ലോകം കീഴടക്കി ഇന്ത്യൻ മിഠായികൾ; കയറ്റുമതിയിൽ 166% റെക്കോർഡ് വര്‍ധന
കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ ടോഫികൾക്കുള്ള വിദേശ ഡിമാൻഡിൽ കുത്തനെ വർധനവുണ്ടായതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ എക്സിലെ ഒരു പോസ്റ്റിൽ വ്യക്തമാക്കി

- Published:
22 May 2026 5:26 PM IST

ഡൽഹി: ഇന്ത്യയുടെ ഐക്കണിക് ടോഫി ബ്രാൻഡായ മെലഡി പ്രധാനമന്ത്രി നരേന്ദ്ര മോദി ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണിക്ക് സമ്മാനമായി നൽകിയത് സോഷ്യൽമീഡിയയിലെങ്ങും തരംഗമായിരുന്നു. ഇതിന് പിന്നാലെയുടെ മെലഡിയുടെ ഡിമാൻഡ് കുത്തനെ കുതിച്ചുയരുകയും പലയിടത്തും കിട്ടാനില്ലാത്ത അവസ്ഥ വരികയും ചെയ്തിരുന്നു. എന്നാൽ മെലഡി മെലോണിയുടെ കൈകളിൽ എത്തുന്നതിന് മുൻപെ തന്നെ ഇന്ത്യൻ ടോഫികൾക്ക് വിദേശരാജ്യങ്ങളിൽ വൻഡിമാന്‍ഡുണ്ടെന്നാണ് കണക്കുകൾ തെളിയിക്കുന്നത്.
കഴിഞ്ഞ ദശകത്തിൽ ഇന്ത്യൻ ടോഫികൾക്കുള്ള വിദേശ ഡിമാൻഡിൽ കുത്തനെ വർധനവുണ്ടായതായി കേന്ദ്ര വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ എക്സിലെ ഒരു പോസ്റ്റിൽ വ്യക്തമാക്കി. കഴിഞ്ഞ 12 വർഷത്തിനിടെ ഇന്ത്യയിൽ നിന്നുള്ള ടോഫി , കാരമൽ ഉൾപ്പെടെയുള്ള മിഠായികളുടെ കയറ്റുമതിയിൽ 166 ശതമാനത്തിന്‍റെ റെക്കോർഡ് വളർച്ചയാണ് രേഖപ്പെടുത്തിയത്.
ഇന്ത്യൻ മിഠായികളുടെ ഈ ആഗോള മുന്നേറ്റത്തെ 'മധുരമുള്ള വിജയഗാഥ' എന്നാണ് മന്ത്രി പീയൂഷ് ഗോയൽ വിശേഷിപ്പിച്ചത്. "ഇന്ത്യയുടെ ടോഫി കഥ കേൾക്കാൻ തീർച്ചയായും ഈണം ഉള്ളതായിരിക്കും" എന്നും "മേഡ് ഇൻ ഇന്ത്യ ടോഫികളുടെ മധുരം ലോകത്തെ അത്ഭുതപ്പെടുത്തുകയാണെന്നും" അദ്ദേഹം തന്‍റെ എക്സ് (X) ഹാൻഡിലിൽ കുറിച്ചു. മന്ത്രി പങ്കുവെച്ച കണക്കുകൾ പ്രകാരം, കയറ്റുമതി മൂല്യം 2013-14 സാമ്പത്തിക വർഷത്തിൽ 49.68 കോടി രൂപയിൽ നിന്ന് 2025-26 സാമ്പത്തിക വർഷത്തിൽ 132 കോടി രൂപയായി ഉയർന്നു.
ബാല്യകാല നൊസ്റ്റാൾജിയയുമായി ബന്ധപ്പെട്ട പ്രാദേശിക മിഠായി ബ്രാൻഡുകൾക്കാണ് ഇപ്പോൾ ആഗോള വിപണിയിൽ വൻ ഡിമാൻഡ് അനുഭവപ്പെടുന്നത്. വിദേശ വിപണികളിൽ ഇന്ത്യൻ മിഠായികൾക്ക് വലിയ രീതിയിലുള്ള സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നതെന്ന് ഈ കണക്കുകൾ വ്യക്തമാക്കുന്നു. ആഗോള മിഠായി മേഖലയിൽ ലോകത്തെ മൂന്നാമത്തെ വലിയ ഉപഭോക്താവും ഉൽപാദകരുമാണ് ഇന്ത്യ.
2024-ൽ ഇന്ത്യയുടെ മധുരപലഹാര ഉപഭോഗം 1.8 ദശലക്ഷം ടണ്ണായിരുന്നു, അതേസമയം ഉത്പാദനം 1.9 ദശലക്ഷം ടണ്ണിലെത്തി. "ഇന്ത്യയിൽ ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന ടോഫി ബ്രാൻഡാണ് പാർലെ മെലഡി. ഇന്ന് 100-ലധികം രാജ്യങ്ങളിൽ ഇത് ലഭ്യമാണ്," പാർലെ പ്രോഡക്‌ട്‌സിന്റെ സിഇഒ മായങ്ക് പ്രവീൺചന്ദ്ര ഷാ എൻഡിടിവിയോട് പറഞ്ഞു .
2024-ൽ ഇന്ത്യയുടെ ഏറ്റവും വലിയ മധുരപലഹാര കയറ്റുമതി വിപണികളിൽ നൈജീരിയ (17 മില്യൺ യുഎസ് ഡോളർ), കാമറൂൺ (14 മില്യൺ യുഎസ് ഡോളർ), ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോ (11 മില്യൺ യുഎസ് ഡോളർ) എന്നിവ ഉൾപ്പെട്ടിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. മൊത്തം കയറ്റുമതി മൂല്യത്തിന്റെ 19 ശതമാനവും ഈ വിപണികളാണ്. കയറ്റുമതിയുടെ 34 ശതമാനം യുഎഇ, അംഗോള, ടാൻസാനിയ, ചാഡ്, സൊമാലിയ, ഘാന, കെനിയ, നേപ്പാൾ, ബെനിൻ, നൈജർ തുടങ്ങിയ രാജ്യങ്ങളിലേക്കാണ്.
India's TOFFEE TALE would surely be melody to the ears!
— Piyush Goyal (@PiyushGoyal) May 20, 2026
Exports have grown nearly 166% since 2013-14. 🍬 pic.twitter.com/EJle6m4BnT
Adjust Story Font
16
