< Back
World
Zimbabwe elephant
World

ആനകളുടെ എണ്ണം പെരുകുന്നു; കൊന്ന് മാംസം ജനങ്ങൾക്ക് വിതരണം ചെയ്യാനൊരുങ്ങി സിംബാബ്‌വെ

Web Desk
|
5 Jun 2025 11:34 AM IST

800 ആനകളെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ സങ്കേതത്തിൽ നിലവിൽ 2500-ൽ അധികം ആനകളുണ്ട്

ഹരാരെ: ആനകളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ച സാഹചര്യത്തിൽ അവയെ കൊന്ന് മാംസം ജനങ്ങൾക്ക് വിതരണം ചെയ്യാനൊരുങ്ങി സിംബാബ്‌വെ. ഇതിനായി തെക്കുകിഴക്കൻ മേഖലയിലെ ഒരു വലിയ സ്വകാര്യ വന്യജീവി സങ്കേതമായ സേവ് വാലി കൺസർവൻസിക്ക് അനുമതി നൽകിയതായി സിംബാബ്‌വെ പാർക്ക്‌സ് ആൻഡ് വൈൽഡ്‌ലൈഫ് മാനേജ്‌മെന്‍റ് അതോറിറ്റി അറിയിച്ചു.

800 ആനകളെ മാത്രം ഉൾക്കൊള്ളാൻ ശേഷിയുള്ള ഈ സങ്കേതത്തിൽ നിലവിൽ 2500-ൽ അധികം ആനകളുണ്ട്, ഇത് താങ്ങാവുന്നതിലും മൂന്നിരട്ടിയിലധികമാണ്. ആദ്യഘട്ടത്തിൽ 50 ആനകളെയാണ് കൊല്ലുക. ആനകളുടെ എണ്ണം നിയന്ത്രിക്കുന്നതിനും വന്യജീവി ആവാസ വ്യവസ്ഥ സംരക്ഷിക്കുന്നതിനുമായ കഴിഞ്ഞ അഞ്ച് വർഷത്തിനിടെ 200 ആനകളെ ദക്ഷിണാഫ്രിക്കൻ രാജ്യത്തിന്‍റെ മറ്റ് പ്രദേശങ്ങളിലേക്ക് മാറ്റിപ്പാർപ്പിച്ചിട്ടുണ്ടെന്ന് സിംപാർക്ക്സ് പറയുന്നു. ഇങ്ങനെ കൊന്നൊടുക്കുന്ന ആനകളുടെ മാംസം തദ്ദേശീയര്‍ക്ക് വിതരണം ചെയ്യും. എന്നാൽ ആനക്കൊമ്പ് സുരക്ഷിതമായി സൂക്ഷിക്കുന്നതിനായി സിംപാർക്കുകൾക്ക് കൈമാറുകയും ചെയ്യും.എപ്പോഴാണ് ആനകളെ കൊല്ലുന്നതെന്നോ എത്ര ആനകളെ കൊല്ലുമെന്നോ അധികൃതര്‍ വ്യക്തമാക്കിയിട്ടില്ല.

1989 മുതൽ ആനക്കൊമ്പിന്‍റെ അന്താരാഷ്ട്ര വ്യാപാരം നിയമവിരുദ്ധമാണ്. വേട്ടയാടൽ തടയുന്നതിന്റെ ഭാഗമായിരുന്നു ഈ നിരോധനം. എന്നാൽ, വിൽക്കാൻ അനുമതിയില്ലാത്ത ടൺ കണക്കിന് ആനക്കൊമ്പ് സിംബാബ്‌വെയിൽ കെട്ടിക്കിടക്കുന്നുണ്ട്. അയൽരാജ്യമായ ബോട്സ്വാന കഴിഞ്ഞാൽ ലോകത്ത് ഏറ്റവും കൂടുതൽ ആനകളുള്ള രാജ്യമാണ് സിംബാബ്‌വെ.

2024-ലും സിംബാബ്‌വെ ആനകളെ കൊന്നിരുന്നു. കടുത്ത വരൾച്ചയെ തുടർന്നുണ്ടായ ഭക്ഷ്യക്ഷാമം കാരണം അന്ന് 200 ആനകളെയാണ് കൊന്നൊടുക്കിയത്. 1988-ന് ശേഷമുള്ള ആദ്യത്തെ വലിയതോതിലുള്ള ഉന്മൂലനമായിരുന്നു അത്.

ആനകളെ കൂട്ടത്തോടെ കൊന്നൊടുക്കാനുള്ള സിംബാബ്‌വെയുടെ തീരുമാനം വിമര്‍ശനത്തിന് ഇടയാക്കിയിട്ടുണ്ട്. അന്താരാഷ്ട്ര വിനോദസഞ്ചാരികളെ ആകര്‍ഷിക്കുന്നതിൽ പ്രധാന ഘടകമായ രാജ്യത്തിന്‍റെ പ്രതിച്ഛായയെ തകർക്കുമെന്ന് പരിസ്ഥിതി പ്രവര്‍ത്തകരും ടൂറിസം വക്താക്കളും ചൂണ്ടിക്കാണിക്കുന്നു.

Similar Posts