar Posts