
'ന്യൂയോർക്കിൽ കാല് കുത്തിയാൽ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യും' മേയർ സ്ഥാനാർഥി സൊഹ്‌റാൻ മാംദാനി
|ഗസ്സയിൽ വംശഹത്യ നടത്തുന്ന യുദ്ധ കുറ്റവാളിയാണ് നെതന്യാഹുവെന്ന് സെഹ്‌റാൻ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു
ന്യൂയോർക്ക്: മേയർ തെരഞ്ഞെടുപ്പിൽ താൻ വിജയിച്ചാൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിനെ അറസ്റ്റ് ചെയ്യാൻ ഉത്തരവിടുമെന്ന് ന്യൂയോർക്ക് മേയർ സ്ഥാനാർഥി സൊഹ്‌റാൻ മംദാനി. നേരത്തെയും നെതന്യാഹുവിനെ അറസ്റ്റ് ചെയ്യുമെന്ന് സൊഹ്‌റാൻ പറഞ്ഞിരുന്നു. ഗസ്സയിൽ വംശഹത്യ നടത്തുന്ന യുദ്ധ കുറ്റവാളിയാണ് നെതന്യാഹുവെന്ന് സെഹ്‌റാൻ ന്യൂയോർക്ക് ടൈംസിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞു. ന്യൂയോർക്കിൽ എപ്പോഴെങ്കിലും നെതന്യാഹു സന്ദർശിച്ചാൽ പൊലീസിനോട് അറസ്റ്റ് ചെയ്യാൻ ഉത്തരവിടുമെന്നും മംദാനി കൂട്ടിച്ചേർത്തു.
2024 നവംബറിൽ ഗസ്സയിലെ യുദ്ധക്കുറ്റങ്ങളിൽ നെതന്യാഹുവിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി (ഐസിസി) പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ടിനെ മാനിക്കുമെന്നും ഇസ്രായേൽ നേതാവ് ന്യൂയോർക്കിൽ കാലുകുത്തിയാൽ വിമാനത്താവളത്തിൽ വെച്ച് കസ്റ്റഡിയിലെടുക്കുമെന്നും മംദാനി പറഞ്ഞു. 'ഇത് ഞാൻ നിറവേറ്റാൻ ഉദേശിക്കുന്ന ഒന്നാണ്. ന്യൂയോർക്ക് അന്താരാഷ്ട്ര നിയമങ്ങൾക്കുവേണ്ടി നിലകൊള്ളുന്ന ഒരു നഗരമാണെന്ന് ഉറപ്പാക്കണമെന്നാണ് എന്റെ ആഗ്രഹം.' മംദാനി പറഞ്ഞു
ന്യൂയോർക്കിൽ പൊലീസ് കമ്മീഷണർ മേയറുടെ ഇഷ്ടത്തിനനുസരിച്ചാണ് പ്രവർത്തിക്കുന്നത്. എന്നാൽ ഐസിസിയുടെ അധികാരത്തെ അമേരിക്ക അംഗീകരിക്കാത്തതിനാൽ ഇത്തരമൊരു നീക്കം 'പ്രായോഗികമായി അസാധ്യമായിരിക്കുമെന്നും' അത് ഫെഡറൽ സർക്കാരുമായി നേരിട്ട് സംഘർഷത്തിലേക്ക് നയിച്ചേക്കാമെന്നും നിയമ വിദഗ്ധർ ചൂണ്ടികാണിക്കുന്നു.