
നാറ്റോ അംഗത്വം ലഭിച്ചാൽ പ്രസിഡന്റ് സ്ഥാനം രാജിവെക്കാം: വ്ളാദിമിര്‍ സെലൻസ്കി
|ട്രംപിന്റെ ആരോപണങ്ങൾ തന്നെ വിഷമിപ്പിക്കുന്നില്ലെന്ന് സെലൻസ്കി പറഞ്ഞു
കീവ്: യുക്രൈന് നാറ്റോയിൽ അംഗത്വം ലഭിച്ചാൽ പ്രസിഡന്റ് സ്ഥാനം രാജിവെക്കാൻ തയ്യാറാണെന്ന് യുക്രൈൻ പ്രസിഡന്റ് വ്ളാദിമിര്‍ സെലൻസ്കി. റഷ്യൻ അധിനിവേശത്തിന്റെ മൂന്നാം വാർഷികത്തിന്റെ പശ്ചാത്തലത്തിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സെലെൻസ്‌കിയുടെ പ്രഖ്യാപനം.
'യുക്രൈനിൽ സമാധാനമുണ്ടായാൽ, ഞാൻ രാജിവെക്കണമെന്ന് നിങ്ങൾ ആത്മാർഥമായി ആഗ്രഹിച്ചാൽ, ഞാൻ അതിന് തയ്യാറാണ്. നാറ്റോയിൽ അംഗത്വം ലഭിക്കുന്നതിന് പകരമായി ഞാൻ പുറത്തുപോകും' എന്ന് സെലൻസ്കി പറഞ്ഞു. റഷ്യൻ അധിനിവേശത്തിനെതിരെ പ്രതിരോധംതീർക്കാൻ ഡൊണാൾഡ് ട്രംപ് സുരക്ഷ ഉറപ്പുനൽകണമെന്നും സെലെൻസ്‌കി ആവശ്യപ്പെട്ടു. നാറ്റോ അംഗത്വത്തിനായി സെലൻസ്കി പലതവണ ശ്രമിച്ചിരുന്നു എങ്കിലും അമേരിക്ക അതിനെ പ്രതിരോധിക്കുകയാണുണ്ടായത്.
യുക്രൈനിൽ തെരഞ്ഞെടുപ്പ് നടത്തണമെന്ന് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനും യഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ആവശ്യപ്പെട്ടിരുന്നു. സെലൻസ്കി ഒരു സ്വേച്ഛാധിപതിയാണെന്നും യുദ്ധം തുടങ്ങിയത് യുക്രൈനാണെന്നും ട്രംപ് ആരോപിച്ചിരുന്നു. സെലൻസ്കിയുടെ ജനസമ്മതി കുറഞ്ഞുവരികയാണെന്നും ട്രംപ് പറഞ്ഞിരുന്നു. ട്രംപിന്റെ ആരോപണങ്ങൾ തന്നെ വിഷമിപ്പിക്കുന്നില്ലെന്നും ട്രംപ്-പുടിൻ ഉച്ചകോടിക്ക് മുമ്പ് യുഎസ് പ്രസിഡന്റിനെ കാണാൻ ആഗ്രഹിക്കുന്നുവെന്നും സെലൻസ്കി പറഞ്ഞു.