< Back
World
അമേരിക്കയിലെ ജൂത നഗരം സയണിസ്റ്റ് സ്ഥാനാർഥിയെ കൈവിട്ടു; സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറാവാൻ സാധ്യതയേറി
World

അമേരിക്കയിലെ 'ജൂത നഗരം' സയണിസ്റ്റ് സ്ഥാനാർഥിയെ കൈവിട്ടു; സൊഹ്റാൻ മംദാനി ന്യൂയോർക്ക് മേയറാവാൻ സാധ്യതയേറി

Web Desk
|
25 Jun 2025 12:03 PM IST

ഇസ്രായേലിന്റെ ഗസ്സ അധിനിവേശത്തെ തുറന്നെതിർത്ത മംദാനിയെ 'സെമിറ്റിക് വിരോധി' എന്നു മുദ്രകുത്തിയാണ് ക്വോമോയുടെ ക്യാംപ് നേരിട്ടത്.

ന്യൂയോർക്ക്: ഇസ്രായേലിനു പുറത്ത് ഏറ്റവും കൂടുതൽ ജൂതർ താമസിക്കുന്ന ന്യൂയോർക്ക് സിറ്റിയിലെ ഡെമോക്രാറ്റിക് പാർട്ടി പ്രൈമറി തെരഞ്ഞെടുപ്പിൽ ഇസ്രായേൽ - സയണിസ്റ്റ് അനുകൂലിക്ക് തോൽവി. മേയർ തെരഞ്ഞെടുപ്പിനു മുന്നോടിയായുള്ള ഉൾപ്പാർട്ടി തെരഞ്ഞെടുപ്പിലാണ് സയണിസ്റ്റ് അനുകൂലിയും മുൻ സ്റ്റേറ്റ് ഗവർണറുമായ ആൻഡ്ര്യൂ ക്വോമോ സോഷ്യലിസ്റ്റ് ചിന്താഗതിക്കാരനും ഇന്ത്യൻ വംശജനുമായ സൊഹ്‌റാൻ മംദാനിയോട് തോറ്റത്.

93 ശതമാനം വോട്ടുകൾ എണ്ണിക്കഴിഞ്ഞപ്പോൾ 43.5 ശതമാനം വോട്ടോടെ 33-കാരനായ സൊഹ്‌റാൻ മംദാനി ഒന്നാം സ്ഥാനം ഉറപ്പിച്ചു. അന്തിമഫലം പുറത്തുവരാൻ ദിവസങ്ങളെടുക്കുമെങ്കിലും ഡെമോക്രാറ്റുകൾക്ക് ആധിപത്യമുള്ള നഗരത്തിന് ആദ്യമായി ഒരു മുസ്ലിം മേയർ ഉണ്ടാകാനുള്ള സാധ്യത ശക്തമായി. ഇന്ത്യൻ - ഉഗാണ്ടൻ അക്കാദമിഷ്യനായ മഹ്‌മൂദ് മംദാനിയുടെയും സംവിധായക മീരാ നായരുടെയും മകനായ സൊഹ്‌റാൻ ആഫ്രിക്കയിലാണ് ജനിച്ചു വളർന്നത്.

മംദാനിക്ക് അഭിനന്ദനവുമായി ബെർനി സാന്റേഴ്‌സ് അടക്കമുള്ള പ്രമുഖർ രംഗത്തെത്തി. എതിരാളികളുടെ രാഷ്ട്രീയ, സാമ്പത്തിക, മാധ്യമ പിന്തുണക്കെതിരെ അടിത്തട്ടിൽ ഇറങ്ങി പ്രവർത്തിച്ചാണ് മംദാനി വിജയം നേടിയതെന്ന് സാന്റേഴ്‌സ് പറഞ്ഞു.

പരമ്പരാഗത ക്രിസ്ത്യൻ വോട്ടുകളും ജനസംഖ്യയുടെ 10 ശതമാനത്തിലേറെ വരുന്ന ജൂതവോട്ടുകളും സ്വന്തമാക്കുമെന്ന് കരുതപ്പെട്ടിരുന്ന ആൻഡ്ര്യൂ കോമോ ആഴ്ചകൾ മുമ്പുവരെ അനായാസ ജയം നേടുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ, മംദാനിയുടെ പുരോഗമന ആശയങ്ങളും ഗസ്സയ്ക്കും ഇറാനും മേലുള്ള ഇസ്രായേൽ അതിക്രമങ്ങളും ജനങ്ങളെ സ്വാധീനിച്ചു. അന്തിമ ഫലം വന്നില്ലെങ്കിലും തോൽവി അംഗീകരിച്ച ക്വോമോ സൊഹ്‌റാൻ മംദാനിയെ അഭിനന്ദിച്ചു.

റാങ്ക്ഡ് ചോയ്‌സ് വോട്ടിങ് സംവിധാനം പിന്തുടരുന്ന ന്യൂയോർക്ക് സിറ്റിയിൽ ആദ്യഘട്ടത്തിൽ 50 ശതമാനം വോട്ട് നേടുന്നയാളാണ് വിജയിക്കുക. ആർക്കും 50 ശതമാനം ലഭിക്കാതെ വന്നാൽ, വോട്ടർമാരുടെ സെക്കന്റ് ചോയ്‌സ് നിർണായകമാവും. 11.3 ശതമാനം വോട്ടുമായി മൂന്നാം സ്ഥാനത്തെത്തിയ ജൂത പുരോഗമന സ്ഥാനാർത്ഥി ബ്രാഡ് ലാൻഡർ മംദാനിക്ക് നേരത്തെ തന്നെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. ഇദ്ദേഹത്തിന്റെ വോട്ടർമാരിൽ മിക്കവരും മംദാനിക്ക് രണ്ടാം വോട്ട് നൽകിയിട്ടുണ്ട് എന്നാണ് സൂചന.

മുൻ യുഎസ് പ്രസിഡണ്ട് ബിൽ ക്ലിന്റൺ അടക്കമുള്ള രാഷ്ട്രീയ പ്രമുഖരുടെയും വൻകിട വ്യവസായികളുടെയും പിന്തുണ ആൻഡ്ര്യൂ ക്വോമോയ്ക്ക് ഉണ്ടായിരുന്നെങ്കിലും പുരോഗമന ചിന്താഗതിക്കാരിലും പുതുതലമുറയിലും സ്വാധീനമുണ്ടാക്കാൻ കഴിഞ്ഞതാണ് മംദാനിക്ക് നേട്ടമായത് എന്ന് ദി ഗാർഡിയൻ റിപ്പോർട്ട് ചെയ്തു.

'മംദാനി വളരെ ശക്തമായ പ്രചരണം നടത്തുകയും ചെറുപ്പക്കാരിൽ സ്വാധീനമുണ്ടാക്കി അവരെ വോട്ടു ചെയ്യാൻ പ്രേരിപ്പിക്കുകയും ചെയ്തു. ഞാൻ ആത്മാർത്ഥമായി അദ്ദേഹത്തെ അഭിനന്ദിക്കുന്നു.' - ക്വോമോ പറഞ്ഞു.

മംദാനിയുടെ വിജയം മറ്റിടങ്ങളിലും ഡെമോക്രാറ്റിക് പാർട്ടിയിലെ പുരോഗമനവാദികൾക്ക് ശക്തിപകരും. എല്ലായിടത്തും പോവുകയും എല്ലാവരോടും സംസാരിക്കുകയും ചെയ്തു കൊണ്ടുള്ള അദ്ദേഹത്തിന്റെ പ്രചാരണ രീതി സമൂഹമാധ്യങ്ങളിലും വൈറലായി. ക്വോമോ വൻ സാമ്പത്തിക പിന്തുണയോടെ മത്സരിച്ചപ്പോൾ സാധാരണക്കാരുടെ പ്രശ്‌നങ്ങൾ ഉയർത്തിക്കാട്ടിയാണ് മംദാനി വോട്ട് തേടിയത്. ന്യൂയോർക്ക് സിറ്റിയിലെ ജീവിതച്ചെലവ് കുറക്കുക എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന സന്ദേശം.

ഗസ്സയിൽ ഇസ്രായേൽ നടത്തുന്ന അതിക്രമങ്ങളെ തുറന്നെതിർത്ത മംദാനിയെ സെമിറ്റിക് വിരോധിയെന്നു മുദ്രകുത്തിയാണ് ക്വോമോ അദ്ദേഹത്തെ നേരിട്ടത്. താൻ ജൂതവിരോധിയല്ലെന്ന് പലതവണ വ്യക്തമാക്കിയ അദ്ദേഹം, ഇസ്രായേലിനെതിരായ വിമർശനം തുടരുകയും ചെയ്തു.

Similar Posts