Quantcast

ബിരിയാണിയുടെ പണം ചോദിച്ചപ്പോള്‍ വര്‍ഗീയ കലാപമുണ്ടാക്കുമെന്ന് അമിത് ഷായുടെ പേരില്‍ ഭീഷണി; ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍

കേന്ദ്രമന്ത്രി അമിത് ഷായുടെ പേഴ്‌സണൽ സെക്രട്ടറിയെ വിളിക്കുമെന്നും താൻവിളിച്ചാൽ വരാൻ ആയിരംപേർ തയ്യാറായിരിക്കുകയാണെന്നും വർഗീയ കലാപമുണ്ടാക്കുമെന്നും പ്രതികൾ ഭീഷണിപ്പെടുത്തി

MediaOne Logo

  • Published:

    14 Jan 2021 6:46 AM GMT

ബിരിയാണിയുടെ പണം ചോദിച്ചപ്പോള്‍ വര്‍ഗീയ കലാപമുണ്ടാക്കുമെന്ന് അമിത് ഷായുടെ പേരില്‍ ഭീഷണി; ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍
X

കഴിച്ച ബിരിയാണിക്ക് പണം ചോദിച്ച ഹോട്ടലുടമയെ വര്‍ഗീയ കലാപമുണ്ടാക്കുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് ബി.ജെ.പി പ്രവര്‍ത്തകര്‍ അറസ്റ്റില്‍. കഴിച്ച ബിരിയാണിയുടെ പണം ചോദിച്ചപ്പോള്‍ അമിത് ഷായുടെ സഹായി വിളിക്കുമെന്നും മിനിറ്റുകള്‍ക്കകം കലാപമുണ്ടാക്കി കൊല്ലുമെന്നുമായിരുന്നു ബി.ജെ.പി നേതാക്കള്‍ ഭീഷണി മുഴക്കിയത്. മൂവരും മദ്യലഹരിയിലായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ഉടമ പൊലീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഐസ് ഹൗസ് സ്റ്റേഷനിലെ പോലീസെത്തി മൂവരെയും കസ്റ്റഡിയിലെടുത്തു. ബി.ജെ.പി ട്രിപ്ലിക്കന്‍ വെസ്റ്റ് മണ്ഡലം സെക്രട്ടറി ഭാസ്കര്‍, പ്രസിഡന്റ് പുരുഷോത്തമന്‍, ഇരുവരുടെയും സുഹൃത്ത് സൂര്യ എന്നിവരാണ് അറസ്റ്റിലായത്. വധഭീഷണിമുഴക്കിയതിനും നാശനഷ്ടങ്ങളുണ്ടാക്കിയതിനുമാണ് കേസ്.

ചെന്നൈയില്‍ ഐസ്ഹൗസ് മുത്തയ്യ സ്ട്രീറ്റിലുള്ള ഹോട്ടലില്‍ കഴിഞ്ഞദിവസം രാത്രിയായിരുന്നു സംഭവം. മുഹമ്മദ് അബൂബക്കര്‍ എന്നയാളുടെ ഹോട്ടലില്‍ രാത്രി ഏറെവൈകിയാണ് മൂവര്‍ സംഘം എത്തിയത്. മദ്യപിച്ചെത്തിയ ഇവര്‍ ബിരിയാണി ആവശ്യപ്പെട്ടപ്പോള്‍ കട അടയ്ക്കുകയാണെന്ന് ജീവനക്കാര്‍ പറഞ്ഞെങ്കിലും സംഘം നിര്‍ബന്ധിച്ച് ഭക്ഷണം പാകംചെയ്യിച്ചു. ഭക്ഷണം കഴിച്ചശേഷം ബില്‍ നല്‍കിയപ്പോള്‍ പണം നല്‍കാന്‍ തയ്യാറായില്ല. അത് ചോദ്യംചെയ്തതോടെ അബൂബക്കറിനെ സംഘം ഭീഷണിപ്പെടുത്തുകയായിരുന്നു. കേന്ദ്രമന്ത്രി അമിത് ഷായുടെ പേഴ്‌സണൽ സെക്രട്ടറിയെ വിളിക്കുമെന്നും താൻവിളിച്ചാൽ വരാൻ ആയിരംപേർ തയ്യാറായിരിക്കുകയാണെന്നും വർഗീയ കലാപമുണ്ടാക്കുമെന്നും ഹോട്ടൽ പ്രവർത്തിക്കാൻ അനുവദിക്കില്ലെന്നും പ്രതികൾ ഭീഷണിപ്പെടുത്തി. അതോടെ അബൂബക്കർ പോലീസിനെ വിളിച്ചുവരുത്തി.

TAGS :

Next Story