
അനാരോഗ്യകരമായ രീതിയിൽ മെലിഞ്ഞ മോഡൽ; ഫാഷൻ ബ്രാൻഡ് സാറയുടെ രണ്ട് പരസ്യങ്ങൾ നിരോധിച്ചു
|സാറയുടെ വെബ്‌സൈറ്റിലും ആപ്ലിക്കേഷനിലും ഉണ്ടായിരുന്ന ചിത്രങ്ങൾ നിരോധനത്തോടെ പിൻവലിച്ചു
ന്യൂഡൽഹി: അനാരോഗ്യകരമായ രീതിയിൽ മെലിഞ്ഞ ശരീരപ്രകൃതിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ആരോപിച്ച് ഫാഷൻ ബ്രാൻഡ് സാറയുടെ രണ്ട് പരസ്യങ്ങൾ നിരോധിച്ചു. യുകെ ആസ്ഥാനമായി പ്രവർത്തിക്കുന്ന പരസ്യ നിയന്ത്രണ ഏജൻസിയായ അഡ്വർടൈസിങ് സ്റ്റാൻഡേർസ് അതോറിറ്റിയുടേതാണ് നടപടി. പരസ്യത്തിനായി ഉപയോഗിച്ച മോഡലുകളുടെ ചിത്രങ്ങൾ 'നിരുത്തരവാദപരമായതാണെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടിയെടുത്തത്.
പരസ്യത്തിനായി ഉപയോഗിച്ച ചിത്രങ്ങളെടുക്കുന്നതിനായി നിഴലുകളും പിന്നിലേക്ക് വലിച്ചുകെട്ടിയ ബൺ ഹെയർസ്റ്റൈലും മോഡലിനെ കൂടൂതൽ മെലിഞ്ഞതായി തോന്നിപ്പിക്കുന്നതാണെന്നാണ് ഏജൻസിയുടെ കണ്ടെത്തൽ. മറ്റൊരു പരസ്യത്തിൽ ഷർട്ട് ധരിച്ച് കഴുത്തെല്ലുകൾ പുറത്തേക്ക് തള്ളി നിൽക്കുന്ന മോഡലിന്റെ ചിത്രവും അനാരോഗ്യകരമായ ശരീരപ്രകൃതിയെ പ്രോത്സാഹിപ്പിക്കുന്നതാണെന്ന് ഏജൻസി പറയുന്നു. ചിത്രങ്ങളെടുക്കുന്നതിനായി ഉപയോഗിച്ച ലൈറ്റിങ് സംവിധാനവും ചിത്രത്തിൽ നടത്തിയ എഡിറ്റിങ്ങുകളും ഇതിന് കാരണമാക്കുന്നതാണെന്നും കാണിച്ചാണ് നിരോധനമേർപ്പെടുത്തിയത്.
പരസ്യത്തിനായി ചിത്രങ്ങളെടുക്കുന്ന സമയത്ത് ബ്രാൻഡ് കൂടുതൽ ഉത്തരവാദിത്തപരമായി പെരുമാറണമെന്ന് സാറയോട് നിർദേശിച്ചു. സാറയുടെ മറ്റുരണ്ട് പരസ്യങ്ങളുടെ കാര്യത്തിൽ കൂടി അന്വേഷണം നടത്തിയിരുന്നെങ്കിലും അഡ്വർടൈസിങ് സ്റ്റാൻഡേർസ് ലംഘിച്ചിട്ടില്ലെന്ന് കണ്ടെത്തിയിരുന്നു.
നിരോധിക്കപ്പെട്ട പരസ്യത്തിൽ അനധികൃതമായ യാതൊരു എഡിറ്റിങ്ങും നടത്തിയിട്ടില്ലെന്നും ചെറിയ രീതിയിലുള്ള ലൈറ്റിങ്, കളറിങ് തുടങ്ങിയവ മാത്രമാണ് ഉപയോഗിച്ചിട്ടുള്ളതെന്നും ബ്രാൻഡ് വിശദീകരണം നൽകി. 2007ൽ യുകെ മോഡൽ ഹെൽത്ത് ഇൻക്വയറി റിപ്പോർട്ടായ 'ഹെൽത്തി ഫ്യൂച്ചർ റിപ്പോർട്ടിൽ' പറഞ്ഞ നിർദേശങ്ങൾ കൃത്യമായി പാലിച്ച് മാത്രമാണ് പരസ്യങ്ങൾ എടുക്കാറുള്ളതെന്നും സാറ പറഞ്ഞു. മോഡലുകളുടെ മെഡിക്കൽ സർട്ടിഫിക്കറ്റ് പരിശോധിച്ച് മാത്രമാണ് തെരഞ്ഞെടുക്കാറുള്ളതെന്നും നിരോധിക്കപ്പെട്ട ചിത്രത്തിലെ മോഡലുകൾ ആരോഗ്യമുള്ളവരാണെന്ന് സർട്ടിഫിക്കറ്റ് ഉള്ളവരാണെന്നും ബ്രാൻഡ് അവകാശപ്പെട്ടു.
സാറയുടെ വെബ്‌സൈറ്റിലും ആപ്ലിക്കേഷനിലും ഉണ്ടായിരുന്ന ചിത്രങ്ങൾ നിരോധനത്തോടെ പിൻവലിച്ചു.